ശശാങ്ക് സിങ്ങും അശുതോഷും നിന്നടിച്ചിട്ടും പഞ്ചാബ് ജയിച്ചില്ല, അവസാന ഓവറിൽ വിജയം പിടിച്ചെടുത്ത് ജയ്ദേവ് ഉനദ്കട്ട്

Mail This Article
മുല്ലാംപുർ (ചണ്ഡിഗഡ്) ∙ ഗുജറാത്തിനെതിരെ അവിശ്വസനീയ ജയം സമ്മാനിച്ച ശശാങ്ക് സിങ്– അശുതോഷ് ശർമ കൂട്ടുകെട്ട്, ഹൈദരാബാദിനെതിരെയും തങ്ങളുടെ രക്ഷകരാകുമെന്ന് അവസാന നിമിഷം വരെ പഞ്ചാബ് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ വിജയത്തിന്റെ പടിവാതിൽ വരെ പഞ്ചാബിനെ എത്തിക്കാനേ ഇരുവർക്കും സാധിച്ചുള്ളൂ. അവസാന പന്തുവരെ ആവേശം നിറഞ്ഞ ഐപിഎൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 2 റൺസ് ജയം.
ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ ആവശ്യം. ആദ്യ പന്തിൽ അശുതോഷിന്റെ (15 പന്തിൽ 33 നോട്ടൗട്ട്) സിക്സർ. അടുത്ത രണ്ടു പന്തുകൾ വൈഡ്. വീണ്ടും സിക്സ്. അടുത്ത രണ്ടു പന്തിലും രണ്ടു റൺ വീതം. വീണ്ടുമൊരു വൈഡ്. 2 പന്തിൽ ആവശ്യം 10 റൺസ്. എന്നാൽ അഞ്ചാം പന്തിൽ സിംഗിൾ നേടാനേ അശുതോഷിന് സാധിച്ചുള്ളൂ. അവസാന പന്തിൽ ശശാങ്ക് (25 പന്തിൽ 46 നോട്ടൗട്ട്) സിക്സ് നേടിയെങ്കിലും ജയിക്കാൻ അതു പോരായിരുന്നു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 9ന് 182. പഞ്ചാബ് 20 ഓവറിൽ 6ന് 180. അർധ സെഞ്ചറി നേടിയ ഹൈദരാബാദ് താരം നിതീഷ് റെഡ്ഡിയാണ് (64) പ്ലെയർ ഓഫ് ദ് മാച്ച്.
അടി, തിരിച്ചടി
183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് തുടക്കത്തിൽ തന്നെ ഓപ്പണർ ജോണി ബെയർസ്റ്റോയെയും (0) പിന്നാലെ പ്രഭ്സിമ്രാൻ സിങ് (4), ശിഖർ ധവാൻ (14) എന്നിവരെയും നഷ്ടപ്പെട്ടു. 3ന് 20 എന്ന സ്കോറിലേക്കു വീണ പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് സാം കറൻ (29)– സിക്കന്ദർ റാസ (28) കൂട്ടുകെട്ടാണ്. ഇരുവരും മടങ്ങിയതോടെ ജയമുറപ്പിച്ച ഹൈദരാബാദിനെ, ഏഴാം വിക്കറ്റിൽ 27 പന്തിൽ 66 റൺസ് ചേർത്ത ശശാങ്ക്– അശുതോഷ് സഖ്യം അവസാന നിമിഷം വരെ വിറപ്പിച്ചു.
ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനും കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. ട്രാവിസ് ഹെഡ് (21), അഭിഷേക് ശർമ (16), എയ്ഡൻ മാർക്രം (0) എന്നിവരെ തുടക്കത്തിലേ നഷ്ടമായ ഹൈദരാബാദ് ഒരു ഘട്ടത്തിൽ 3ന് 39 എന്ന നിലയിലായിരുന്നു. മധ്യ ഓവറുകളിൽ യുവതാരം നിതീഷ് റെഡ്ഡി (37 പന്തിൽ 64) നടത്തിയ കൗണ്ടർ അറ്റാക്കാണ് ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.4 ഓവറിൽ 29 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്.