അവധിയാഘോഷം കഴിഞ്ഞു; ബ്ലാസ്റ്റേഴ്സ് ക്യാംപ് ഉഷാർ

Mail This Article
കൊച്ചി ∙ ‘‘ ഓ! ആ നിമിഷം ഞാൻ മറ്റെല്ലാം മറന്നു പോയി. അത്രയേറെ ആവേശകരമായിരുന്നു ആ ഗോൾ; ടീമിന്റെ ജയമുറപ്പിച്ച ഗോൾ!’’ – കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസിന്റെ വാക്കുകൾ. കൊൽക്കത്തയിൽ ഈ മാസം 4 ന് ഈസ്റ്റ് ബംഗാളിനെതിരെ വിജയ ഗോൾ നേടിയതിനു പിന്നാലെ അതിരു കടന്ന ആഹ്ലാദ പ്രകടനം നടത്തിയതിനു ദിമിക്കു ലഭിച്ചത് ചുവപ്പു കാർഡും ഒരു മത്സര വിലക്കും. ആ നിമിഷത്തെ അത്യാഹ്ലാദത്തെക്കുറിച്ച് അദ്ദേഹം മനസ്സു തുറന്നതു ടീം ക്യാംപിൽ. ഈസ്റ്റ് ബംഗാളിനെതിരെ ഗംഭീര വിജയമുറപ്പിച്ചെങ്കിലും നാളെ ഹൈദരാബാദ് എഫ്സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ഡയമന്റകോസിനു കളിക്കാനാവില്ല; വിലക്കു തന്നെ കാരണം.
ക്യാംപിൽ ആവേശം
21 ദിവസത്തെ മത്സര ഇടവേളയ്ക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ കളത്തിലേക്കു മടങ്ങുമ്പോൾ ടീം ക്യാംപിൽ നിറയുന്നത് ആഹ്ലാദവും ആവേശവും. മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിൽ ചുവപ്പു കാർഡും 3 മത്സര വിലക്കും നേരിട്ട സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ചും റൈറ്റ് ബാക്ക് പ്രബീർ ദാസും വിലക്കു കാലം പൂർത്തിയാക്കി കളത്തിൽ തിരിച്ചെത്തുന്നതിന്റെ ആവേശത്തിലാണ് ടീം. ലീഗിൽ മികച്ച പ്രകടനം നടത്താനാകുന്നതിന്റെ ആഹ്ലാദവും പ്രകടം. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ കൊമ്പൻമാരാണു ഡ്രിൻസിച്ചും പ്രബീറും. പരുക്കിനെത്തുടർന്നു സ്വന്തം നാട്ടിൽ ചികിത്സയിലായിരുന്ന ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചും തിരിച്ചെത്തി. എങ്കിലും 2 മത്സരങ്ങളിൽ കൂടി അദ്ദേഹം പുറത്തിരിക്കാനാണു സാധ്യത.
ജീക്സനെത്തും, ജനുവരിയിൽ
തോളിൽ പരുക്കേറ്റ മധ്യനിര താരം ജീക്സൺ സിങ് ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരുന്നു. അദ്ദേഹത്തിനു പക്ഷേ, കളത്തിലിറങ്ങാൻ ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അവധി ആഘോഷിക്കാൻ യൂറോപ്പിലേക്കു പോയ ‘ആശാൻ’ ഇവാൻ വുക്കോമനോവിച്ച് നേരത്തെ തിരിച്ചെത്തിയിരുന്നു. ദിവസങ്ങളായി ടീം കടുത്ത പരിശീലനത്തിലാണ്; ലക്ഷ്യം ജയത്തുടർച്ച തന്നെ.