തകർപ്പൻ ഫോമിലായിട്ടും ആർക്കും വേണ്ട; ലേലത്തിനു പിന്നാലെ ഇംഗ്ലിഷ് ബാറ്ററുടെ വെടിക്കെട്ട് സെഞ്ചറി

Mail This Article
ട്രിനിഡാഡ്∙ രാജ്യാന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിൽ നിൽക്കുമ്പോഴും ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഇംഗ്ലിഷ് താരം ഫിൽ സാൾട്ടിനെ വാങ്ങാൻ ആളില്ല. 1.5 കോടി അടിസ്ഥാന വിലയിട്ടിരുന്ന താരത്തെ വാങ്ങാൻ ലേലത്തിൽ ആരും മുന്നോട്ടുവന്നില്ല. ഇതിനു പിന്നാലെ താരം വെസ്റ്റിന്‍ഡീസിനെതിരായ നാലാം ട്വന്റി20യിൽ സെഞ്ചറി നേടുകയും ചെയ്തു. ഡിസംബർ 16 ന് നടന്ന മൂന്നാം മത്സരത്തിലും സാൾട്ട് സെഞ്ചറി അടിച്ചിരുന്നു.
56 പന്തുകളിൽ 109 റൺസാണു പുറത്താകാതെ താരം നേടിയത്. ഐപിഎൽ ലേലം നടന്ന ചൊവ്വാഴ്ച തന്നെയായിരുന്നു പരമ്പരയിലെ നാലാം പോരാട്ടം. 57 പന്തുകളിൽനിന്നു താരം അടിച്ചുകൂട്ടിയത് 119 റൺസ്. ലേലത്തിൽ ആരും പരിഗണിക്കാത്തതിലുള്ള നിരാശയും ഫിൽ സാൾട്ട് പങ്കുവച്ചു. ഐപിഎല്ലിൽ അവസരം കിട്ടാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണെന്നാണു താരം പ്രതികരിച്ചത്. ആരെങ്കിലും തനിക്കു വേണ്ടി മുന്നോട്ടു വരുമെന്നായിരുന്നു പ്രതീക്ഷയെന്നും സാൾട്ട് പറഞ്ഞു.
എങ്ങനെയാണ് ഇദ്ദേഹത്തെ ഐപിഎല്ലിൽ എടുക്കാതിരുന്നതെന്ന് ഇംഗ്ലിഷ് ക്രിക്കറ്റ് ടീം സമൂഹമാധ്യമ അക്കൗണ്ടിൽ പ്രതികരിച്ചു. നാലാം ട്വന്റി20യിൽ പ്ലേയർ ഓഫ് ദ് മാച്ചും ഫിൽ സാള്‍ട്ടാണ്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഓപ്പണർ സാൾട്ടിന്റെ കരുത്തിൽ നേടിയത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 267 റൺസ്. മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ 192 റൺസെടുത്ത് വെസ്റ്റിൻഡീസ് ഓൾഔട്ടായി. 75 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2–2 എന്ന നിലയിലാണ്.