ഐപിഎല്ലിൽ ഒന്നും അസാധ്യമല്ല, സ്റ്റോയ്നിസിന്റെ മിന്നലടിയിൽ വിറച്ച് ചെന്നൈ സൂപ്പർ കിങ്സ്
Mail This Article
ചെന്നൈ ∙ ഐപിഎൽ റൺചേസിൽ ഒന്നും അസാധ്യമല്ലെന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഓസ്ട്രേലിയൻ താരം മാർകസ് സ്റ്റോയ്നിസ് തെളിയിച്ചു; സെഞ്ചറി കനമുള്ള തന്റെ ബാറ്റുകൊണ്ട‌്. ഋതുരാജ് ഗെയ്ക്‌വാദിന്റെയും (60 പന്തിൽ 108 നോട്ടൗട്ട്) ഓൾറൗണ്ടർ ശിവം ദുബെയുടെയും (22 പന്തിൽ 66) മിന്നൽ ബാറ്റിങ്ങിലൂടെ കൂറ്റൻ സ്കോറുയർത്തിയ ചെന്നൈയ്ക്ക് ലക്നൗ മറുപടി നൽകിയത് സ്റ്റോയ്നിസിന്റെ ഒറ്റയാൻ പ്രകടനത്തിലൂടെ (63 പന്തിൽ 124 നോട്ടൗട്ട്) .
211 റൺസ് വിജയലക്ഷ്യം 3 പന്തുകൾ ശേഷിക്കെ മറികടന്ന ലക്നൗവിന് 6 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. ഐപിഎൽ റൺചേസിലെ ഉയർന്ന വ്യക്തിഗത സ്കോർ നേടിയാണ് സ്റ്റോയ്നിസ് ടീമിനെ വിജയത്തിലെത്തിച്ചത്. സ്കോർ: ചെന്നൈ– 20 ഓവറിൽ 4ന് 210. ലക്നൗ– 19.3 ഓവറിൽ 4ന് 213. രണ്ടാം ഇന്നിങ്സിന്റെ ആദ്യ പത്തോവർ വരെ ചെന്നൈയുടെ കൈപ്പിടിയിലായിരുന്ന മത്സരമാണ് അവസാന ഓവറുകളിലൂടെ മിന്നലടികളിലൂടെ സ്റ്റോയ്നിസ് തിരിച്ചുപിടിച്ചത്.
മൂന്നാം പന്തിൽ ക്വിന്റൻ ഡികോക്കിനെയും (0) അഞ്ചാം ഓവറിൽ കെ.എൽ.രാഹുലിനെയും (16) നഷ്ടമായതോടെ ലക്നൗവിന്റെ പോരാട്ടം അവസാനിച്ചെന്നാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ചെന്നൈ ആരാധകർ കരുതിയത്. എന്നാൽ നാലാം വിക്കറ്റിൽ 34 പന്തിൽ 70 റൺസ് നേടിയ നിക്കോളാസ് പുരാൻ (15 പന്തിൽ 34)– സ്റ്റോയ്നിസ് കൂട്ടുകെട്ട് ലക്നൗ ക്യാംപിന് പ്രതീക്ഷ നൽകി. പുരാൻ പുറത്തായശേഷം ദീപക് ഹൂഡയ്ക്കൊപ്പം (17 നോട്ടൗട്ട്) 19 പന്തിൽ 55 റൺസ് നേടി സ്റ്റോയ്നിസ് അവിശ്വസനീയ ജയമുറപ്പിച്ചു.
പാഴായ പോരാട്ടം
നേരത്തേ അജിൻക്യ രഹാനെയെയും (1) ഡാരിൽ മിച്ചലിനെയും (11) തുടക്കത്തിലേ നഷ്ടമായ ചെന്നൈ കൂറ്റൻ സ്കോറിലേക്കു കുതിച്ചത് ക്യാപ്റ്റൻ ഗെയ്ക്‌വാദിന്റെ ചിറകിലേറിയാണ്. 12 ഫോറും 3 സിക്സും പറത്തിയ ചെന്നൈ ക്യാപ്റ്റൻ 54 പന്തുകളിൽ സെഞ്ചറി തികച്ചു. ആദ്യ 10 ഓവറിൽ 85 റൺസ് നേടിയ ചെന്നൈ ബാറ്റിങ് നിര തകർത്തടിക്കാൻ തുടങ്ങിയത് 12–ാം ഓവറിൽ ശിവം ദുബെയുടെ വരവോടെയാണ്.