ബോളർമാർ സമയം കളയുന്നു, ധോണി വിലക്കിലാകും എന്നുറപ്പ്: സേവാഗിന്റെ മുന്നറിയിപ്പ്
![jadeja-dhoni രവീന്ദ്ര ജഡേജയും ധോണിയും ബാറ്റിങ്ങിനിടെ (ട്വിറ്റർ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/sports/cricket/images/2023/4/13/jadeja-dhoni.jpg?w=1120&h=583)
Mail This Article
ചെന്നൈ∙ ഐപിഎൽ ടീം ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കു മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗ്. ഇങ്ങനെ പോയാൽ ഐപിഎല്ലിൽ ഓവർ നിരക്കു കുറഞ്ഞതിന്റെ പേരില്‍ ധോണിക്കെതിരെ നടപടി വരുമെന്ന് സേവാഗ് പറഞ്ഞു. ‘‘ചെന്നൈ ബോളർമാർ ഇങ്ങനെ കൈവിട്ടെറിഞ്ഞ് സമയം കളയുകയാണെങ്കിൽ ക്യാപ്റ്റൻ ധോണി ഓവർ നിരക്കു കുറഞ്ഞതിന്റെ പേരിൽ വിലക്കിലാകും എന്നുറപ്പാണ്. അത്രയേറെ വൈഡുകളും നോബോളുകളുമാണ് അവർ എറിയുന്നത്.’’– സേവാഗ് പ്രതികരിച്ചു.
എക്സ്ട്രാ റൺസ് വഴങ്ങുന്നതിനൊപ്പം എത്രയോ സമയവും ഇതോടൊപ്പം നഷ്ടപ്പെടുന്നതായും സേവാഗ് പറഞ്ഞു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 11 എക്സ്ട്രാ റൺസാണ് ചെന്നൈ ബോളർമാർ വഴങ്ങിയത്. നിശ്ചിത സമയത്തിനുള്ളിൽ ടീം ഓവറുകൾ എറിഞ്ഞു തീർത്തില്ലെങ്കിൽ ക്യാപ്റ്റനു പിഴ ലഭിക്കും. 3 തവണ ഇതാവർത്തിച്ചാൽ ഒരു മത്സരത്തിൽനിന്ന് വിലക്കും നേരിടും എന്നതാണ് ഐപിഎൽ ചട്ടം.
അവസാന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ എട്ട് റൺസിനാണു ചെന്നൈ തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുക്കാനേ ആർസിബിക്കു സാധിച്ചുള്ളൂ. വെള്ളിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുകയാണ് ചെന്നൈ സൂപ്പർ കിങ്സ്.
English Summary: MS Dhoni will be banned if CSK bowlers don't buck up: Sehwag