ആഭ്യന്തര ക്രിക്കറ്റിൽ ഇറങ്ങാൻ കോലി, പക്ഷേ ഇന്ത്യയിൽ അല്ല; ഇംഗ്ലണ്ടിലേക്കു പറക്കും?
Mail This Article
മുംബൈ∙ ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടങ്ങി ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. അതിനു മുൻപ് ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്താനാണു കോലിയുടെ ശ്രമമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാനാണു കോലി ആലോചിക്കുന്നത്.
ബോർഡർ– ഗാവസ്കർ ട്രോഫിയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിക്കുന്നതിനെതിരെ രൂക്ഷവിമർശനം ഉയര്‍ന്നിരുന്നു. അപ്പോഴും ഇന്ത്യയിലെ രഞ്ജി ട്രോഫി ഉൾപ്പടെയുള്ള ടൂർണമെന്റുകൾ കളിക്കാൻ കോലി ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ വർഷം ജൂൺ 20ന് ലീഡ്സിൽവച്ചാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണു പരമ്പരയിലുള്ളത്.
കൗണ്ടി മത്സരങ്ങൾ കളിക്കുന്നതിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കോലിക്കു സാധിക്കും. സ്വാഭാവികമായും അടുത്ത ടെസ്റ്റ് പരമ്പരയിൽ കോലിക്ക് ഇതു സഹായമാകുമെന്നാണു പ്രതീക്ഷ. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്കു ശേഷം ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര കൂടിയാണിത്.
2012ലാണ് വിരാട് കോലി അവസാനം രഞ്ജി ട്രോഫിയിൽ കളിച്ചത്. കരിയറിൽ 23 രഞ്ജി മത്സരങ്ങൾ മാത്രമേ കോലി കളിച്ചിട്ടുള്ളൂ. ക്യാപ്റ്റൻ രോഹിത് ശർമ 42 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അവസാന മത്സരം 2015ലായിരുന്നു. ബോർഡർ– ഗാവസ്കർ ട്രോഫിയിൽ പെർത്തിൽ നേടിയ സെഞ്ചറിയൊഴിച്ചാൽ കോലിക്ക് ഓർത്തുവയ്ക്കാൻ മറ്റൊരു ഇന്നിങ്സുമില്ല. ഓസ്ട്രേലിയയിൽ ഏഴു തവണയാണ് കോലി ഓഫ് സ്റ്റംപിനു പുറത്തുള്ള പന്തുകളിൽ ഔട്ടായത്. കൗണ്ടി ക്രിക്കറ്റിലൂടെ ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാകും കോലിയുടെ ശ്രമം.