ADVERTISEMENT

അഹമ്മദാബാദ്∙ രഞ്ജി ട്രോഫി സെമിഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ പ്രതിരോധവഴി തിരഞ്ഞെടുത്ത് കേരളത്തിന്റെ ബാറ്റിങ്. നിലവിൽ ടീമിന്റെ ടോപ് സ്കോററായ ക്യാപ്റ്റൻ സച്ചിൻ ബേബി ഉൾപ്പെടെ പ്രതിരോധത്തിലൂന്നി ബാറ്റു ചെയ്തതോടെ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 89 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് എന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ സച്ചിൻ ബേബി 69 റൺസോടെയും വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ 30 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം  വിക്കറ്റിൽ ഇരുവരും ഇതുവരെ കൂട്ടിച്ചേർത്തത് 49 റൺസ്.

ഇതുവരെ 193 പന്തുകൾ നേരിട്ട സച്ചിൻ ബേബി, എട്ടു ഫോറുകളോടെയാണ് 69 റൺസെടുത്തത്. മുഹമ്മദ് അസ്ഹറുദ്ദീൻ 66 പന്തിൽ മൂന്നു ഫോറുകൾ സഹിതം 30 റൺസെടുത്തു. ഇതേസമയം നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈയ്‌ക്കെതിരെ വിദർഭ 88 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തപ്പോഴാണ്, കേരളം അത്രതന്നെ ഓവറിൽ നാലു വിക്കറ്റ് നഷ്ടമാക്കി 206 റൺസെടുത്തത്.

ഓപ്പണർമാരായ അക്ഷയ് ചന്ദ്രൻ (30), രോഹൻ കുന്നുമ്മൽ (30), ഷോൺ റോജറിനു പകരം സെമിയിൽ ടീം മാനേജ്മെന്റ് അവസരം നൽകിയ വരുൺ നായനാർ (10), അതിഥി താരം ജലജ് സക്സേന (30) എന്നിവരാണ് കേരള നിരയിൽ പുറത്തായത്. 71 പന്തുകൾ നേരിട്ട് അഞ്ച് ഫോറുകളോടെയാണ് അക്ഷയ് ചന്ദ്രൻ 30 റൺസെടുത്തത്. രോഹൻ കുന്നുമ്മൽ 68 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 30 റൺസെടുത്തു.

55 പന്തുകൾ നേരിട്ട വരുൺ നായനാരാകട്ടെ, ഒരേയൊരു ഫോർ സഹിതമാണ് 10 റൺസെടുത്തത്. ജലജ് സക്സേന 83 പന്തിൽ നാലു ഫോറുകളോടെ 30 റൺസുമെടുത്തു. ആദ്യ പന്തു മുതൽ ക്ഷമയോടെ ബാറ്റേന്തിയ കേരളത്തിനായി ഓപ്പണർമാർ ഒന്നാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർ്തു. 20.4 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 60 റൺസ്. വെറും മൂന്നു റൺസിന്റെ ഇടവേളയിൽ ഇരുവരും പുറത്തായി. രോഹനുമായുള്ള ധാരണപ്പിശകിൽ അക്ഷയ് നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. ശ്രദ്ധ തെറ്റിയ രോഹനെ രവി ബിഷ്ണോയ് എൽബിയിൽ കുരുക്കി.

സ്കോർ 86ൽ എത്തിയപ്പോൾ വരുൺ നായനാരും പിടികൊടുത്തതോടെ കേരളം 40.1 ഓവറിൽ മൂന്നിന് 86 റൺസ് എന്ന നിലയിലായി. പ്രിയജിത് സിങ് ജഡേജയുടെ പന്തിൽ ഉർവിൽ പട്ടേൽ ക്യാച്ചെടുത്തു. തുടർന്ന് ക്രീസിൽ ഒരുമിച്ച സച്ചിൻ ബേബി – ജലജ് സക്സേന സഖ്യം ക്ഷമയോടെ ക്രീസിൽനിന്ന് വീണ്ടും അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് കേരളത്തിന്റെ രക്ഷകരായി. 107 പന്തുകൾ നീണ്ട കൂട്ടുകെട്ടിനൊടുവിൽ ഇരുവരും സ്കോർ ബോർഡിൽ എത്തിച്ചത് 71 റൺസ്. ജലജ് സക്സേനയെ ക്ലീൻ ബൗൾഡാക്കി നഗ്‌വാസ്‌വല്ലയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഗുജറാത്തിനായി അർസാൻ നഗ്‌വാ‌സ്‌വല്ല, പ്രിയംജിത് സിങ് ജഡേജ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

∙ കേരളത്തിന് ടോസ്, ബാറ്റിങ്

ടോസ് വിജയിച്ച കേരള ക്യാപ്റ്റൻ സച്ചിന്‍ ബേബി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവതാരം ഷോൺ റോജർ സെമി ഫൈനലിൽ കളിക്കുന്നില്ല. പരുക്കേറ്റ പേസര്‍ ബേസിൽ തമ്പിയും പ്ലേയിങ് ഇലവനിൽ ഇല്ല. പകരക്കാരായി വരുൺ നായനാരും അഹമ്മദ് ഇമ്രാനും അരങ്ങേറ്റ മത്സരം കളിക്കും.

സച്ചിൻ ബേബി (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, വരുൺ നായനാർ, ജലജ് സക്സേന, ആദിത്യ സർവാതെ, എം.ഡി. നിധീഷ്, എൻ.പി. ബേസിൽ, അഹമ്മദ് ഇമ്രാൻ.

∙ പ്രതീക്ഷയോടെ കേരളം

കഴിഞ്ഞ 8 മത്സരങ്ങളിലെ മികവ് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം ഗുജറാത്തിനെ നേരിടുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ചറി നേടിയ സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീൻ, നിധീഷ്, ജലജ് സക്സേന, അക്ഷയ് ചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ മികച്ച ഫോമില്‍ ആണെന്നുള്ളത്‌ കേരളത്തിന്‍റെ സാധ്യതകളെ വര്‍ധിപ്പിക്കുന്നു.

കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്‍പിച്ചെത്തിയ കശ്മീരിനെയാണ് ക്വാർട്ടറിൽ കേരളം മറികടന്നത്.

English Summary:

Ranji Trophy Semi Final, Kerala vs Gujarat Match Day 1 Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com