ഒരു സീസണിൽ ഒരേ പ്ലേയിങ് ഇലവൻ; ‘തല’യ്ക്ക് വെറും ‘ഇന്റർവെൽ’ അല്ല ഐപിഎൽ; സൂപ്പർ പ്രഫഷനൽ

Mail This Article
രാജ്യാന്തര ക്രിക്കറ്റിന്റെ തിരക്കിനിടയിൽ ലഭിക്കുന്ന ‘ഇന്റർവെൽ’ ആണ് പല താരങ്ങൾക്കും ഐപിഎൽ. പക്ഷേ, ചെന്നൈ സൂപ്പർ കിങ്സിലേക്ക് വരുമ്പോൾ അവരുടെ ‘തല’ എം.എസ്.ധോണിയുടെ നേതൃത്വത്തിലുള്ള 10 മാസത്തെ തയാറെടുപ്പുകളുടെ വിലയിരുത്തലാണ് ഈ രണ്ടു മാസത്തിൽ അവർ നടത്തുന്നത്. ആഭ്യന്തര താരങ്ങളെ കണ്ടെത്തുന്നതു മുതൽ മറ്റ് ക്രിക്കറ്റ് ലീഗുകളിൽ മികവു തെളിയിക്കുന്ന യുവതാരങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവരുന്നതുവരെയുള്ള തയാറെടുപ്പുകൾക്കുള്ള സമയമാണ് ചെന്നൈയ്ക്ക് 2 ഐപിഎൽ സീസണുകൾ തമ്മിലുള്ള ഇടവേള. ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം കിരീടത്തിലെത്തിച്ചതിനു പിന്നിൽ ഇത്തരം ‘സൂപ്പർ പ്രഫഷനൽ’ ആയ കാര്യങ്ങൾ പിന്നെയുമുണ്ട്.
∙ ടീമിന്റെ സ്ഥിരത
ഒരു സീസണിൽ ഒരേ പ്ലേയിങ് ഇലവൻ; കഴിഞ്ഞ 14 സീസണിലും ചെന്നൈ സൂപ്പർ കിങ്സും ക്യാപ്റ്റൻ എം.എസ്.ധോണിയും തുടർന്നുവരുന്ന വിജയമന്ത്രങ്ങളിൽ ഒന്ന് ഇപ്രകാരമാണ്. പ്രകടനം മോശമായാൽ പോലും കളിക്കാരെ പ്ലേയിങ് ഇലവനിൽ നിന്നു മാറ്റാൻ ധോണി തയാറാകാറില്ല. വീണ്ടും വീണ്ടും അവസരം നൽകി അവർക്ക് പരമാവധി ആത്മവിശ്വാസം നൽകുകയും അതുവഴി അവരുടെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുന്നതാണ് ധോണിയുടെ രീതി.
∙ പ്ലാനിങ് പ്രധാനം
എതിർ ടീമിലെ ഓരോ ബാറ്ററെയും പുറത്താക്കാനുള്ള കൃത്യമായ പ്ലാനിങ്ങുമായാണ് ചെന്നൈ ഓരോ മത്സരത്തിനും ഇറങ്ങാറുള്ളത്. ഉദാഹരണമായി ഫൈനലിൽ ഗുജറാത്തിനെ വീഴ്ത്താൻ ആദ്യം ശുഭ്മൻ ഗില്ലിനെ പുറത്താക്കണമെന്ന് ധോണിക്ക് അറിയാമായിരുന്നു.
രണ്ടാം ഓവർ എറിയാനെത്തിയ തുഷാർ ദേശ്പാണ്ഡെയോട് ഗില്ലിന്റെ ബോഡി ലൈനിൽ പന്തുകൾ എറിയാൻ ആവശ്യപ്പെട്ട ധോണി, ഷോർട്ട് സ്ക്വയർ ലെഗിനും ഷോർട്ട് ഫൈൻ ലെഗിനുമിടയിലായി ഒരു ക്യാച്ചിങ് പൊസിഷനിൽ ദീപക് ചാഹറിനെ നിർത്തി.
ഗിൽ രണ്ടാം ഓവറിലെ നാലാം പന്ത് ചാഹറിനു നേരെ കളിച്ചു. എന്നാൽ ചാഹറിന് ക്യാച്ച് കൈപ്പിടിയിൽ ഒതുക്കാനായില്ല. ഇടംകൈ സ്പിന്നർമാരെ നേരിടാൻ ഗില്ലിനുള്ള പ്രയാസം മനസ്സിലാക്കിയാണ് പിന്നാലെ ജഡേജയെ കൊണ്ടുവന്നത്. ജഡേജയുടെ പന്തിൽ ഗില്ലിനെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുകയും ചെയ്തു.
∙ ടീം ഫോർമേഷൻ
വലിയ പേരുകൾക്കു പിന്നാലെ പോകാതെ ടീമിലെ ഓരോ വിഭാഗത്തിലും ആവശ്യമായ താരങ്ങളെ, പ്രത്യേകിച്ച് ആഭ്യന്തര താരങ്ങളെ ടീമിൽ എത്തിക്കുന്നതാണ് ചെന്നൈയുടെ രീതി.
തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ്, സിമ്രൻജീത് സിങ്, അജയ് മണ്ഡൽ, രാജ്‌വർധൻ ഹംഗർഗേക്കർ തുടങ്ങിയ ഒരുപിടി ആഭ്യന്തര പേസർമാരാണ് ഇത്തവണ ചെന്നൈയുടെ ബോളിങ് നിരയിൽ ഉണ്ടായത്.
ശ്രീലങ്കൻ യുവതാരങ്ങളായ മതീഷ പതിരനയെയും മഹീഷ് തീക്ഷണയെയും ടീമിലെത്തിച്ചതും ഈ തന്ത്രത്തിന്റെ ഭാഗമായിരുന്നു.
∙ എക്സ് ഫാക്ടർ
എല്ലാ സീസണിലും ടീമിന്റെ പ്രകടനത്തിൽ നിർണായകമായേക്കാവുന്ന ഒന്നോ രണ്ടോ താരങ്ങളെ ചെന്നൈ ടീമിൽ എത്തിക്കാറുണ്ട്. അജിൻക്യ രഹാനെയുടെ വരവ് അത്തരത്തിൽ ഒന്നായിരുന്നു. ട്വന്റി20 ഫോർമാറ്റിന് ചേരാത്ത താരമെന്ന മുദ്രകുത്തപ്പെട്ട്, മറ്റ് ടീമുകളെല്ലാം തഴഞ്ഞ രഹാനെയെ ചെന്നൈ സ്വന്തമാക്കി. ഈ സീസണിൽ 172.48 സ്ട്രൈക്ക് റേറ്റിൽ 326 റൺസാണ് രഹാനെ നേടിയത്. ഇങ്ങനെ മറ്റു ടീമുകൾ എഴുതിത്തള്ളിയ താരങ്ങളെ ടീമിലെത്തിച്ച് അവരെ ടീമിന്റെ എക്സ് ഫാക്ടറാക്കി മാറ്റാനുള്ള കഴിവ് ചെന്നൈ സൂപ്പർ കിങ്സിനു മാത്രം അവകാശപ്പെട്ടത്.
English Summary : Formation of Chennai Super Kings new team