‘ഇത് പാക്കിസ്ഥാൻ സ്മോക്കിങ് ലീഗോ?’, ഫൈനലിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ച് പാക്ക് താരം- വിഡിയോ
Mail This Article
ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ സൂപ്പർ ലീഗ് ഫൈനൽ പോരാട്ടത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് സിഗരറ്റ് വലിച്ച് ഇസ്‍ലാമബാദ് യുണൈറ്റഡ് ഓൾറൗണ്ടർ ഇമാദ് വാസിം. മത്സരത്തിനിടെ ഡ്രസിങ് റൂമിൽനിന്നുള്ള ദൃശ്യങ്ങൾ ക്യാമറയില്‍ പകർത്തിയപ്പോഴാണ് ഇമാദ് വാസിം പുകവലിക്കുന്നത് പുറത്തായത്. സംഭവം ടിവിയിൽ ലൈവായി ജനം കണ്ടതോടെ വൻ വിവാദമായി. പാക്ക് താരത്തിന്റെ പുകവലി സമൂഹമാധ്യമത്തിൽ വൈറലാണ്.
Read Also: രാജസ്ഥാൻ ട്രോളൻസ്, ബാംഗ്ലൂരിന്റെ കിരീടനേട്ടത്തെ ട്രോളി സഞ്ജുവിന്റെ റോയൽസ്
താരത്തിനെതിരെ വിമർശനവും കടുക്കുകയാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇമാദ് വാസിമാണു കളിയിലെ താരം. നാല് ഓവറുകൾ പന്തെറിഞ്ഞ താരം 23 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ സുൽത്താൻസ് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണു നേടിയത്. മറുപടിയിൽ ഇസ്‍ലാമബാദ് യുണൈറ്റഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു.
അവസാന പന്തിൽ വിജയ റൺസ് കണ്ടെത്തിയ ഇസ്‍ലാമബാദ് രണ്ടു വിക്കറ്റ് വിജയമാണു മത്സരത്തിൽ നേടിയത്. 17 പന്തുകൾ നേരിട്ട ഇമാദ് വാസിം 19 റൺസെടുത്തു പുറത്താകാതെനിന്നു. 35 വയസ്സുകാരനായ ഇമാദ് വാസിം ഏകദിനത്തിൽ 55 മത്സരങ്ങളും ട്വന്റി20യിൽ 66 മത്സരങ്ങളും പാക്കിസ്ഥാനു വേണ്ടി കളിച്ചിട്ടുണ്ട്.