ADVERTISEMENT

കൊച്ചി∙ തിരുവോണ ദിനത്തിലെ നിരാശപ്പെടുത്തുന്ന ആ തോൽവി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇനി മറക്കാം. അന്നത്തെ നിരാശകൾക്കും വേദനകൾക്കും പകരമായി ദിവസങ്ങൾക്കിപ്പുറം അതേ വേദിയിൽ, അതേ സ്കോറിൽ കരുത്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ആരാധകരോടു പറഞ്ഞു; ഹാപ്പി ഓണം... ഒരിക്കൽക്കൂടി മത്സരം പുരോഗമിക്കുന്തോറും ആവേശം ഉയർന്നുപൊങ്ങുന്ന കാഴ്ച കണ്ട മത്സരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ചുണക്കുട്ടികൾ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. ഒരു ഗോളിനു പിന്നിലായിപ്പോയ ശേഷം തളരാതെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിൽ നോഹ സദൂയി (63–ാം മിനിറ്റ്), ക്വാമി പെപ്ര (88–ാം മിനിറ്റ് ) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ  അവരുടെ മലയാളി താരം പി.വി. വിഷ്ണു (59–ാം മിനിറ്റ്) നേടി. അഡ്രിയൻ ലൂണയെന്ന പ്രധാന എൻജിനില്ലെങ്കിലും എങ്ങനെ കളിക്കാമെന്ന് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് പഠിച്ചുവെന്നതാണ് ഈ മത്സരം ആരാധകർക്കു നൽകുന്ന സുവിശേഷം. പിഴവറ്റ കളിയെന്ന് പറയാനാകില്ലെങ്കിലും പഞ്ചാബ് എഫ്സിക്കെതിരായ ആദ്യ മത്സരത്തെ അപേക്ഷിച്ച് പിഴവുകൾ കാര്യമായി തിരുത്തിയെത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത്. വിജയത്തോടെ രണ്ടു കളികളിൽനിന്ന് 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തേക്കു കയറി. രണ്ടാം മത്സരവും തോറ്റ ഈസ്റ്റ് ബംഗാൾ 12–ാം സ്ഥാനത്താണ്.

∙ ഗോളുകൾ വന്ന വഴി‌

ഈസ്റ്റ് ബംഗാൾ ഒന്നാം ഗോൾ: 59–ാം മിനിറ്റിൽ ഗാലറികളെ നിശബ്ദമാക്കി ഈസ്റ്റ് ബംഗാൾ ലീഡെടുത്തു. കളത്തിലിറങ്ങി മൂന്നാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം പിവി. വിഷ്ണുവാണ് ലക്ഷ്യം കണ്ടത്. ഗോളിനോളം തിളക്കമുള്ള അസിസ്റ്റുമായി തിളങ്ങിയത് മുൻ ബ്ലാസ്റ്റേഴ്സ് താരമായ ദിമിത്രി ഡയമെന്റകോസ്. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ സന്ദീപ് സിങ്ങിന്റെ പിഴവിൽനിന്ന് ബ്ലാസ്റ്റേഴ്സ് പകുതിയിൽവച്ച് ലഭിച്ച പന്തുമായി ഡയമെന്റാകോസിന്റെ മുന്നേറ്റം. ബോക്സിനുള്ളിൽ വട്ടം ചുറ്റിയെത്തിയ പ്രതിരോധ താരങ്ങളെ കാഴ്ചക്കാരാക്കി ഗ്രീക്ക് താരത്തിന്റെ പാസ് ബോക്സിനുള്ളിൽ ആർക്കും പിടികൊടുക്കാതെ നിന്ന വിഷ്ണുവിന്. ഡയമെന്റകോസ് ഷോട്ട് എടുക്കുമെന്ന് ഉറച്ച് വിശ്വസിച്ച് അതിനെ പ്രതിരോധിക്കാൻ തയാറായി നിന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെ കബളിപ്പിച്ച് വിഷ്ണുവിന്റെ ഷോട്ട് വലയിൽ. ഗാലറികളിൽ സമ്പൂർണ നിശബ്ദത. സ്കോർ 1–0.

കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം ഗോൾ: പിന്നാലെ 62–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ മറ്റൊരു മുന്നേറ്റം കൂടി ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ചെങ്കിലും, ഗോൾകീപ്പർ സച്ചിൻ സുരേഷ് മാത്രം മുന്നിൽ നിൽക്കെ ഡയമെന്റകോസിന്റെ ഷോട്ട് പുറത്തുപോയി. പിന്നാലെ ഗാലറികളിൽ ആവേശം തിരിച്ചെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഇടതുവിങ്ങിൽ അധ്വാനിച്ചു കളിച്ച മൊറോക്കോ താരം നോഹ സദൂയിയുടെ വകയായിരുന്നു സമനില ഗോൾ. ഇടതുവിങ്ങിൽ നവോച്ച സിങ്ങിൽനിന്ന് ലഭിച്ച പന്തുമായി നോഹ സദൂയിയുടെ മുന്നേറ്റം. അതിവേഗം വിങ്ങിലൂടെ ഓടിയെത്തി ഈസ്റ്റ് ബംഗാൾ പ്രതിരോധനിരക്കാരെ തകർപ്പൻ ഡ്രിബ്ലിങ്ങിലൂടെ വെട്ടിയൊഴിഞ്ഞ് സദൂയി ബോക്സിനുള്ളിൽ. പിന്നാലെ എല്ലാവരെയും കാഴ്ചക്കാരാക്കി സദൂയിയുടെ ഇടംകാൽ ഷോട്ട് നിലംപറ്റെ ഈസ്റ്റ് ബംഗാൾ വലയിൽ. ഗാലറികളിൽ ആവേശത്തിമിർപ്പ്. സ്കോർ 1–1.

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ: പകരക്കാരുടെ വരവോടെ ഇരട്ടി ഊർജം ലഭിച്ചതുപോലെ കളത്തിൽ മിന്നിക്കളിച്ച ബ്ലാസ്റ്റേഴ്സിന്റെ അധ്വാനത്തിനു ലഭിച്ച പ്രതിഫലമായിരുന്നു രണ്ടാം ഗോൾ. ഗോളടിച്ചത് പകരക്കാരനായി കളത്തിലെത്തിയ ക്വാമി പെപ്ര. ഗോളിനു വഴിയൊരുക്കിയത് പകരക്കാരനായി എത്തിയ മറ്റൊരു താരം മുഹമ്മദ് ഐമൻ. ഈസ്റ്റ് ബംഗാൾ ബോക്സിനുള്ളിൽ ബ്ലാസ്റ്റേഴ്സ് നടത്തിയ അപകടകരമായ നീക്കം അവരുടെ പ്രതിരോധം ക്ലിയർ ചെയ്തെന്നു തോന്നിച്ച ഒരു നിമിഷം. ഇതിനിടെ ഈസ്റ്റ് ബംഗാൾ താരത്തിന്റെ പന്തിൽനിന്ന് തകർപ്പനൊരു ടാക്ലിങ്ങിലൂടെ മുഹമ്മദ് ഐമൻ പന്തു റാഞ്ചി. അതു നേരെ എത്തിയത് ആളൊഴിഞ്ഞുനിന്ന ക്വാമി പെപ്രയുടെ കാലുകളിലേക്ക്. അൽപം ബുദ്ധിമുട്ടേറ്റിയ ആംഗിളെങ്കിലും ലക്ഷണമൊത്തൊരു സ്ട്രൈക്കറുടെ മികവോടെ ക്വാമി പെപ്രയുടെ ഇടംകാൽ ഷോട്ട് ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക്. ഗോൾകീപ്പറിന് അനങ്ങാൻ പോലും അവസരം നൽകാതെ പന്ത് വലതു മൂലയിലൂടെ വലയിൽ കയറി. ഗാലറികളിൽ ഉത്സവം. സ്കോർ 2–1.

∙ അവസര(നഷ്ട)ങ്ങളുടെ ആദ്യപകുതി

ആദ്യപകുതിയിൽ ഗോളുകളുടെ കോളം ശൂന്യമായിരുന്നെങ്കിലും ആവേശകരമായിരുന്നു പോരാട്ടം. മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത് ബ്ലാസ്റ്റേഴ്സിന്. ഒൻപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം ഹെസൂസ് ഹിമെനെയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിൽത്തട്ടി തെറിക്കുന്നത് ഒട്ടൊരു അവിശ്വസനീയതയോടെയാണ് ഗാലറിയിലെ മഞ്ഞപ്പട കണ്ടിരുന്നത്. ഗാലറിയിൽ ആവേശത്തിരയിളക്കം സമ്മാനിച്ച മുന്നേറ്റത്തിനൊടുവിൽ ഡാനിഷ് ഫാറൂഖിന്റെ പാസിൽനിന്ന് ഹെസൂസ് തൊടുത്ത ഷോട്ട് ഈസ്റ്റ് ബംഗാൾ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങിയെങ്കിലും നേരിയ വ്യത്യാസത്തിൽ പോസ്റ്റിൽത്തട്ടി തെറിച്ചു. 22–ാം മിനിറ്റിൽ ഹിമിനെ നോഹ സദൂയിക്കു നൽകിയ പാസ് കൈമാറിയെത്തിയ പന്ത് പിടിച്ചെടുത്ത് നവോച്ച സിങ് ഈസ്റ്റ് ബംഗാൾ ബോക്സിൽ നടത്തിയ കുതിപ്പ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 39–ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് സന്ദീപ് സിങ് നൽകിയ ക്രോസ് തലവച്ചാൽ വലയിലെത്തുമായിരുന്നെങ്കിലും, കെ.പി. രാഹുലിന്റെ ഹെഡർ ദുർബലമായിപ്പോയി.

noah-3
പന്തിനായി പോരാടുന്ന ബ്ലാസ്റ്റേഴ്സ് താരം നോവ സദൂയി. Photo: FB@KBFC

മറുവശത്ത് ദിമിത്രി ഡയമന്റകോസിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് ബംഗാൾ ആക്രമണ നിര പലപ്പോഴും ബ്ലാസ്റ്റേഴ്സിന് തലവേദന സൃഷ്ടിച്ചു. തുടക്കത്തിലെ ബ്ലാസ്റ്റേഴ്സ് ആധിപത്യത്തിനു ശേഷം കളം പിടിച്ച ഈസ്റ്റ് ബംഗാൾ കുറച്ചുനേരം ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ പിടിച്ചുകുലുക്കി. 27–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിൽ ഈസ്റ്റ് ബംഗാൾ താരങ്ങൾ ഒന്നിലേറെ ആക്രമണങ്ങൾ നടത്തിനോക്കിയെങ്കിലും പ്രീതം കോട്ടാലിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിര എല്ലാം തടഞ്ഞുനിര്‍ത്തി. ഇടയ്ക്കിടെ നന്ദകുമാർ ശേഖറും ബ്ലാസ്റ്റേഴ്സ് ബോക്സിനെ വിറപ്പിച്ച ഷോട്ടുകളുമായി കളംനിറഞ്ഞു. 27–ാം മിനിറ്റിൽ സോൾ ക്രെസ്പോയുടെ ഗോൾശ്രമവും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിജയകരമായി തടഞ്ഞു. 35–ാം മിനിറ്റിൽ ഫ്രീകിക്കിൽനിന്ന് പന്തു ലഭിച്ച ഈസ്റ്റ് ബംഗാള്‍ താരം മാദിഹ് തലാൽ എടുത്ത വോളി ബ്ലാസ്റ്റേഴ്സ് ബാറിനു തൊട്ടുമുകളിലൂടെയാണു മൂളിപ്പറന്നത്. ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനനെ തള്ളിയിട്ടതിന് 37–ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ നവോറം മഹേഷ് സിങ്ങിന് റഫറി മഞ്ഞക്കാർഡും നൽകി. 44–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഗോൾ മണത്തെങ്കിലും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ സച്ചിൻ സുരേഷ് പന്ത് കയ്യിലൊതുക്കി.

∙ പകരക്കാർ ആവേശം വിതച്ച രണ്ടാം പകുതി

മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ദിമിത്രി ഡയമെന്റാകോസിന് മഞ്ഞക്കാർഡ് നൽകുന്ന കാഴ്ചയോടെയാണ് രണ്ടാം പകുതി ഉണർന്നത്. തൊട്ടുപിന്നാലെ ഈസ്റ്റ് ബംഗാൾ ബോക്സിലേക്ക് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നടത്തിയ ആക്രമണം ഗാലറികളിൽ ചലനം സൃഷ്ടിച്ചെങ്കിലും അലക്സാണ്ടർ കോയെഫിന്റെ ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. പിന്നാലെ ഈസ്റ്റ് ബംഗാൾ താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്ക് ബ്ലാസ്റ്റേഴ്സ് താരം സന്ദീപ് സിങ് കോർണർ വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ഇടതുവിങ്ങിലൂടെ നോഹ സദൂയി നടത്തിയ ചില മിന്നൽ നീക്കങ്ങൾ ഈസ്റ്റ് ബംഗാൾ പ്രതിരോധം വിറപ്പിച്ചെങ്കിലും, അവരുടെ ഭാഗ്യംകൊണ്ടും കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ പിടിപ്പുകേടുകൊണ്ടും ലക്ഷ്യത്തിലെത്താതെ പോയി.

jesus-jiminez
ബ്ലാസ്റ്റേഴ്സിന്റെ ഹെസൂസ് ഹിമെനെ മത്സരത്തിനിടെ. Photo: FB@KBFC

ഗോൾ വീണതിനു പിന്നാലെ ഉണർന്ന ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് കൂടുതൽ ഊർജം പകർന്ന് തൊട്ടുപിന്നാലെ പരിശീലകൻ മികായേൽ സ്റ്റാറേ വക രണ്ട് സബ്സ്റ്റിറ്റ്യൂഷൻ. ആദ്യഗോളിനു വഴിവച്ച പിഴവു വരുത്തിയ സന്ദീപ് സിങ്ങിനു പകരം മുഹമ്മദ് ഐമനും ഡാനിഷ് ഫാറൂഖിനു പകരം ഐബാൻബ ദോഹ്‌ലിങ്ങും കളത്തിലെത്തി. പിന്നാലെ ഈസ്റ്റ് ബംഗാൾ ഡയമെന്റാകോസിനെ പിൻവലിച്ച് ക്ലെയ്റ്റൻ സിൽവയെയും കളത്തിലെത്തിച്ചു.

noah-2
നോവ സദൂയിയുടെ ഗോളാഘോഷം. Photo: FB@KBFC

മത്സരം അവസാന 20 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ മൂർച്ചയേറ്റി ഹെസൂസിനു പകരം ക്വാമി പെപ്രയും വിബിൻ മോഹനനു പകരം മുഹമ്മദ് അസ്ഹറും കളത്തിലെത്തി. തൊട്ടുപിന്നാലെ ഗാലറികളിൽ ആവേശം പടർത്തി ക്വാമി പെപ്ര തുടങ്ങിവച്ച മികച്ചൊരു മുന്നേറ്റത്തിലൂടെ ഇടതുവിങ്ങിൽ പന്ത് മുഹമ്മദ് ഐമന്. ഈസ്റ്റ് ബംഗാൾ ബോക്സിൽ പന്ത് കാൽപ്പാകത്തിനാക്കി ഐമൻ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നതുകണ്ട് കാണികൾ ഒന്നടങ്കം തലയിൽ കൈവച്ചു. ഇതിനു പിന്നാലെയായിരുന്നു ഐമന്റെ പാസിൽനിന്ന് പെപ്രയുടെ വിജയഗോൾ.

∙ ആദ്യ ഇലവനിലും മാറ്റം

സൂപ്പർതാരം അഡ്രിയൻ ലൂണ ഒരിക്കൽക്കൂടി അസുഖബാധിതനായി പുറത്തിരുന്ന മത്സരത്തിൽ നാലു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മികായേൽ സ്റ്റാറെ ടീമിനെ കളത്തിലിറക്കിയത്. പഞ്ചാബിനെതിരെ പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം ഹെസൂസ് ഹിമെനെ ഈസ്റ്റ് ബംഗാളിനെതിരെ ആദ്യ ഇലവനിൽ ഇടംപിടിച്ചു. മലയാളി താരം വിബിന്‍ മോഹനൻ‍, ഡാനിഷ് ഫറൂഖ് എന്നിവരും പ്ലേയിങ് ഇലവനിലെത്തി.

English Summary:

Kerala Blasters FC Vs East Bengal FC, ISL 2024-25 Match - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com