മൂന്നടിയിൽ വീണു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തറിന് എതിരെ ഇന്ത്യയ്ക്ക് തോൽവി 0–3

Mail This Article
ഇന്ത്യൻ വലയിൽ 3 ഗോളുകൾ നിറച്ച് ഖത്തർ അധിനിവേശം. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതൽ ആഞ്ഞടിച്ച ഖത്തർ കൊടുങ്കാറ്റിനിടെ, കിട്ടിയ അവസരങ്ങൾ പാഴാക്കിയ ഇന്ത്യയ്ക്ക് ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ട് ഗ്രൂപ്പ് പോരാട്ടത്തിൽ തോൽവി (0–3). ഖത്തർ ജയം മുസ്തഫ മഷാൽ (4–ാം മിനിറ്റ്), അൽമൊയസ് അലി (47), യൂസുഫ് അബ്ദുരിസാഗ് (86) എന്നിവരുടെ ഗോളുകളിലൂടെ. ആദ്യ മത്സരത്തിൽ കുവൈത്തിനെ ഒരു ഗോളിനു കീഴടക്കിയ ഇന്ത്യയുടെ അടുത്ത മത്സരം മാർച്ച് 21ന് അഫ്ഗാനിസ്ഥാനെതിരെ.
പഴുതടച്ച് ഖത്തർ
ഖത്തർ വേറൊരു ‘ലെവൽ’ ആണെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച് മത്സരത്തലേന്നു പറഞ്ഞതു കളത്തിൽ അതേപടി തെളിഞ്ഞു. ആദ്യ മിനിറ്റിൽ അക്രം ആരിഫ് തൊടുത്ത മിസൈൽ ഇന്ത്യൻ ഗോൾപോസ്റ്റിനു പുറത്തേക്കു പാഞ്ഞപ്പോൾ ആശ്വാസം കൊണ്ടതു കലിംഗ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആരാധകർ. സമ്മർദത്തിനൊടുവിൽ ഖത്തർ കോർണർ. പല കാലുകൾ മാറി പന്തെത്തിയത് ഫോർവേഡ് മുസ്തഫ മഷാലിന്. ബോക്സിനുള്ളിൽ ചിതറി നിന്നതു ചുരുങ്ങിയത് 8 ഇന്ത്യൻ താരങ്ങൾക്കിടയിലൂടെ അനായാസം വലയുടെ ഇടതു മൂലയിലേക്ക് (1–0). ഖത്തർ ബോക്സിൽ ആദ്യ പന്ത് എത്തിക്കാൻ ഇന്ത്യയ്ക്കു വേണ്ടി വന്നതു 10 മിനിറ്റാണ്. വലതു വിങ്ങിൽ നിന്ന് ലാലിയൻസുവാല ചാങ്തെ ബോക്സിലേക്കു തൊടുത്തുവിട്ട കിടിലൻ ക്രോസ് ഗോളിലേക്കു തൊട്ടുവിടാൻ ആരും ഉണ്ടായിരുന്നില്ല. അവസര നഷ്ടത്തിന്റെ ആദ്യ നിമിഷമായി അത്.
വേഗത്തലും പന്തടക്കത്തിലും പാസിങ് കൃത്യതയിലുമെല്ലാം മത്സരത്തിൽ ഖത്തർ കാതങ്ങൾ മുന്നിലായിരുന്നു. അതിവേഗം കളി നെയ്തു കയറിയ അവർ പലവട്ടം ഗോളിനു തൊട്ടടുത്തെത്തി. ചിലപ്പോഴൊക്കെ ലക്ഷ്യം പിഴച്ചു.
ലക്ഷ്യം പിഴച്ച് ഇന്ത്യ
34 –ാം മിനിറ്റിൽ ഇന്ത്യ സൃഷ്ടിച്ചതു മികച്ച നീക്കം. അനിരുദ്ധ ഥാപ്പയിൽ നിന്നു തുടങ്ങിയ നീക്കം ഉദാന്ത സിങ്ങിലെത്തി. ബാക്ക് പാസ് അപൂയയിലേയ്ക്ക്. ബോക്സിനു തൊട്ടു പുറത്തു നിന്ന് അപൂയ പന്ത് പറത്തിയത് ആകാശത്തേക്ക്. മിനിറ്റുകൾക്കു ശേഷം വീണ്ടും വലതു വിങ്ങിൽ നിന്നു ചാങ്തെയുടെ ക്രോസ് തൊടാൻ ആരുമില്ലാതെ അനാഥം! പിന്നീട് ബോക്സിനു പുറത്തു ലഭിച്ച തുറന്ന അവസരം നഷ്ടമാക്കിയത് അനിരുദ്ധ ഥാപ്പ. 63– ാം മിനിറ്റിൽ പകരക്കാരനായി എത്തിയ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ മികച്ച ഷോട്ട് അൽപ വ്യത്യാസത്തിൽ ഖത്തർ ഗോളിനു പുറത്തേക്കുപോയി.