പാക്കിസ്ഥാനിൽ കുഴപ്പമില്ല; ലങ്കയിൽ ബെറ്റിങ് പരസ്യം ‘വേണ്ടെന്ന്’ പാക്ക് താരങ്ങള്‍
Mail This Article
കൊളംബോ∙ ശ്രീലങ്കൻ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിൽ കളിക്കാൻ ഉപാധി വച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പാക്ക് താരങ്ങൾ. ടീം സ്പോൺസർമാരായ ബെറ്റിങ് കമ്പനിയുടെ പേര് ജഴ്സിയിൽ ധരിക്കില്ലെന്നാണ് ബാബർ അസമിന്റെ നിലപാട്. ബെറ്റിങ് സ്ഥാപനങ്ങളുടെ ഒരു പരസ്യത്തിലും സഹകരിക്കില്ലെന്നും കരാറിൽ ബാബര്‍ അസം വ്യക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ബാബറിന് സമാനമായി ലങ്കൻ പ്രീമിയർ ലീഗിൽ കളിക്കുന്ന മറ്റു പാക്കിസ്ഥാൻ താരങ്ങളും ഇതേ നിലപാടാണു സ്വീകരിക്കുന്നതെന്നാണു വിവരം. അതേസമയം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ പല ടീമുകളുടെയും പ്രധാന സ്പോൺസർമാർ ബെറ്റിങ് കമ്പനികളാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ബെറ്റിങ് കമ്പനിയുടെ പരസ്യമുള്ള ജഴ്സി ധരിക്കാതെയാണ് മുഹമ്മദ് റിസ്വാൻ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ലീഗിൽ ജഴ്സി സ്പോൺസർമാരായി ബെറ്റിങ് കമ്പനികളുണ്ടായിരുന്നപ്പോൾ പരാതിയില്ലാതെ കളിച്ചിരുന്ന താരങ്ങളാണ്, ശ്രീലങ്കയിൽ ബെറ്റിങ് കമ്പനികൾക്കെതിരെ നിലപാടെടുക്കുന്നതെന്നതാണു ശ്രദ്ധേയം.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർമാരിൽ ഒന്നും ബെറ്റിങ് കമ്പനിയാണ്. ലങ്കൻ പ്രീമിയർ ലീഗിൽ കൊളംബോ സ്ട്രൈക്കേർസ് ടീമിന്റെ ക്യാപ്റ്റനാണ് ബാബർ അസം. ജൂലൈ 30 മുതൽ ഓഗസ്റ്റ് 22 വരെയാണ് ഈ വർഷത്തെ ടൂർണമെന്റ് നടക്കുക. ടെസ്റ്റ് പരമ്പരയ്ക്കായി ലങ്കയിലുള്ള ബാബർ അസം മത്സരങ്ങൾക്കു ശേഷം കൊളംബോ ടീമിനൊപ്പം ചേരും.
English Summary: Unlike PSL, Babar Azam Refuses To Endorse Betting Firm