36 ക്യാച്ചുകൾ പാഴായതിന് ആരാണ് ഉത്തരവാദി? പോയി നാടകത്തിൽ ചേര്: പാക്ക് താരത്തിനെതിരെ വാസിം അക്രം
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ ക്രിക്കറ്റ് താരം അബ്ദുല്ല ഷഫീഖ് നടത്തിയ ആഘോഷ പ്രകടനത്തിൽ രൂക്ഷവിമർശനവുമായി മുൻ താരം വാസിം അക്രം. ലഹോർ ക്വാലാൻഡേഴ്സും ഇസ്‍ലാമബാദ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു തകർപ്പനൊരു ക്യാച്ചെടുത്ത താരത്തിന്റെ ആഘോഷ പ്രകടനം. അബ്ദുല്ല ഷഫീഖിനെതിരെ അടുത്തിടെ ഉയർന്നുവന്ന വിമര്‍ശനങ്ങൾക്കു മറുപടിയെന്നോളം വിരൽ ചുണ്ടത്തുവച്ചായിരുന്നു താരം ഇത് ആഘോഷിച്ചത്. മികച്ച ക്യാച്ചായിരുന്നെങ്കിലും ആഘോഷം അതിരുവിട്ടതായിരുന്നെന്നാണ് വാസിം അക്രമിന്റെ നിലപാട്.
അബ്ദുല്ല ഷഫീഖ് നാടകത്തിൽ ചേരുന്നതാണു നല്ലതെന്ന് വാസിം അക്രം വിമർശിച്ചു. ‘‘ഒരു സംശയവുമില്ല അതു നല്ല ക്യാച്ചായിരുന്നു. പക്ഷേ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ 36 ക്യാച്ചുകൾ പാഴാക്കിയതിന് ആരാണ് ഉത്തരവാദി? അതിന് ആരാണു മറുപടി പറയുക? അബ്ദുല്ല ഷഫീഖ് ക്രിക്കറ്റിൽ പ്രവർത്തിക്കുന്നതിനേക്കാളും നാടകത്തിൽ ചേരുന്നതാണു നല്ലത്.’’– വാസിം അക്രം ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു.
എന്നാൽ വാസിം അക്രമിനെ ചോദ്യം ചെയ്യാൻ താൻ ആയിട്ടില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ‘‘അത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം ക്രിക്കറ്റ് കളിച്ചിട്ടുള്ള ആളാണ്. അതുകൊണ്ടു തന്നെ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ സാധിക്കും. ഒന്നും ആലോചിച്ചിട്ടല്ല അങ്ങനെ ആഘോഷിച്ചത്. മത്സരത്തിന്റെ വാശിയേറിയ സാഹചര്യത്തിൽ അതു സംഭവിച്ചുപോയതാണ്.’’– അബ്ദുല്ല ഷഫീഖ് വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.