ശുഭ്മൻ ഗില്‍– റിഥിമ പണ്ഡിറ്റ് വിവാഹം ഡിസംബറിലോ? അഭ്യൂഹങ്ങൾ തള്ളി നടി

Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മൻ ഗില്ലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് നടി റിഥിമ പണ്ഡിറ്റ്. ഗില്ലും റിഥിമയും വിവാഹിതരാകാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടിയുടെ പ്രതികരണം. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ‘‘ആളുകളുടെ ഭാവനയ്ക്ക് അനുസരിച്ച് ഉണ്ടാക്കുന്ന കാര്യമാണ് ഇതെന്നു തോന്നുന്നു. ആരോ ഉണ്ടാക്കി വിടുന്നു, ഇതു സമൂഹമാധ്യമത്തിൽ വൈറലാക്കുന്നു.’’– റിഥിമ വ്യക്തമാക്കി.
‘‘എനിക്ക് ശുഭ്മൻ ഗില്ലിനെ വ്യക്തിപരമായി പരിചയമില്ല. രാവിലെ മുതൽ എനിക്ക് അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഗോസിപ്പുകൾ തള്ളി ക്ഷീണിച്ചു. തുടർന്നാണ് സമൂഹമാധ്യമത്തിൽ പ്രതികരിക്കാൻ തീരുമാനിച്ചത്.’’– റിഥിമ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
‘‘വിവാഹിതയാകാൻ താൽപര്യമുണ്ട്. പക്ഷേ ഇത്തരം അഭ്യൂഹങ്ങൾ ഉള്ളതിനാൽ ശരിയായ പങ്കാളിയെ കണ്ടെത്താൻ സാധിക്കുന്നില്ല. എന്റെ ജീവിതത്തിൽ അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഞാൻ തന്നെ അതു പറഞ്ഞോളാം. ഇപ്പോൾ ഒന്നും ഉണ്ടായിട്ടില്ല.’’– റിഥിമ പ്രതികരിച്ചു. നടിയുടെ ഇൻസ്റ്റഗ്രാമിലെ സ്റ്റാറ്റസ് അൽപ നേരത്തിനുശേഷം നീക്കം ചെയ്തിട്ടുണ്ട്.
33 വയസ്സുകാരിയായ റിഥിമ ഹിന്ദി ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം വിശ്രമത്തിലാണ് ശുഭ്മൻ ഗിൽ. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്നു ഗിൽ. ഗിൽ നയിച്ച ആദ്യ സീസണിൽ ടീം പ്ലേഓഫ് കാണാതെ പുറത്തായിരുന്നു.