ചാംപ്യൻസ് ലീഗിൽ ഗോൾക്ഷാമം: മാഞ്ചസ്റ്റർ സിറ്റി – ഇന്റർ മിലാൻ മത്സരം ഗോൾരഹിത സമനില
Mail This Article
ലണ്ടൻ ∙ ബയൺ മ്യൂണിക് ഒറ്റയ്ക്ക് 9 ഗോളടിച്ച മത്സരദിവസത്തിനു പിറ്റേന്നു ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഗോൾക്ഷാമം. ജർമൻ ക്ലബ് ബയൺ മ്യൂണിക് ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെ 9–2ന് മുക്കിയ ചൊവ്വാഴ്ച കളത്തിൽ ആകെ പിറന്നത് 28 ഗോളുകൾ. പക്ഷേ, ബുധനാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ ആകെ ഗോളെണ്ണം 13 മാത്രം.
2023 ചാംപ്യൻസ് ലീഗ് ഫൈനലിന്റെ ആവർത്തനമായി മാറിയ മാഞ്ചസ്റ്റർ സിറ്റി – ഇന്റർ മിലാൻ മത്സരം ഗോൾരഹിത സമനിലയായതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആരാധകരെ നിരാശരാക്കുന്നതായിരുന്നു ഇരുടീമുകളുടെയും പ്രകടനം. ചാംപ്യൻസ് ലീഗിൽ സ്വന്തം ഗ്രൗണ്ടിൽ സിറ്റിക്കു ഗോൾ നേടാൻ കഴിയാതെ പോകുന്നത് പെപ് ഗ്വാർഡിയോള പരിശീലകനായിക്കഴിഞ്ഞ് ഇതു രണ്ടാം തവണ മാത്രമാണ്. ബൊളോനയും ഷക്തർ ഡോണെസ്കും തമ്മിലുള്ള മത്സരവും ഗോൾരഹിത സമനിലയായി.
അതേസമയം, ഗോൾരഹിത സമനിലയാകുമെന്നു കരുതിയ പിഎസ്ജി– ജിറോണ മത്സരം ജിറോണ ഗോളിക്കു സംഭവിച്ച അബദ്ധത്തിൽ പിഎസ്ജിക്ക് അനുകൂലമായി. 90–ാം മിനിറ്റിൽ ജിറോണയുടെ അർജന്റീനക്കാരൻ ഗോളി പൗലോ ഗസ്സാനിഗയുടെ സെൽഫ് ഗോളിൽ പിഎസ്ജിക്കു വിജയം (1–0).