രക്ഷകരായി ജലജ് സക്സേന (84) സൽമാൻ നിസാർ (64*), അസ്ഹറുദ്ദീൻ (30*); ബംഗാളിനെതിരെ കേരളം 7ന് 267 റൺസ്!

Mail This Article
കൊൽക്കത്ത∙ മഴയ്ക്കൊപ്പം ബംഗാൾ ബോളർമാരും വില്ലൻമാരായപ്പോൾ ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ കേരളത്തിന്, ഒടുവിൽ ഒരുകൈ സഹായവുമായി അതിഥി താരം ജലജ് സക്സേനയും സൽമാൻ നിസാറും. തകർപ്പൻ അർധസെഞ്ചറികളുമായി ബംഗാൾ ആക്രമണത്തെ ചെറുത്തുനിന്ന ഇരുവരുടെയും മികവിൽ, മൂന്നാം ദിനം കളി നിർത്തുമ്പോൾ 102 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് എന്ന നിലയിലാണ് കേരളം. ജലജ് സക്സേന 162 പന്തിൽ 12 ഫോറുകൾ സഹിതം 84 റൺസെടുത്ത് പുറത്തായപ്പോൾ, സല്‍മാൻ നിസാർ 205 പന്തിൽ ആറു ഫോർ സഹിതം 64 റൺസുമായി പുറത്താകാതെ നിൽക്കുന്നു.
ഒരു ഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് എന്ന നിലയിൽ തകർന്ന കേരളത്തിന്, ഏഴാം വിക്കറ്റിൽ ജലജ് സക്സേന – സൽമാൻ നിസാർ സഖ്യം കൂട്ടിച്ചേർത്ത സെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 325 പന്തുകൾ നേരിട്ട ഇരുവരും സ്കോർ ബോർഡിൽ എത്തിച്ചത് 140 റൺസാണ്. ജലജ് സക്സേന 84 റൺസുമായി പുറത്തായെങ്കിലും, തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീനെ കൂട്ടുപിടിച്ചാണ് സൽമാൻ നിസാർ കേരളത്തെ 250 കടത്തിയത്. അസ്ഹറുദ്ദീൻ 48 പന്തിൽ അഞ്ച് ഫോറുകളോടെ 30 റൺസുമായി സൽമാൻ നിസാറിനൊപ്പം ക്രീസിലുണ്ട്.
ക്യാപ്റ്റൻ സച്ചിൻ ബേബി (65 പന്തിൽ 12), അക്ഷയ് ചന്ദ്രൻ (72 പന്തിൽ ആറു ഫോറുകളോടെ 31) എന്നിവരാണ് ഇന്ന് കേരള നിരയിൽ പുറത്തായ മറ്റുള്ളവർ. രണ്ടാം ദിനം മൂന്നു വിക്കറ്റ് പിഴുത് കേരളത്തെ കൂട്ടത്തകർച്ചയിലേക്കു തള്ളിയിട്ട ഇഷാൻ പോറലാണ് ഇന്ന് ഇരുവരെയും പുറത്താക്കിയത്. ഇതുവരെ 24 ഓവറുകൾ എറിഞ്ഞ പോറൽ 83 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. പ്രദീപ്ത പ്രമാണിക്ക് 29 ഓവറിൽ 57 റൺസ് വഴങ്ങിയും സൂരജ് സിന്ധു ജയ്സ്വാൾ 16 ഓവറിൽ 36 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
നേരത്തേ, കനത്ത മഴമൂലം ഒന്നാം ദിനം പൂർണമായും നഷ്ടമായ മത്സരത്തിന്റെ രണ്ടാംദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം, കളി നിർത്തുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 51 എന്ന നിലയിലായിരുന്നു. രണ്ടാം ദിനവും 15 ഓവർ മാത്രമാണ് മത്സരം നടന്നത്. വിക്കറ്റ് നഷ്ടമില്ലാതെ 33 റൺസുമായി മികച്ച തുടക്കം നേടിയശേഷമായിരുന്നു കേരളത്തിന്റെ ബാറ്റിങ് തകർച്ച. ഓപ്പണർ വത്സൽ ഗോവിന്ദ് (30 പന്തിൽ അഞ്ച്), രോഹൻ എസ്. കുന്നുമ്മൽ (22 പന്തിൽ 23), ബാബ അപരാജിത് (0), ആദിത്യ സർവതെ (എട്ടു പന്തിൽ അഞ്ച്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.