ADVERTISEMENT

കൊച്ചി ∙ നാളെയുടെ താരങ്ങൾ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേടാൻ സാധ്യതയുള്ളവർ.. സംസ്ഥാന സ്കൂൾ കായികമേളയിലെ മികച്ച താരങ്ങളെ തിര‍ഞ്ഞെടുക്കുന്നതിനായി മലയാള മനോരമയുടെ വിദഗ്ധ സമിതി മുന്നിൽവച്ച പ്രധാന മാനദണ്ഡങ്ങൾ ഇവയാണ്. സീനിയർ ആൺകുട്ടികളിൽ ഒരു റെക്കോർഡ് ഉൾപ്പെടെ ഇരട്ട സ്വർണം നേടിയ മുഹമ്മദ് അഷ്ഫാഖിന്റേതും റിലേയിൽ ഉൾപ്പെടെ 4 സ്വർണം നേടിയ എം.ജ്യോതികയുടേതും ഉജ്വല പ്രകടനങ്ങളാണെന്നു വിലയിരുത്തിയ സമിതി വിദഗ്ധ പരിശീലനം തുടർന്നാൽ ഇരുവരും ഭാവിയിൽ മുതൽക്കൂട്ടാകുമെന്ന് ഏകസ്വരത്തിൽ വിധിയെഴുതി.

മുൻ രാജ്യാന്തര താരങ്ങളായ മേഴ്സി കുട്ടനും ജോസഫ് ജി.ഏബ്രഹാമും അത്‌ലറ്റിക്സ് പരിശീലകനും സാങ്കേതിക വിദഗ്ധനുമായ പി.ഐ.ബാബുവും ഉൾപ്പെട്ട സമിതി ഇത്തവണത്തെ കായികമേളയിലെ മത്സരഫലങ്ങളെല്ലാം വിലയിരുത്തി. വേൾഡ് അത്‌ലറ്റിക്സിന്റെ പോയിന്റ് സംവിധാനവും വിധിനിർണയത്തിന്റെ ഭാഗമാക്കി. 

അത്‌ലറ്റിക്സ് മത്സരങ്ങളുടെ ആദ്യദിനം സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ 47.65 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിലെ അഷ്ഫാഖ് റെക്കോർഡിട്ടത്. ‘ജൂനിയർ തലത്തിലെ മികച്ച സമയമാണ് അഷ്ഫാഖ് കുറിച്ചത്. പ്രകടനങ്ങളിൽ വ്യക്തമായ വളർച്ച കൈവരിക്കാൻ കഴിയുന്നു. ഈ മികവ് തുടർന്നാൽ ഇന്ത്യയ്ക്ക് മികച്ച മെഡൽ സാധ്യതയുള്ള 400 മീറ്ററിൽ രാജ്യാന്തര തലത്തിൽ തിളങ്ങാൻ അഷ്ഫാഖിന് സാധിക്കും– സമിതി വിലയിരുത്തി. 

റിലേയിൽ അടക്കം 4 സ്വർണം നേടിയെങ്കിലും പാലക്കാട് കല്ലേക്കാട് സ്വദേശിനിയായ ജ്യോതികയുടെ ഏറ്റവും മികച്ച പ്രകടനം 400 മീറ്ററിലാണെന്നാണ് വിലയിരുത്തൽ. 56.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരം പിന്നാലെ 400 മീറ്റർ ഹർഡിൽസിലും 200 മീറ്ററിലും സ്വർണം നേടി. തുടർച്ചയായ 2 സ്കൂൾ മീറ്റുകളിൽ‌ 4 സ്വർണം വീതം നേടിയത് ജ്യോതികയുടെ സ്ഥിരതയ്ക്കു തെളിവാണ്. 

 400 മീറ്ററിൽ സ്പെഷലൈസ് ചെയ്ത് സ്പോർട്സ് സയൻസ് ഉൾപ്പെടെ മികച്ച സൗകര്യങ്ങളോടു കൂടിയ പരിശീലനമാണ് ഇനി ജ്യോതികയ്ക്ക് ആവശ്യമെന്നും സമിതി അഭിപ്രായപ്പെട്ടു. 

അഭിമാനം അഷ്ഫാഖ്

തിരുവനന്തപുരം അരുവിക്കര ജിവി രാജ സ്പോർട്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണു മുഹമ്മദ് അഷ്‌ഫാഖ്. കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ ജൂനിയർ ഹർഡിൽസിൽ സ്വർണം നേടിയിരുന്നു. തൃശൂർ പെരിഞ്ഞനം സ്വദേശിയായ അഷ്ഫാഖ്, ജിവി രാജ സ്പോർട്സ് അക്കാദമി ജില്ലകൾ തോറും നടത്തിയ സിലക്‌ഷൻ ട്രയൽസിലൂടെ പത്താം ക്ലാസിലാണു ജിവി രാജ സ്കൂളിൽ ചേർന്നത്. അഷ്റഫ്– ജസീന ദമ്പതികളുടെ മകനാണ്.

പ്രതീക്ഷയായി ജ്യോതിക

പാലക്കാട് പറളി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ജ്യോതിക കഴിഞ്ഞ വർഷത്തെ സ്കൂൾ മീറ്റിലും 400 മീറ്റർ ഹർഡിൽസ്, 400 മീറ്റർ, 200 മീറ്റർ, 4–400 മീറ്റർ റിലേ എന്നിവയിൽ സ്വർണം നേടിയിരുന്നു. അതിനു മുൻപു തിരുവനന്തപുരത്തു നടന്ന മീറ്റിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 400, 200 മീറ്ററിൽ സ്വർണവും 400 മീറ്റർ ഹർഡിൽസിൽ വെള്ളിയും 4–400 മീറ്റർ റിലേയിൽ വെള്ളിയും നേടി ചാംപ്യനായി. പാലക്കാട് കല്ലേക്കാട് സ്വദേശി എൽഐസി ഏജന്റ് ജി.മണികണ്ഠൻ– പി.ആർ.സജിത ദമ്പതികളുടെ മകളാണ്. 

വിദഗ്ധ സമിതിയുടെ പ്രധാന നിർദേശങ്ങൾ

∙ സ്കൂൾ മീറ്റുകളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ഫിസിയോ, ന്യൂട്രീഷനിസ്റ്റ്, സ്പോർട്സ് സയൻസ് തുടങ്ങിയ നൂതന സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രങ്ങളിലെത്തിക്കണം

∙ അമിത ഭാരമേൽപിച്ച് സ്കൂൾ മീറ്റുകളിലൂടെ കുട്ടികളുടെ ഭാവി അവസാനിപ്പിക്കുന്ന പ്രവണത മാറണം. ഒരു കുട്ടിക്ക് മത്സരിക്കാവുന്ന പരമാവധി മത്സര ഇനങ്ങൾ രണ്ടാക്കി ചുരുക്കണം

∙കൂടുതൽ വർഷം മത്സരിപ്പിക്കാനായി  സ്കൂളുകളിൽ അത്‌ലറ്റിക്സ് താരങ്ങളെ ചില ക്ലാസുകളിൽ ‘തോൽപിച്ചു’ പഠിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. ഇതിനായി സ്കൂൾ മീറ്റിൽ മത്സരിക്കാവുന്ന പരമാവധി പ്രായം 17 വയസ്സാക്കണം. 

∙ തുടർച്ചയായ മത്സരങ്ങൾ കുട്ടികളെ തളർത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെയും അസോസിയേഷന്റെയും മത്സരങ്ങൾക്കിടയിൽ കൃത്യമായ ഇടവേള ഉറപ്പാക്കണം. അത്‌ലറ്റിക്സ് അസോസിയേഷന്റെ മാതൃകയിൽ സ്കൂൾ മീറ്റ് കലണ്ടറും ചർച്ച ചെയ്ത് നേരത്തേ  പുറത്തിറക്കണം.

English Summary:

Ashfaq and Jyothika are future stars in athletics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com