166ന് ഓൾഔട്ട്; രണ്ടാം ടെസ്റ്റിലും തളർന്ന് ലങ്ക

Mail This Article
കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം പാക്കിസ്ഥാൻ ശ്രീലങ്കയെ 166 റൺസിനു പുറത്താക്കി. ലെഗ് സ്പിന്നർ അബ്രാർ അഹമ്മദ് (69 റൺസ് വഴങ്ങി 4 വിക്കറ്റ്), പേസർ നസീം ഷാ (41 റൺസ് വഴങ്ങി 3 വിക്കറ്റ്) എന്നിവരാണ് ആതിഥേയരെ കാലുറപ്പിക്കാൻ അനുവദിക്കാതെ കടപുഴക്കിയത്. മറുപടി ബാറ്റിങ്ങിൽ 2ന് 145ലാണ് പാക്കിസ്ഥാൻ. ലങ്കൻ ഇന്നിങ്സിനെക്കാൾ 21 റൺസ് പിന്നിൽ.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ശ്രീലങ്കയെ തുടക്കം മുതൽ ദൗർഭാഗ്യം തിരിഞ്ഞുകൊത്തിക്കൊണ്ടിരുന്നു. മൂന്നാം ഓവറിൽ ഓപ്പണർ നിഷാൻ മധുഷ്ക റണ്ണൗട്ടായതോടെയാണ് വിക്കറ്റ് പൊഴിച്ചിൽ ആരംഭിച്ചത്.
ഷാൻ മസൂദിന്റെ ഡയറക്ട് ത്രോയിലായിരുന്നു കുറ്റി തെറിച്ചത്. വാലറ്റക്കാരൻ പ്രഭാത് ജയസൂര്യയെയും ഷാൻ മസൂദ് റണ്ണൗട്ടാക്കി. ഗോളിൽ നടന്ന ആദ്യ ടെസ്റ്റിൽ 4 വിക്കറ്റ് ജയം നേടിയ പാക്കിസ്ഥാൻ 2 മത്സര പരമ്പരയിൽ 1–0ന് മുന്നിലാണ്.
English Summary: Sri Lanka vs Pakistan second test updates