ചുംബനം നിർബന്ധപൂർവമല്ലെന്ന് റുബിയാലസ് കോടതിയിൽ, ബഹിഷ്കരണം തുടരാൻ സ്പെയിൻ താരങ്ങൾ

Mail This Article
മഡ്രിഡ് ∙ ചുംബനവിവാദത്തിൽപ്പെട്ട് രാജി വയ്ക്കേണ്ടി വന്ന സ്പാനിഷ് സോക്കർ ഫെഡറേഷൻ മുൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ് കോടതിയിൽ ഹാജരായി. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസിന് അടിസ്ഥാനമില്ലെന്നും നിർബന്ധപൂർവമല്ല സ്പെയിൻ വനിതാ താരങ്ങളെ ചുംബിച്ചതെന്നും റുബിയാലസ് പറഞ്ഞു.
ഓഗസ്റ്റ് 20ന് സിഡ്നിയിൽ നടന്ന വനിതാ ലോകകപ്പ് ഫൈനലിനു ശേഷമായിരുന്നു റുബിയാലസിന്റെ വിവാദചുംബനം. തന്റെ സമ്മതമില്ലാതെയാണ് റുബിയാലസിന്റെ ചുംബനമെന്ന് സ്പെയിൻ താരം ജെന്നിഫർ ഹെർമോസോ പറഞ്ഞതോടെയാണ് റുബിയാലസ് സമ്മർദ്ദത്തിലായത്.
ബഹിഷ്കരണം തുടരാൻ സ്പെയിൻ താരങ്ങൾ
ആരോപണ വിധേയരായ കോച്ച് ഹോർഹെ വിൽഡയും സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസും രാജിവച്ചെങ്കിലും ദേശീയ ടീമിനോടുള്ള ബഹിഷ്കരണം തുടരാൻ സ്പെയിൻ വനിതാ താരങ്ങൾ. ഫെഡറേഷൻ പൂർണമായും അഴിച്ചു പണിതാൽ മാത്രമേ ഇനി ടീമിനോടു സഹകരിക്കൂ എന്ന് പല കളിക്കാരും വ്യക്തമാക്കിയതാണ് റിപ്പോർട്ടുകൾ. വനിതാ ലോകകപ്പിൽ ജേതാക്കളായെങ്കിലും റുബിയാലസിന്റെ ചുംബനവിവാദം വിജയത്തിന്റെ നിറം കെടുത്തി. ഈ സാഹചര്യത്തിൽ കൂടിയാണ് നിസ്സഹകരണം തുടരാൻ തീരുമാനം.
English Summary: Rubiales denied the allegation in court