ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നു; സഞ്ജുവിനെ കളിപ്പിക്കാമായിരുന്നെന്ന് മുൻ താരം
Mail This Article
വിശാഖപട്ടണം∙ ശ്രേയസ് അയ്യർക്കു പരുക്കേറ്റ സാഹചര്യത്തില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ എടുക്കാമായിരുന്നെന്ന് മുൻ ഇന്ത്യന്‍ താരം വസീം ജാഫർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും സൂര്യകുമാർ യാദവ് ആദ്യ പന്തുകളിൽ പുറത്തായതിനു പിന്നാലെയാണ് വസീം ജാഫർ നിലപാടു വ്യക്തമാക്കിയത്. സൂര്യകുമാർ യാദവിനെക്കുറിച്ചു സഹതാപമുണ്ടെന്നും മിച്ചൽ സ്റ്റാർക്കിന്റെ ബോളിങ്ങിനെക്കുറിച്ച് സൂര്യ കണക്കുകൂട്ടണമായിരുന്നെന്നും വസീം ജാഫർ പ്രതികരിച്ചു.
‘‘ശ്രേയസ് അയ്യർക്കു പകരം സഞ്ജു സാംസണ് ഒരു അവസരം നൽകുകയെന്നതു മോശം ആശയമൊന്നുമല്ല. കാരണം അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. അദ്ദേഹം നല്ലൊരു ക്രിക്കറ്റ് താരമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സൂര്യകുമാർ യാദവിൽ തന്നെ ഉറച്ചുനില്‍ക്കാനാണു സാധ്യത.’’– വസീം ജാഫർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
‘‘രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ആദ്യ ഏകദിനത്തിലും ഇന്ത്യന്‍ ബാറ്റിങ്ങിൽ ഇങ്ങനെ സംഭവിച്ചതാണ്. പക്ഷേ അപ്പോൾ കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും രക്ഷിക്കാനുണ്ടായിരുന്നു. രണ്ടാം ഏകദിനത്തിൽ അതു സംഭവിച്ചില്ല. ശുഭ്മൻ ഗില്ലും രോഹിത് ശർമയും മോശം ഷോട്ട് കളിച്ചാണു പുറത്തായത്. ഇന്ത്യയുടേത് ശരാശരി ബാറ്റിങ് പ്രകടനം മാത്രമായിരുന്നു. നിലയുറപ്പിച്ച ശേഷമാണ് വിരാട് കോലി വിക്കറ്റ് കളഞ്ഞത്.’’– വസീം ജാഫർ പ്രതികരിച്ചു.
English Summary: Not a bad option to give Samson a chance: Wasim Jaffer