2006നു ശേഷം ആദ്യമായി തുടർച്ചയായി 4–ാം മത്സരവും തോറ്റ് മാഞ്ചസ്റ്റർ സിറ്റി, ലിവർപൂളിന് ജയം; വിനീസ്യൂസിന്റെ ഹാട്രിക് മികവിൽ റയൽ
Mail This Article
ലണ്ടൻ∙ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ഇതെന്തു പറ്റി! ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ സിറ്റി ആരാധകർ ഉത്തരം തേടുന്ന ചോദ്യമിതാണ്. ഏതാണ്ട് രണ്ടു പതിറ്റാണ്ടിനിടെ ഇതാദ്യമായി ഒരു സീസണിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയിരിക്കുകയാണ് സിറ്റി. പരിശീലകനെന്ന നിലയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ പെപ് ഗ്വാർഡിയോളയ്ക്കും ഇത് പുതിയ അനുഭവം. ആവേശകരമായ മത്സരത്തിൽ പിന്നിൽനിന്നും തിരിച്ചടിച്ച് ബ്രൈട്ടനാണ് സിറ്റിയെ വീഴ്ത്തിയത്. പിന്നാലെ നടന്ന മത്സരത്തിൽ ലിവർപൂൾ ആസ്റ്റൺ വില്ലയെ തോൽപ്പിക്കുക കൂടി ചെയ്തതോടെ, പോയിന്റ് പട്ടികയിൽ അവർക്ക് അഞ്ച് പോയിന്റ് ലീഡായി.
ബ്രൈട്ടന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതിയിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിലൂടെ ലീഡ് നേടിയ ശേഷമാണ് സിറ്റി തോൽവിയിലേക്ക് വഴുതിയത്. 23–ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോൾ. മത്സരം അവസാന 15 മിനിറ്റിലേക്ക് കടക്കുന്നതുവരെ ലീഡ് നിലനിർത്താൻ സിറ്റിക്ക് കഴിഞ്ഞെങ്കിലും, പിന്നീട് അവിശ്വസനീയമായി ബ്രൈട്ടൺ തിരിച്ചുവന്നു. 78–ാം മിനിറ്റിൽ ജാവോ പെഡ്രോ, 83–ാം മിനിറ്റിൽ മാറ്റ് ഒറീലി എന്നിവരാണ് ബ്രൈട്ടനായി ലക്ഷ്യം കണ്ടത്.
കരബാവോ കപ്പിൽ രണ്ടാഴ്ച മുൻപ് ടോട്ടനത്തോട് 2–1ന് തോറ്റതു മുതലാണ് സിറ്റിയുടെ ശനിദശ ആരംഭിക്കുന്നത്. പിന്നാലെ ഈ മാസം രണ്ടിന് പ്രിമിയർ ലീഗിൽ ബേൺമൗത്തിനോടും അതേ സ്കോറിൽ തോറ്റു. തുടർന്ന് ആറാം തീയതി നടന്ന ചാംപ്യൻസ് ലീഗ് പോരാട്ടത്തിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ്ങിനോട് 4–1ന്റെ ഞെട്ടിക്കുന്ന തോൽവി. ഇതിനും പിന്നാലെയാണ് പ്രിമിയർ ലീഗിലേക്കുള്ള മടങ്ങിവരവിൽ ബ്രൈട്ടനോടും 2–1ന് തോറ്റത്.
അതേസമയം, ആസ്റ്റൺ വില്ലയെ ഏകപക്ഷീയമായ രണ്ടു ഗോളിനു തകർത്താണ് ലിവർപൂൾ ഒന്നാം സ്ഥാനത്ത് 5 പോയിന്റിന്റെ ലീഡ് നേടിയത്. മത്സരത്തിന്റെ ഇരുപകുതികളിലുമായാണ് ലിവർപൂൾ ഗോൾ നേടിയത്. 20–ാം മിനിറ്റിൽ ഡാർവിൻ ന്യൂനസും 84–ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലായുമാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്.
മറ്റു മത്സരറങ്ങളിൽ ബ്രെന്റ്ഫോർഡ് ബേൺമൗത്തിനോയും (3–2), ഫുൾഹാം ക്രിസ്റ്റൽ പാലസിനെയും (2–0), വോൾവർഹാംപ്ടൻ സതാംപ്ടനേയും (2–0) തോൽപ്പിച്ചു. വെസ്റ്റ്ഹാം – എവർട്ടൻ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.
∙ വിനീസ്യൂസ് ഹാട്രിക്കിൽ റയൽ
ബലോൻ ദ് ഓർ പുരസ്കാരം കൈവിട്ടതിന്റെ നിരാശ മറക്കാൻ ഹാട്രിക്കുമായി മിന്നിയ സൂപ്പർതാരം വിനീസ്യൂസ് ജൂനിയറിന്റെ മികവിൽ, സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡ് വീണ്ടും വിജയവഴിയിൽ ഒസാസുനയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. 34, 61, 69 മിനിറ്റുകളിലാണ് വിനീസ്യൂസ് ലക്ഷ്യം കണ്ടത്. അവരുടെ മറ്റൊരു ഗോൾ ജൂഡ് ബെലിങ്ങാം നേടി. എൽ ക്ലാസിക്കോയിലും ചാംപ്യൻസ് ലീഗിലും തുടർച്ചയായി തോൽവി വഴങ്ങിയതിനു ശേഷമാണ് വിജയത്തിലേക്ക് റയലിന്റെ തിരിച്ചുവരവ്. മറ്റു മത്സരങ്ങളിൽ വിയ്യാ റയൽ ഡിപോർട്ടീവോ അലാവസിനെയും (3–0), ലെഗാനസ് സെവിയ്യയെയും (1–0) തോൽപ്പിച്ചു.
ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 33 പോയിന്റുമായി ബാർസിലോനയാണ് മുന്നിൽ. 27 പോയിന്റുമായി റയൽ മഡ്രിഡ് രണ്ടാമതാണ്. വിയ്യാ റയൽ (24 പോയിന്റ്), അത്‍ലറ്റിക്കോ മഡ്രിഡ് (23 പോയിന്റ്) എന്നിവരാണ് തൊട്ടുപിന്നിൽ.