‘ബോളർമാരുടേത് നല്ല പ്രകടനം, പക്ഷേ...’; റെക്കോർഡ് സ്കോർ വഴങ്ങിയതിൽ പ്രതികരിച്ച് ഹാർദിക്

Mail This Article
ഹൈദരാബാദ് ∙ ബോളർമാരെ അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിട്ട മത്സരത്തിനാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രണ്ട് ഇന്നിങ്സിലുമായി 523 റൺസ് പിറന്ന മത്സരം ഐപിഎലിലെ പല റെക്കോർഡുകളും മാറ്റിക്കുറിക്കുന്നതായി. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്സ് സ്കോറാണ് സൺറൈസേഴ്സ് സ്വന്തം തട്ടകത്തിൽ കുറിച്ചത്. എന്നാൽ ബോളർമാർ നന്നായി പന്തെറിഞ്ഞുവെന്നാണ് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പക്ഷം. മത്സരശേഷമുള്ള പ്രസന്റേഷൻ സെറിമണിയിലാണ് ഹാർദിക് തന്റെ നിരീക്ഷണം പങ്കുവച്ചത്.
‘‘ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഹൈദരാബാദിലേത്. എന്നാൽ 277 എന്നത് വളരെ വലിയ സ്കോറാണ്. എതിർ ടീം അത്രയും റൺസ് നേടുകയെന്നാൽ അവർ മികച്ച രീതിയിൽ ബാറ്റു ചെയ്തെന്നു വേണം മനസ്സിലാക്കാൻ. മത്സരത്തിൽ 500ലേറെ റൺസ് പിറന്നു. മുംബൈയ്ക്ക് വേണ്ടി ഇഷാൻ കിഷൻ, രോഹിത്, തിലക് എല്ലാം നന്നായി ബാറ്റു ചെയ്തു. ബോളർമാർ നന്നായി പന്തെറിഞ്ഞു. ഇടയ്ക്ക് ഞങ്ങൾ തന്ത്രം മാറ്റിനോക്കി. എന്നാൽ ഇവിടെ മികച്ച ബോളിങ് പ്രകടനം പുറത്തെടുക്കുക എന്നത് അൽപം ദുഷ്കരമാണ്’’ –ഹാർദിക് പറഞ്ഞു.
മത്സരത്തിൽ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ക്വേന മഫാകയെ ഹാർദിക് പിന്തുണച്ചു. മഫാകയുടെ ആദ്യ മത്സരമാണിതെന്നും കുറച്ചു മത്സരങ്ങൾക്കു ശേഷം മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാവുമെന്നും ഹാർദിക് പറഞ്ഞു. 4 ഓവറിൽ 66 റൺസാണ് മഫാക വിട്ടുനൽകിയത്. മത്സരം നന്നായി ആസ്വദിച്ചെന്ന് സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമിൻസ് പ്രതികരിച്ചു. മുംബൈ ബാറ്റർമാരും നന്നായി കളിച്ചെന്നും എന്നാൽ മികച്ച രീതിയിൽ ഫിനിഷ് ചെയ്യാനായത് തങ്ങൾക്കാണെന്നും കമിൻസ് പറഞ്ഞു. മത്സരത്തിലാകെ 38 സിക്സറുകളാണ് പിറന്നത്.