സ്കൂൾ കായികമേള അത്‌ലറ്റിക്സിൽ മലപ്പുറം മുന്നിൽ; സ്കൂളുകളിൽ മാർ ബേസിലിനെ പിന്തള്ളി ഐഡിയൽ കടകശ്ശേരി
Mail This Article
കൊച്ചി∙ കായിക കൗമാരക്കുതിപ്പായി സംസ്ഥാന സ്കൂൾ കായികമേള അവസാന ഘട്ടത്തിലേക്ക്. നാളെയാണു സമാപനം. അത്‌ലറ്റിക്സിൽ ഇന്നും നാളെയുമായി 50 ഇനങ്ങളിൽ ഫൈനൽ മത്സരങ്ങൾ നടക്കാനിരിക്കെ മലപ്പുറം ജില്ല (124 പോയിന്റ്) കുതിപ്പു തുടരുകയാണ്. പാലക്കാട് രണ്ടും ആതിഥേയരായ എറണാകുളം മൂന്നും സ്ഥാനങ്ങളിലുണ്ട്. ഓവറോൾ ചാംപ്യൻപട്ടത്തിനുള്ള പോരാട്ടത്തിൽ 1895 പോയിന്റോടെ ‘മത്സരമില്ലാത്ത’ മുന്നേറ്റത്തിലാണു തിരുവനന്തപുരം ജില്ല. തൃശൂർ 763 പോയിന്റുമായി രണ്ടും കണ്ണൂർ 683 പോയിന്റുമായി മൂന്നും സ്ഥാനങ്ങളിലുണ്ട്.
ഇന്നലെ അത്‌ലറ്റിക്സിൽ ഒരേയൊരു മീറ്റ് റെക്കോർഡാണു പിറന്നത്. സീനിയർ ബോയ്സ് 110 മീ. ഹർഡിൽസിൽ തൃശൂർ കാൽഡിയൻ സിറിയൻ എച്ച്എസ്എസിലെ വിജയ് കൃഷ്ണയാണ് 13.97 സെക്കൻഡിൽ ഫിനിഷ് ചെയ്തു പുതിയ റെക്കോർഡ് സ്ഥാപിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ എസ്.ഷാഹുലും (പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്) നിലവിലെ റെക്കോർഡ് മെച്ചപ്പെടുത്തി–14.00 സെക്കൻഡ്. സീനിയർ ആൺകുട്ടികളുടെ ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങളിലും ഇന്നാണു ഫൈനൽ.
∙ മാർ ബേസിലിനെ പിന്തള്ളി ഐഡിയൽ കടകശ്ശേരി
ആദ്യ 2 ദിവസങ്ങളിൽ വ്യക്തമായ ലീഡുമായി മുന്നേറിയ കോതമംഗലം മാർ ബേസിൽ സ്കൂളിനെ ഇന്നലത്തെ അതിവേഗക്കുതിപ്പിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂൾ പിന്നിലാക്കി. ആകെ 96 മത്സരയിനങ്ങളുള്ള അത്‌ലറ്റിക്സിലെ പകുതി മത്സരങ്ങളുടെ ഫലംവന്നപ്പോൾ സ്കൂളുകളിൽ നിലവിലെ ചാംപ്യൻമാരായ ഐഡിയൽ 5 സ്വർണമടക്കം 44 പോയിന്റുമായി ഒന്നാമതെത്തി. രണ്ടാമതുള്ള മാർ ബേസിലിന് 3 സ്വർണമടക്കം 33 പോയിന്റ്. ഇന്നലെ നടന്ന 17 ഫൈനലുകളിൽ നിന്ന് ഒരു മെഡൽപോലും നേടാനാകാത്തത് മാർ ബേസിലിനു തിരിച്ചടിയായി. 23 പോയിന്റുമായി നവാമുകുന്ദ എച്ച്എസ്എസാണ് മൂന്നാമത്.
ജില്ലകളുടെ കിരീടപ്പോരാട്ടത്തിൽ മലപ്പുറം എതിരാളികളെക്കാൾ ബഹുദൂരം മുന്നിലെത്തിയ മലപ്പുറം കിരീടത്തിനും അടുത്തെത്തി. 15 സ്വർണമടക്കം 124 പോയിന്റുമായി മലപ്പുറം മുന്നിലോടുമ്പോൾ രണ്ടാമതുള്ള പാലക്കാട് ജില്ലയ്ക്കു 10 സ്വർണമടക്കം 76 പോയിന്റ് മാത്രം. എറണാകുളമാണ് (41 പോയിന്റ്) മൂന്നാമത്. മേള നാളെ സമാപിക്കും.