ഗോൾവരൾച്ചയ്ക്ക് താൽക്കാലിക പരിഹാരം കണ്ട് കാലിക്കറ്റ് എഫ്‍സി; തിരുവനന്തപുരം കൊമ്പൻസിനെ 4–1ന് തകർത്തു
Mail This Article
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരളയിൽ ഗോൾക്ഷാമമാണെന്ന പരാതിക്ക് ഇതാ ഒരു താൽക്കാലിക പരിഹാരം. പോയിന്റ് പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള ആവേശപ്പോരാട്ടത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ ഗോൾമഴയിൽ നനച്ച് കാലിക്കറ്റ് എഫ്‍സിയുടെ തേരോട്ടം. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കാലിക്കറ്റിന്റെ വിജയം. ആദ്യപകുതിയിൽ കാലിക്കറ്റ് എഫ്‍സി എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു.
കാലിക്കറ്റിനായി റിയാസ് (13–ാം മിനിറ്റ്), അബ്ദുൽ ഹക്കു (21–ാം മിനിറ്റ്), ഏണസ്റ്റ് (45+3), കെർവൻസ് ബെൽഫോർട്ട് (59) എന്നിവർ ലക്ഷ്യം കണ്ടു. തിരുവനന്തപുരത്തിന്റെ ആശ്വാസഗോൾ ഡേവി കുൻ (47–ാം മിനിറ്റ്) നേടി.
തകർപ്പൻ വിജയത്തോടെ ആറു കളികളിൽനിന്ന് 10 പോയിന്റുമായി കാലിക്കറ്റ് എഫ്‍സി രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ടു വിജയവും നാലു സമനിലയും സഹിതമാണിത്. സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീം കൂടിയാണ് കാലിക്കറ്റ് എഫ്‍സി. 12 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള കണ്ണൂർ വോറിയേഴ്സാണ് തോൽവിയറിയാത്ത മറ്റൊരു ടീം. സീസണിലെ രണ്ടാം തോൽവി വഴങ്ങിയ തിരുവനന്തപുരം കൊമ്പൻസ് ആറു കളികളിൽനിന്ന് ആറു പോയിന്റുമായി നാലാം സ്ഥാനത്തു തുടരുന്നു.