ഒരു മാറ്റവുമില്ല! പാക്കിസ്ഥാൻ ലീഗിനിടെ രണ്ടു ബാറ്റർമാർ ഒരേ ക്രീസില്‍, റൺഔട്ടായി സർഫറാസ്
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ സിംഗിൾ എടുക്കാനുള്ള ശ്രമത്തിനിടെ വിചിത്രമായ രീതിയിൽ പുറത്തായി പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ സര്‍ഫറാസ് അഹമ്മദ്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് താരമായ സർഫറാസ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ റിലീ റൂസോയുമായുണ്ടായ ആശയക്കുഴപ്പത്തിനൊടുവിലാണു പുറത്തായത്. മോശം ഫോമിൽ തുടരുന്ന സർഫറാസ് കറാച്ചി കിങ്സിനെതിരെ എട്ടു പന്തിൽ ഏഴു റൺസ് മാത്രമെടുത്തു പുറത്തായി.
ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ബാറ്റിങ്ങിനിടെ 12–ാം ഓവറിലായിരുന്നു സംഭവം. കറാച്ചി ബോളർ ബ്ലെസിങ് മുസർബാനിയുടെ പന്ത് ശുഐബ് മാലിക്കിനു നേരെ അടിച്ച സർഫറാസ് സിംഗിളിനായി ശ്രമിക്കുകയായിരുന്നു. മുന്നോട്ടു കുതിച്ച സർഫറാസ് പിന്നോട്ടുപോയെങ്കിലും, റിലീ റൂസോ സ്ട്രൈക്കേഴ്സ് എൻഡിൽ എത്തിയിരുന്നു. ഇതോടെ ഒരു ക്രീസിൽ രണ്ടു ബാറ്റർമാരായി. സർഫറാസ് വീണ്ടും നോൺ സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക് ഓടിയെങ്കിലും റൺഔട്ടാകുകയായിരുന്നു.
റണ്‍ഔട്ടിനുള്ള ശുഐബ് മാലിക്കിന്റെ ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും പന്തു പിടിച്ചെടുത്ത ബോളർ മുസർബാനി ബെയ്ൽസ് ഇളക്കി. ഇതോടെ സർഫറാസ് നിരാശയോെട ഡ്രസിങ് റൂമിലേക്കു മടങ്ങി. ആദ്യം ബാറ്റു ചെയ്ത ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് 19.1 ഓവറിൽ 118 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കറാച്ചി 15.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.