ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് നേടിയതിന്റെ ആരവം ഇനിയും അവസാനിച്ചിട്ടില്ല. രണ്ടാഴ്ച മുൻപ് നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോകകിരീടം ചൂടിയത്. പതിനൊന്ന് വർഷത്തിനുശേഷമാണ് ഇന്ത്യ ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. 2013ൽ എം.എസ്.ധോണിയുടെ കീഴിൽ ചാംപ്യൻസ് ട്രോഫി കിരീടമാണ് ഇതിനു മുൻപ് ഇന്ത്യ നേടിയ ഐസിസി കിരീടം. ധോണിയുടെ പിൻഗാമിയായി എത്തിയ വിരാട് കോലി, ഒരു ഐസിസി കിരീടം പോലുമില്ലാതെയാണ് നായകസ്ഥാനത്തുനിന്നു പടിയിറങ്ങിയത്.

ഒരു പതിറ്റാണ്ടിനിറപ്പുറം രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യയ്ക്ക് ഒരു ഐസിസി കിരീടം ലഭിക്കുന്നത്. എന്നാൽ വിരാട് കോലിയിൽനിന്നും നായകസ്ഥാനം രോഹിത് ശർമയ്ക്ക് നൽകിയപ്പോൾ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. അന്നു ബിസിസിഐ പ്രസിഡന്റായിരുന്ന മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ഏറെ വിമർശനം നേരിട്ടു. എന്നാൽ ഇന്ന് അതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി.

ഇന്ത്യൻ ടീമിന്റെ നായകൻ എന്ന നിലയിൽ രോഹിത് ശർമയുടെ വിജയം ഇന്ത്യ മുഴുവൻ ആഘോഷിക്കുമ്പോൾ, ഹിറ്റ്മാനെ ക്യാപ്റ്റനാക്കുക എന്നത് തന്റെ തീരുമാനമായിരുന്നെന്ന് ആരു മറന്നുപോകരുതെന്ന് ഗാംഗുലി പറയുന്നു. ‘‘രോഹിത്തിന് ക്യാപ്റ്റൻസി കൈമാറിയപ്പോൾ ഞാൻ ഏറെ പഴി കേട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ നമ്മൾ ഒരു ട്രോഫി നേടി, ആരും എന്നെ അധിക്ഷേപിക്കുന്നില്ല. അദ്ദേഹത്തെ ഞാനാണ് ക്യാപ്റ്റനാക്കിയതെന്ന കാര്യം എല്ലാവരും മറന്നു.’’– ഗാംഗുലി ബംഗ്ലാ ദിനപത്രമായ ആജ്കാലിനോട് പറഞ്ഞു.

ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം കോലി ഉപേക്ഷിച്ചതിനു പിന്നാലെയാണ് ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് കോലിയെ നീക്കുന്നത്. അധികംവൈകാതെ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ സ്ഥാനവും കോലി ഒഴിഞ്ഞു. ഇതോടെയാണ് മൂന്നു ഫോർമാറ്റുകളിലും രോഹിത് ശർമയെ ക്യാപ്റ്റനാക്കാൻ ബിസിസിഐ തീരുമാനിക്കുന്നത്. ക്യാപ്റ്റൻസി മാറ്റത്തിന്റെ പേരിൽ, പ്രത്യേകിച്ച് അതു നടപ്പാക്കിയ രീതി സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റായിരുന്നു ഗാംഗുലി ഏറെ വിമർശനം നേരിട്ടു. ആരാധാകരും ചില മുൻ താരങ്ങളും വരെ ഗാംഗുലിക്കെതിരെ രംഗത്തെത്തി.

ഇതോടെയാണ്, ലോകകപ്പ് ജയത്തിന്റെ ആഘോഷങ്ങൾക്കിടയിൽ രോഹിത്തിനെ ക്യാപ്റ്റനാക്കിയത് താനാണെന്ന് മറന്നുപോകരുതെന്ന് ഗാംഗുലി പറഞ്ഞത്. ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏകദിനത്തിലും ടെസ്റ്റിലും ഇരുവരും തുടരും.

English Summary:

Sourav Ganguly, Criticised For Making Rohit Sharma Team India Captain, Fires Back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com