അഫ്ഗാൻ താരത്തെ ഷൂ കാട്ടി, ചൂടായി വിരാട് കോലി, ഇടപെട്ട് ഗംഭീർ; വൻ തർക്കം- വിഡിയോ
Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– ലക്നൗ സൂപ്പർ ജയന്റ്സ് മത്സരത്തിനിടെ ലക്നൗ താരങ്ങളുമായി കൊമ്പുകോർത്ത് ആർസിബി ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിൽ ലക്നൗ ബാറ്റിങ്ങിനിടെയാണ് സംഭവങ്ങളുടെ തുടക്കം. 17–ാം ഓവറിനിടെ വിരാട് കോലി അംപയർമാരുമായി സംസാരിക്കുന്നതും, അവര്‍ കോലിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. എന്നാൽ പിന്നീട് സംഭവത്തിന്റെ പൂർണദൃശ്യങ്ങൾ പുറത്തുവന്നു.
മത്സരത്തിനിടെ വിരാട് കോലി എന്തോ പറയുന്നതും ലക്നൗവിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഇതിനോടു പ്രതികരിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്ന് കോലി അഫ്ഗാൻ താരത്തിന് തന്റെ കാലിലെ ഷൂ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. വിരാട് കോലി എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. അംപയർമാരും ലക്നൗ ബാറ്റർ അമിത് മിശ്രയും വിഷയത്തിൽ ഇടപെടുന്നതും കോലി ഇവരോട് സംസാരിക്കുന്നതും വിഡിയോയിലുണ്ട്.
മത്സരശേഷം വിരാട് കോലിയും നവീനും ഷെയ്ക് ഹാൻഡ് ചെയ്തപ്പോഴും തർക്കമുണ്ടായി. ഏതാനും നേരത്തെ തർക്കത്തിനൊടുവിൽ കോലിയും നവീനും പോയെങ്കിലും പിന്നീട് ലക്നൗ ബാറ്റർ കൈൽ മേയര്‍സ് കോലിയോടു സംസാരിക്കുന്നുണ്ട്. തുടർന്ന് ലക്നൗ ടീമിന്റെ മെന്റർ ഗൗതം ഗംഭീർ വിഷയത്തിൽ ഇടപെട്ടു. ഗംഭീർ നടന്നെത്തി മേയർസിനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഗംഭീർ തിരിച്ചെത്തി കോലിയോട് തർക്കിച്ചു.
ഇരുവരുടേയും സംസാരം നീണ്ടതോടെ ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽവന്ന് ഗംഭീറിനെ തള്ളിക്കൊണ്ടുപോയി. രാഹുൽ മറ്റു താരങ്ങളോടും സംസാരിച്ച് ശാന്തരാക്കി നിർത്തുന്നതും ദൃശ്യങ്ങളിലുണ്ട്. മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 18 റൺസിനാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തോൽപിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ലക്നൗ 19.5 ഓവറിൽ 108 റണ്‍സിന് ഓൾഔട്ടായി.
English Summary: Kohli shows shoe to Naveen, hurls mouthful at Mishra, LSG pacer brushes off handshake after RCB win