ഗ്രാൻഡ് ‘മാസ്’ നിഹാൽ ! ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെതിരെ സമനില പിടിച്ച് മലയാളി താരം
Mail This Article
തൃശൂർ ∙ ലോക ഒന്നാം നമ്പർ ചെസ് താരം മാഗ്നസ് കാൾസനെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ സമനിലയിൽ പിടിച്ച് മലയാളി ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ. ഉസ്ബക്കിസ്ഥാനിലെ സമർകന്ദിൽ നടക്കുന്ന ലോക ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിന്റെ 11–ാം റൗണ്ടിലാണു കാൾസനുമായി നിഹാൽ ഏറ്റുമുട്ടിയത്. ഓൺലൈൻ മത്സരങ്ങളിൽ ഇരുവരും കൊമ്പുകോർത്തിട്ടുണ്ടെങ്കിലും ആദ്യത്തെ ഫിഡെ റേറ്റഡ് മത്സരത്തിൽ തന്നെ മുൻ ലോക ചാംപ്യനെ തളയ്ക്കാനായതു പത്തൊൻപതുകാരൻ നിഹാലിനു വലിയ നേട്ടമായി.
പോയിന്റ് നിലയിൽ കാൾസനുമായി തുല്യ നിലയിലെത്താൻ നിഹാലിനു കഴിഞ്ഞെങ്കിലും 15–ാം റൗണ്ടിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ യാൻ നീപോംനീഷിയോടു പരാജയപ്പെടുകയും തുടർച്ചയായി സമനില വഴങ്ങുകയും ചെയ്തതോടെ പത്താം സ്ഥാനത്തേക്കിറങ്ങി. കാൾസനു പുറമേ ലോക ചാംപ്യൻഷിപ്പിലെ റണ്ണറപ് നീപോംനീഷി, ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരൂന തുടങ്ങിയവരടക്കം ലോകോത്തര താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ റാങ്കിങ് കണക്കാക്കിയാൽ 20–ാം സ്ഥാനത്തായിരുന്നു നിഹാൽ. എന്നാൽ, ആദ്യ പത്തു റൗണ്ടുകൾ പിന്നിട്ടപ്പോഴേക്കും നിഹാൽ പോയിന്റ് നിലയിൽ ആദ്യ 5ലേക്ക് എത്തി.
11–ാം റൗണ്ട് പൂർത്തിയായപ്പോൾ 8.5 പോയിന്റ് വീതം നേടി കാൾസനും നീപോംനീഷിക്കുമൊപ്പം ടോപ് ഓർഡറിൽ തുല്യനിലയിലേക്കു നിഹാൽ ഉയർന്നിരുന്നു. എന്നാൽ, 12, 13, 14 റൗണ്ടുകളിലും സമനില വഴങ്ങേണ്ടിവന്നു. കരുത്തനായ നീപോംനീഷിയോടു 15–ാം റൗണ്ടിൽ തോറ്റതോടെ പോയിന്റ് നിലയിൽ ഇടിവുണ്ടായി.
16,17,18 റൗണ്ടുകളിൽ നേടിയ സമനിലയോടെ 11 പോയിന്റാണു നിഹാലിന്റെ സമ്പാദ്യം. പത്താം സ്ഥാനം. തൃശൂർ പൂത്തോൾ സ്വദേശിയായ നിഹാൽ ലോക ചെസ് ഒളിംപ്യാഡിലെ വ്യക്തിഗത സ്വർണ ജേതാവ് കൂടിയാണ്. 13 പോയിന്റുമായി അർറ്റമീവ് വ്ലാദിസ്ലാവ് ആണു ടൂർണമെന്റിൽ ഒന്നാമത്.
"ഇതാദ്യമായാണു മാഗ്നസിനോടു ബോർഡിനു മുന്നിൽ നേരിട്ടു മത്സരിക്കുന്നത്. ഏറെക്കാലമായി ആഗ്രഹിച്ച മത്സരമായിരുന്നു ഇത്. സമനിലയിൽ പിടിക്കാൻ കഴിഞ്ഞതു പോലും ബോണസ് ആയി കരുതുന്നു." - നിഹാൽ സരിൻ