എല്ലായിടത്തും കർശന നിയന്ത്രണം; ടിവിയില്ല, വൈഫൈ ഉണ്ട്: ശ്രീജേഷ് എഴുതുന്നു

Mail This Article
കോവിഡിനെ ഒളിംപിക് വേദിയുടെ പടിക്കു പുറത്തു നിർത്താൻ പഠിച്ച പണിയെല്ലാം പയറ്റുന്നുണ്ട് ജപ്പാൻ. വിമാനത്താവളം മുതൽ ഇത്രയേറെ കരുതലെടുത്തിട്ടും ഒളിംപിക് വില്ലേജിനുള്ളിൽ താമസമാക്കിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾക്കും സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചത് അതിശയിപ്പിക്കുന്നു. പക്ഷേ, അതിന്റെ പേരിൽ ആശങ്ക പടരാതിരിക്കാൻ സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടൊന്നുമില്ല. വില്ലേജിൽ എത്തുന്നവർക്കെല്ലാം 3 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധനയുണ്ട്.
അപ്പാർട്മെന്റുകളിലടക്കം വില്ലേജിന്റെ മുക്കിലും മൂലയിലുമെല്ലാം സാനിറ്റൈസർ ബോട്ടിലുകൾ സ്ഥാപിച്ചിട്ടുണ്ട്. അത്‌ലീറ്റുകളെല്ലാം സ്വന്തമായും സാനിറ്റൈസർ കൊണ്ടു നടക്കുന്നു. ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും പരിശീലന, മത്സര സമയങ്ങളിലും മാത്രമാണു മാസ്ക് മാറ്റാൻ അനുമതി. പരിശീലനത്തിനു മാത്രമാണിപ്പോൾ താരങ്ങൾ വില്ലേജിനു പുറത്തേക്കു പോകുന്നത്.
പറ്റുന്നിടത്തോളം സ്വന്തം മുറികളിൽ തന്നെ കഴിച്ചുകൂട്ടാനാണു ഞങ്ങളും ശ്രമിക്കുന്നത്. ഇവിടെ ടിവിയൊന്നുമില്ല. വൈഫൈ ഉള്ളതിനാൽ മൊബൈൽ ഫോൺ മാത്രമാണു സമയം കളയാൻ മാർഗം.
ഡൈനിങ് ഹാളിൽ കർശന ചിട്ടകളാണ്. ഗ്ലൗസ് ധരിച്ചു വേണം ഭക്ഷണ ട്രേ എടുക്കേണ്ടത്. മേശയിൽ ഒരോരുത്തർക്കും ഒരു സുതാര്യമായ ക്യുബിക്കിൾ. 3 വശത്തും പ്ലാസ്റ്റിക് കൊണ്ടുള്ള മറയാണ്. ഓരോരുത്തർ കഴിച്ചു കഴിയുമ്പോഴും അണുനാശിനികൊണ്ടു വൃത്തിയാക്കും.
English summary: PR Sreejesh's article about Olympics