ബ്ലേക്കിന് ബ്ലോക്ക്; കൃത്രിമക്കാലിൽ ഓടുന്ന ബ്ലേക്ക് ലീപ്പറിന് ഒളിംപിക്സ് വിലക്ക്
![blake blake](https://img-mm.manoramaonline.com/content/dam/mm/mo/sports/other-sports/images/2021/4/27/blake.jpg?w=1120&h=583)
Mail This Article
മൊണാക്കോ ∙ കൃത്രിമക്കാലിൽ ഓടുന്ന യുഎസ് അത്‌ലീറ്റ് ബ്ലേക്ക് ലീപ്പറിനു ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കുന്നതിനു വിലക്കുമായി ലോക അത്‍ലറ്റിക് സംഘടന. കൃത്രിമക്കാലുകൾ താരത്തിന് ഓട്ടത്തിൽ മുൻതൂക്കം നൽകുമെന്നു കണ്ടെത്തിയതിനാലാണ് നടപടി.
എന്നാൽ, ദക്ഷിണാഫ്രിക്കയുടെ ‘ബ്ലേഡ് റണ്ണർ’ ഓസ്കർ പിസ്റ്റോറിയസിനു 2012ലെ ലണ്ടൻ ഒളിംപിക്സിൽ മത്സരിക്കാൻ അനുവാദം നൽകിയിരുന്നു. കായിക തർക്കപരിഹാര കോടതിയുടെ ഉത്തരവിന്റെ ബലത്തിൽ ലണ്ടൻ ഒളിംപിക്സിൽ മത്സരിച്ച പിസ്റ്റോറിയസ് 400 മീറ്ററിൽ സെമിയിലെത്തിയിരുന്നു. മുപ്പത്തിയൊന്നുകാരനായ ലീപ്പർക്കെതിരായ അത്‍ലറ്റിക് സംഘടനയുടെ ഉത്തരവ് കഴിഞ്ഞ ഒക്ടോബറിൽ കായിക തർക്കപരിഹാര കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാൽ, നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണു സംഘടനയുടെ പുതിയ ഉത്തരവ്. കാർബൺ ഫൈബറിൽ നിർമിച്ച കൃത്രിമക്കാലുകൾ ലീപ്പറിനു കൂടുതൽ വേഗം നൽകുമെന്നാണു കണ്ടെത്തൽ.
കൃത്രിമക്കാലുകളുടെ ഉയരവും പ്രശ്നമായി. ലീപ്പറുടെ ഇരുകാലുകളും ജൻമനാ മുട്ടുവരെയേ ഉള്ളൂ. പിന്നീടാണു കൃത്രിമക്കാലുകൾ വച്ചതും ഓട്ടം പരിശീലിച്ചതും. ശാരീരിക വെല്ലുവിളി നേരിടുന്നവർ മത്സരിക്കുന്ന പാരാലിംപിക്സ് ഉൾപ്പെടെയുള്ളവയിൽ പങ്കെടുക്കുന്നതിനു വിലക്കില്ല.