ADVERTISEMENT

കളിക്കളത്തിലേക്കു ഫോക്കസ് ചെയ്യുകയാണു ബോളിവുഡിന്റെ ക്യാമറക്കണ്ണുകൾ. ദംഗലും ഭാഗ് മിൽഖാ ഭാഗും മേരി കോമും എം.എസ്.ധോണിയുമെല്ലാം സൃഷ്ടിച്ച തിരയിളക്കം ഹിന്ദി സിനിമയിൽ വീണ്ടും സ്പോർട്സ് ബയോ പിക് വിപ്ലവത്തിനു തിരികൊളുത്തുന്നു. കളിക്കളത്തിൽ നിന്നു കഥയൊരുക്കി പണം വാരുന്ന ട്രെൻഡിന് അതിവേഗത്തിൽ ക്ലാപ്പടിക്കുകയാണു പുതുവർഷത്തിൽ ബോളിവുഡ്.

കപിൽ ദേവ്, സെയ്ദ് അബ്ദുൾ റഹിം, അഭിനവ് ബിന്ദ്ര, സൗരവ് ഗാംഗുലി, സൈന നേ‌ഹ്‌വാൾ, സാനിയ മിർസ, പി.വി. സിന്ധു... ട്രാക്കിലും ഫീൽഡിലും ഗ്രൗണ്ടിലും കോർട്ടിലുമായി മിന്നിയ നക്ഷത്രങ്ങളുടെ തിളക്കം സ്ക്രീനിലേക്കു പകർന്നെടുക്കാൻ മത്സരിക്കുകയാണു ബി ടൗണിലെ നിർമാതാക്കൾ.

∙ കപിലിന്റെ 83

ക്രിക്കറ്റ് ഇത്രയധികം വേരോടിയ രാജ്യം വേറെയില്ല. ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിന്റെ വിത്തുകൾ വാരിവിതറിയതു 1983 ലെ ലോകകപ്പ് വിജയമാണ്. ആ വിജയത്തിലെ നായകന്റെ കഥ സ്ക്രീനിൽ കത്തിപ്പടരാനൊരുങ്ങുകയാണ്. ഒഴുക്കിനെതിരെ നീന്തിക്കയറിയ കപിൽ ദേവ് നിഖഞ്ജിന്റെ ചിത്രവിസ്മയം ‘83’ ഏപ്രിലിൽ തിയറ്ററുകളിലെത്തും. കബീർ ഖാൻ സംവിധാനം ചെയ്യുന്ന 83 യിൽ രൺവീർ സിങ്ങാണു കപിലിന്റെ വേഷത്തിലെത്തുന്നത്. കപിലിന്റെ പത്നി റോമിയുടെ റോളിൽ ‘മിസിസ് രൺവീർ’ ദീപിക പദുകോൺ എത്തുന്നതും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

∙ റഹിം സാബിന്റെ മൈതാൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ ശിൽപി സ്ക്രീനിൽ അവതരിക്കുകയാണ്. സെയ്ദ് അബ്ദുൾ റഹിം എന്ന ഇന്ത്യയുടെ പ്രിയ റഹിം സാബിന്റെ ജീവിതകഥ പറയുന്ന ‘മൈതാൻ’ ഈ വർഷാവസാനത്തോടെ തിയറ്ററുകളിലെത്തും. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലഘട്ടമെന്നു പറയാവുന്നതാണ് അബ്ദുൾ റഹിമിന്റെ കരിയറും. മെൽബൺ ഒളിംപിക്സിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്കു കുതിച്ച അൻപതുകളിലെ വിസ്മയ കളിക്കാലം റീലിലെത്തുമ്പോൾ റഹിം സാബ് ആകുന്നത് അജയ് ദേവ്ഗൺ.

∙നേഹ്‌വാളിന്റെ സൈന

ഹൈദരാബാദിൽ നിന്നു ലോക ബാഡ്മിന്റണിന്റെ നടുമുറ്റത്തേയ്ക്കു പറന്ന സൈന നേഹ്‌വാളിന്റെ ജീവിതകഥ ബോളിവുഡിന്റെ ബോക്സ് ഓഫിസിലും സ്മാഷ് ഉതിർക്കാൻ ഇനി വൈകില്ല. സൂപ്പർ സീരീസ് കിരീടപ്പോരാട്ടങ്ങളുടെ സസ്പെൻസ് ത്രില്ലറുകളും ആദ്യ ഒളിംപിക്സ് മെഡലിന്റെ അഭിമാനമുഹൂർത്തങ്ങളുമെല്ലാം ബിഗ് സ്ക്രീനിൽ പുനർജനിക്കുന്ന ‘സൈന’ ബയോപിക്ചറിൽ പരിണീതി ചോപ്രയാണു സൈനയായി റാക്കറ്റേന്തുന്നത്.

∙അഭിനവിന്റെ ബിന്ദ്ര

അഭിനവ് ബിന്ദ്ര – ഇന്ത്യൻ കായിക പ്രേമികൾക്കു മുന്നിൽ പരിചയപ്പെടുത്തലുകൾ വേണ്ടാത്ത ഷൂട്ടിങ് താരം. ഒളിംപിക്സിന്റെ അഭിമാനവേദിയിൽ 100 കോടി ജനങ്ങളുടെ സ്വപ്നങ്ങൾക്കു സ്വർണസാക്ഷാത്കാരം നൽകിയ അഭിനവിന്റെ ഇന്ദ്രജാലം ‘ബിന്ദ്ര’യായി ഷൂട്ടിനൊരുങ്ങുകയാണ്. ബോളിവുഡിന്റെ എവർഗ്രീൻ സ്റ്റാർ അനിൽ കപൂറിന്റെ പുത്രൻ ഹർഷ്‌വർധൻ ആണ് ബിന്ദ്രയുടെ റോളിൽ. അനിൽ കപൂറും പുത്രനും ആദ്യമായി ഒരുമിച്ച് ബോളിവുഡിൽ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

∙മിതാലിയുടെ സബാഷ്

ആരാണ് നിങ്ങളുടെ ഫേവറിറ്റ് വനിതാ ക്രിക്കറ്റർ? ഉത്തരങ്ങളിൽ ഏറിയ പങ്കും മിതാലി രാജ് എന്നാകും. ഇഷ്ട ക്രിക്കറ്റ് ഹീറോ ആരാണെന്നതിനു പകരം ഇഷ്ട വനിതാ ക്രിക്കറ്റർ ഏതാണെന്നു ചോദിക്കുന്ന നാൾ മോഹിച്ച്, ആ ആഗ്രഹം സാധിച്ച മിതാലിയുടെ പോരാട്ടത്തിന്റെ കഥയും സിനിമയാകുകയാണ് – ‘സബാഷ് മിതു’. തപ്സി പന്നുവാണു മിതാലിയായി സ്ക്രീനിൽ ബാറ്റേന്തുന്നത്. റായീസ്, പർസാനിയ പോലുള്ള ചിത്രങ്ങളൊരുക്കിയ രാഹുൽ ധൊലാക്കിയയാണു സംവിധാനം.

∙ഇടിക്കൂട്ടിലെ ഹവാ സിങ്

അറുപതുകളിൽ ഏഷ്യൻ ബോക്സിങ് റിങ്ങുകളിൽ ഇടിമുഴക്കം തീർത്ത പേരാണു ഹവാ സിങ്. ഏഷ്യൻ ഗെയിംസുകളിൽ സ്വർണം വാരിയ, ഒരു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ബോക്സിങ്ങിന്റെ വീരനായകനായി തിളങ്ങിയ ഹവാ സിങ്ങിന്റെ കഥയും ബോളിവുഡ് എടുത്തുകഴിഞ്ഞു. സൂരജ് പാഞ്ചോളി ലീഡ് റോളിൽ പ്രത്യക്ഷപ്പെടുന്ന ‘ഹവാ സിങ്’ സിനിമയുടെ നിർമാണത്തിനു പിന്നിലെ കരുത്ത് നടൻ സൽമാൻ ഖാനാണ്.

∙സൗരവിന്റെ ദാദ

ബി ടൗണിൽ നിന്ന് ഏറ്റവുമൊടുവിൽ കേൾക്കുന്ന സ്പോർട്സ് ബയോപിക് വാർത്തകളിലെ നായകൻ സൗരവ് ഗാംഗുലിയാണ്. ടീം ഇന്ത്യക്ക് പോരാട്ടവീര്യം സമ്മാനിച്ച ക്യാപ്റ്റൻ ഗാംഗുലിയുടെ കഥ ബിഗ് സ്ക്രീനിലേക്കു പറിച്ചുനടാൻ സാക്ഷാൽ കരൺ ജോഹർ രംഗത്തെത്തിയെന്നാണു സംസാരം. ഇതുവരെ വന്ന ക്രിക്കറ്റ് കഥക്കൂട്ടുകളിൽ ബോക്സ് ഓഫിസിനെ പിടിച്ചുകുലുക്കാൻ പോന്ന ഒന്നാകും സൗരവിന്റെ വരവെന്നു തീർച്ച. ആ വരവിനു ‘ദാദ’ എന്നല്ലാതെ ഏതു പേരിട്ടാലാണു പൂർണത കൈവരുക?

∙ സാനിയയും സിന്ധുവും

ഇന്ത്യൻ കായികലോകത്തു സമാനതകളില്ലാത്ത നേട്ടം കൈവരിച്ച രണ്ടു പെൺകൊടികൾ – സാനിയ മിർസയും പുസർല വെങ്കിട സിന്ധുവും. ബോളിവുഡിന്റെ കണ്ണുകൾ കായികഭൂവിലേക്കു തിരിയുമ്പോൾ ഇരുവർക്കും മാറിനിൽക്കാനാകില്ല. സ്ക്രീനിലെത്താൻ വൈകുമെങ്കിലും ഇന്ത്യൻ സ്പോർട്സിലെ രണ്ടു ഹോട്ട് അച്ചീവേഴ്സിന്റെ ജീവിതകഥകളും സജീവ ചർച്ചകളിലാണ്. കരിയർ കഥയാക്കാൻ റോണി സ്ക്രൂവാലയ്ക്കു പച്ചക്കൊടി നൽകിയ കാര്യം സാനിയതന്നെ പുറത്തുവിട്ടുകഴിഞ്ഞു. സാനിയയുടെ പാതയിലാണു നാട്ടുകാരി കൂടിയായ പി.വി. സിന്ധുവും. ലോക ചാംപ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരത്തിന്റെ പോരാട്ടവീര്യം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിനുള്ള അവകാശം നടൻ സോനു സൂദ് സ്വന്തമാക്കിക്കഴിഞ്ഞു. ആരാകും സിന്ധുവിന്റെ റാക്കറ്റുമായി സിനിമയിൽ ലോങ് റാലികളുതിർക്കുക ? പ്രകാശ് പദുകോണിന്റെ പുത്രി ദീപിക പദുകോണിനാകും ആ നിയോഗം. സിന്ധുവിന്റെ മനസിലും ദീപികയാണ് ആ താരം.

ഹൈദരാബാദിൽ നിന്നുതന്നെയുള്ള ഒരു കായികതാരവും സിനിമയുടെ റഡാറിലുണ്ട് – സൈനയുടെയും സിന്ധുവിന്റെയും കോച്ച് കൂടിയായ പുല്ലേല ഗോപീചന്ദ്. ഇന്ത്യൻ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ ബയോപിക്കും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വരുൺ ധവാൻ ഹോക്കി സ്റ്റിക്കുമായിട്ടിറങ്ങുമെന്നു പ്രതീക്ഷിക്കുന്ന ചിത്രം അടുത്ത വർഷമാകും ചിത്രീകരണം തുടങ്ങുക.

∙ കളിയിലല്ല കാര്യം

എന്തുകൊണ്ടാണ് സച്ചിൻ തെൻഡുൽക്കറുടെ ജീവിതം പറഞ്ഞ സിനിമയെക്കാൾ വലിയ വിജയം മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ ചിത്രം നേടിയത്? എന്തുകൊണ്ടാണു സച്ചിന്റെയും ധോണിയുടെയും കഥ പറഞ്ഞ ചിത്രങ്ങളെ വെല്ലുന്ന വിജയം ഫൊഗട്ട് സഹോദരിമാരുടെ ജീവിതം കാണിച്ച സിനിമ നേടിയത്? സിനിമയ്ക്കു സ്പോർട്സ് പ്രമേയമാകുന്ന വാർത്തകൾ ഒന്നിനു പുറകേ ഒന്നായെത്തുന്ന കാലമാണെങ്കിലും ബോളിവുഡിന് ഇതിന് ഉത്തരമില്ല.

കളിക്കളത്തിൽ നിന്നു സ്ക്രീനിലെത്തുമ്പോൾ കാഴ്ചക്കാർക്കു വേണ്ട ചേരുവകൾ പക്ഷേ, വ്യത്യസ്തമാണ്. കളത്തിൽ അവർ കാണാൻ കൊതിക്കുന്നതു വീരപരിവേഷമുള്ള താരങ്ങളുടെ പ്രകടനങ്ങളാകും. എന്നാൽ സ്ക്രീനിലെത്തുമ്പോൾ താരപ്രഭ കൊണ്ടുമാത്രം ആരാധകരെ ആകർഷിക്കാനാകില്ല. വേണ്ടതു ജീവിതമാണ്. കളി കഥയാകുമ്പോൾ പച്ചയായ ജീവിതം വേണം. അതിജീവനം വേണം.

∙ സ്പോർട്സ് ബയോപിക് XI

ദംഗൽ (2016)

∙ ഗുസ്തി താരങ്ങളായ ഫൊഗട്ട് സഹോദരിമാരെ സൃഷ്ടിച്ച മഹാവീർ സിങ്ങിന്റെ കഥ
∙ ലീഡ് റോൾ: അമീർ ഖാൻ

എം.എസ്.ധോണി: അൺടോൽഡ് സ്റ്റോറി (2017)

∙ മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ ചിത്രം
∙ ലീഡ് റോൾ: സുശാന്ത് സിങ് രാജ്പുത്ത്

ബുധിയ സിങ്: ബോൺ ടു റൺ (2016)

∙ 2006 ൽ വാർത്തകളിൽ നിറഞ്ഞുനിന്ന 5 വയസുകാരന്റെ കഥ
∙ ലീഡ് റോൾ: മനോജ് ബാജ്പേയി

അസ്ഹർ (2016)

∙ ക്രിക്കറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ചിത്രഭാഷ
∙ ലീഡ് റോൾ: ഇമ്രാൻ ഹാഷ്മി

മേരി കോം (2014)

∙ ബോക്സിങ് താരം എം.സി. മേരികോമിന്റെ ജീവചിത്രം
∙ ലീഡ് റോൾ: പ്രിയങ്ക ചോപ്ര

ഭാഗ് മിൽഖാ ഭാഗ് (2013)

∙ പറക്കും മിൽഖാ സിങ്ങിന്റെ സിനിമാവിഷ്കാരം
∙ ലീഡ് റോൾ: ഫർഹാൻ അക്തർ

പാൻ സിങ് തോമർ (2012)

∙ സ്റ്റീപ്പിൾചേസ് താരം പാൻ സിങ്ങിന്റെ ജീവിതം
∙ ലീഡ് റോൾ: ഇർഫാൻ ഖാൻ

സച്ചിൻ: എ ബില്യൺ ഡ്രീംസ് (2017)

∙ തെൻഡുൽക്കറെ കുറിച്ചുള്ള ഡോക്യു ഡ്രാമ ചിത്രം
∙ ലീഡ് റോൾ: സച്ചിൻ തെൻഡുൽക്കർ

സൂർമ (2018)

∙ ഹോക്കി സൂപ്പർ താരം സന്ദീപ് സിങ്ങിന്റെ കഥ
∙ ലീഡ് റോൾ: ദിൽജിത് ദൊസാഞ്ച്

ഗോൾഡ് (2018)

∙ ആദ്യ ഒളിംപിക് സ്വർണം നേടിയ ഹോക്കി
താരം ബൽബീർ സിങ്ങിനെക്കുറിച്ച്
∙ ലീഡ് റോൾ: അക്ഷയ് കുമാർ

ഛക് ദേ ഇന്ത്യ ! (2007)

∙ മുൻ ഇന്ത്യൻ ഹോക്കി ടീം ഗോളി മിർ രഞ്ജൻ നേഗിയുടെ കഥയിൽ നിന്ന്
∙ ലീഡ് റോൾ: ഷാരൂഖ് ഖാൻ

English Summary: Upcoming Bollywood sports biopics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com