പോസ്റ്റിനു മുന്നിൽ ‘കുട്ടികളും തോറ്റുപോകുന്ന’ പിഴവുമായി ഗുർപ്രീത്, മലേഷ്യയ്‌ക്കെതിരെ സമനില (1-1); 2024 ഇന്ത്യയ്ക്ക് ജയമില്ലാ വർഷം– വിഡിയോ
Mail This Article
ഹൈദരാബാദ്∙ ഈ വർഷത്തെ ആദ്യ വിജയം, കോച്ച് മനോലോ മാർക്കസിനു കീഴിലെ ആദ്യ ജയം എന്നീ സ്വപ്നങ്ങളുമായെത്തിയ ഇന്ത്യയെ സൗഹൃദ മത്സരത്തിൽ സമനിലയിൽ തളച്ച് ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള മലേഷ്യ. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില വഴങ്ങിയത്. 19–ാം മിനിറ്റിൽ പൗലോ ജോസ്വെയുടെ ഗോളിൽ മുന്നിൽക്കയറിയ മലേഷ്യയ്‌ക്കെതിരെ, 39–ാം മിനിറ്റിൽ രാഹുൽ ഭേക്കെ നേടിയ ഗോളിലാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (125) പിന്നിലുള്ള ടീമാണു മലേഷ്യ (133).
ഗോൾപോസ്റ്റിനു മുന്നിൽ രാജ്യത്തെ ഏറ്റവും മികച്ച ഗോൾകീപ്പറായ ഗുർപ്രീത് സിങ് സന്ധു വരുത്തിയ അസാധാരണ പിഴവാണ് ഇന്ത്യയെ ചതിച്ചത്. എതിർ പകുതിയിൽനിന്നും ഉയർന്നുവന്ന പന്ത് മുന്നിലേക്കെത്തുമ്പോൾ സന്ധുവിനെ ചാലഞ്ച് ചെയ്യാൻ പോലും ആരും അടുത്തുണ്ടായിരുന്നില്ല. ബോക്സ് വിട്ടിറങ്ങി പന്ത് വരുതിയിലാക്കാൻ ശ്രമിച്ച സന്ധുവിന്, ആവേശം വിനയായി. തൊട്ടുമുന്നിൽ കുത്തിയ പന്ത് സന്ധുവിന് യാതൊരു അവസരവും നൽകാതെ ഉയർന്നുപൊങ്ങി താരത്തിന്റെ തലയ്ക്കു മുകളിലൂടെ ബോക്സിൽ. ഓടിക്കയറിയ മലേഷ്യൻ താരം ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിട്ടു. ആരാധകർ ഒന്നടങ്കം തലയിൽ കൈവച്ചുപോയ ഗോൾ.
ഒടുവിൽ 39–ാം മിനിറ്റിൽ രാഹുൽ ഭേക്കെ നേടിയ ഗോളിൽ ഇന്ത്യ സമനിലയുമായി രക്ഷപ്പെട്ടു. ഇന്ത്യയ്ക്ക് അനുകൂലമായി 39–ാം മിനിറ്റിൽ ലഭിച്ച കോർണറാണ് ഗോളിനു വഴിയൊരുക്കിയത്. ബ്രണ്ടൻ ഫെർണാണ്ടസ് ഉയർത്തിവിട്ട പന്ത്, കളിക്കാരുടെ കൂട്ടപ്പൊരിച്ചിലിനിടെ കാത്തുനിന്ന രാഹുൽ ഭേക്കെ തലകൊണ്ട് കുത്തി വലയിലാക്കുകയായിരുന്നു.
ഇതോടെ, ഈ വർഷം കളിച്ച 11 രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയുടെ അഞ്ചാം സമനിലയാണിത്. ബാക്കി ആറെണ്ണം തോറ്റു. കഴിഞ്ഞ വർഷം മെർദേക്ക കപ്പിലാണ് ഇന്ത്യയും മലേഷ്യയും അവസാനം ഏറ്റുമുട്ടിയത്. അന്ന് സെമിയിൽ 4–2ന് ആയിരുന്നു മലേഷ്യൻ വിജയം. മാർച്ചിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനു മുൻപുള്ള ഇന്ത്യയുടെ അവസാന രാജ്യാന്തര പോരാട്ടം കൂടിയായിരുന്നു ഇത്.