ഗുഡ്ബൈ കാൻസർ; ലിൻഡ ലോകകപ്പിന്
Mail This Article
സിഡ്നി ∙ ലിൻഡ കെയ്സഡോയ്ക്ക് 18 വയസ്സായിട്ടേയുള്ളൂ. വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇന്ന് കൊളംബിയയ്ക്കു വേണ്ടി കളിക്കാനിറങ്ങുമ്പോൾ ആരാധകർ ഈ കൗമാരതാരത്തിന്റെ പോരാട്ടവീര്യത്തിനു സല്യൂട്ടടിക്കും. 15–ാം വയസ്സിൽ തന്നെ പിടികൂടിയ അർബുദത്തെ തോൽപിച്ചാണ് ലിൻഡ ലോകകപ്പിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ആദ്യമത്സരത്തിനിറങ്ങുന്നത്. ലിൻഡയുടെ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യയ്ക്കാർക്കും സന്തോഷിക്കാം. കാരണം കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു ലിൻഡ.
മൂന്നു വർഷം മുൻപ്, കൊളംബിയൻ ദേശീയ ടീമിനു വേണ്ടി അരങ്ങേറിയതിന്റെ സന്തോഷവുമായിരിക്കുന്ന കാലത്താണ് ലിൻഡയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. തകർന്നു പോയ ലിൻഡയ്ക്കു ആത്മവിശ്വാസമേകിയത് കൊളംബിയൻ ദേശീയ ടീം പരിശീലക നെൽസൻ അബഡയുടെ വാക്കുകളാണ്. ‘‘നീ തിരിച്ചു വരും. ഞങ്ങൾ നിനക്കു വേണ്ടി കാത്തിരിക്കും’. ആ വാക്കുകൾ പൊന്നായി. ചികിൽസ കഴിഞ്ഞ് തിരിച്ചെത്തിയ ലിൻഡ ഇപ്പോൾ കൊളംബിയൻ ടീമിന്റെ മുൻനിര ഫോർവേഡുകളിലൊരാളാണ്. ക്ലബ് ഫുട്ബോളിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനു വേണ്ടിയാണ് കളിക്കുന്നത്.ലിൻഡയ്ക്കു പുറമേ ദക്ഷിണ കൊറിയൻ ടീമിലെ ഒരു താരവും ഇന്ന് മത്സരത്തിലെ ശ്രദ്ധാകേന്ദ്രമാകും. പതിനാറുകാരി ഫോർവേഡ് കാസി ഫെയ്ർ. കളിക്കാനിറങ്ങുകയാണെങ്കിൽ സീനിയർ തലത്തിൽ ഫിഫ ലോകകപ്പ് കളിക്കുന്ന പ്രായം കുറഞ്ഞ താരമാകും കാസി.
ബ്രസീലിനും ജർമനിക്കും വൻജയം
അഡ്‌ലെയ്ഡ് ∙ വനിതാ ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനും ജർമനിക്കും വൻജയം. ബ്രസീൽ 4–0ന് പാനമയെയും ജർമനി 6–0ന് മൊറോക്കോയെയും തോൽപിച്ചു. ഇറ്റലി 1–0ന് അർജന്റീനയെ കീഴടക്കി. അരി ബോർഹസിന്റെ ഹാട്രിക്കാണ് പാനമയ്ക്കെതിരെ ബ്രസീലിനു തകർപ്പൻ വിജയം സമ്മാനിച്ചത്. ആറാം ലോകകപ്പ് കളിക്കുന്ന മുപ്പത്തിയേഴുകാരി മാർത്ത സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയെങ്കിലും ഗോൾ നേടാനായില്ല. മൊറോക്കോയ്ക്കെതിരെ ജർമനിക്കു വേണ്ടി അലക്സാന്ദ്ര പോപ് ഇരട്ടഗോൾ നേടി. 2 സെൽഫ് ഗോളുകളും ജർമനിക്കു കിട്ടി. 87–ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ ഗിരല്ലി നേടിയ ഗോളിലാണ് അർജന്റീനയ്ക്കെതിരെ ഇറ്റലിയുടെ ജയം.
English Summary: Linda Caicedo: Colombia's cancer-surviving teenager set to star at the Women's World Cup