അനന്യം, ഈ റെക്കോർഡ്!; ലോങ്ജംപിൽ എസ്.അനന്യയ്ക്ക് ദേശീയ റെക്കോർഡോടെ സ്വർണം
Mail This Article
കഴിഞ്ഞവർഷം പരുക്കിൽ വഴുതിപ്പോയ മെഡൽ ഇത്തവണ ദേശീയ റെക്കോർഡോടെ ചാടിയെടുത്ത് എസ്.അനന്യ. ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ അണ്ടർ 16 പെൺകുട്ടികളുടെ ലോങ്ജംപിലാണ് റെക്കോർഡോടെ അനന്യയുടെ സ്വർണനേട്ടം. ഈ വർഷത്തെ ദേശീയ ഇന്റർ ഡിസ്ട്രിക്ട് ജൂനിയർ അത്‌ലറ്റിക്സിൽ ഹരിയാനയുടെ ദീക്ഷ നേടിയ 3.91 മീറ്റർ എന്ന റെക്കോർഡാണ് 4.05 മീറ്ററാക്കി അനന്യ തിരുത്തിയത്.
കഴിഞ്ഞ തവണ കോയമ്പത്തൂരിൽ നടന്ന മീറ്റിൽ, യോഗ്യതാ റൗണ്ടിൽ ഒന്നാമതായിരുന്ന അനന്യയ്ക്കു ഫൈനലിൽ പരുക്കുമൂലം മെച്ചപ്പെട്ട പ്രകടനം നടത്താനായിരുന്നില്ല. തൃശൂർ പഴയന്നൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ കെ.വി.സുരേന്ദ്രന്റെയും പാലക്കാട് മങ്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എൻ.രജിതയുടെയും മകളാണ്. സഹോദരൻ എസ്.അഭിനന്ദ് 2021ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ലോങ്ജംപിൽ സ്വർണം നേടിയിരുന്നു.
ദേശീയ ജൂനിയർ അത്‌ലറ്റിക്സിന്റെ നാലാം ദിനം അനന്യയുടെ സ്വർണത്തിനു പുറമേ ഒരു വെള്ളിയും 3 വെങ്കലവും കേരളം നേടി. ചാംപ്യൻഷിപ്പിൽ ഇതുവരെ 3 സ്വർണവും 2 വെള്ളിയും 7 വെങ്കലവുമാണ് കേരളത്തിന്റെ നേട്ടം. 85 പോയിന്റുമായി കേരളം ആറാമതാണ്. 207 പോയിന്റുമായി ഹരിയാനയാണ് ഒന്നാമത്. 184.5 പോയിന്റുമായി തമിഴ്നാട് രണ്ടാമതും 158 പോയിന്റുമായി മഹാരാഷ്ട്ര മൂന്നാമതുമാണ്. മീറ്റ് ഇന്നു സമാപിക്കും.
അണ്ടർ 18 ആൺകുട്ടികളുടെ ഹൈജംപിൽ കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ദേവക് ഭൂഷൺ വെള്ളി നേടി. ചേവായൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിയാണ്്. കഴിഞ്ഞ തവണ അണ്ടർ 16 വിഭാഗത്തിൽ സ്വർണവും 2022ൽ ഇതേ വിഭാഗത്തിൽ വെങ്കലവും നേടിയിരുന്നു.
ഒരു അക്കാദമി; 3 വെങ്കലം
അണ്ടർ 16 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പെന്റാത്‍ലനിലും അണ്ടർ 18 ആൺകുട്ടികളുടെ ഹെപ്റ്റാത്‍ലനിലുമായി കേരളം ഇന്നലെ നേടിയ 3 വെങ്കല മെഡലുകളുമെത്തിയത് ഒരു അക്കാദമിയിൽനിന്ന്.
പെന്റാത്‍ലനിൽ ആലപ്പുഴ മാരാരിക്കുളം സ്വദേശി ടി.എം.അതുൽ, ചേർത്തല പുത്തനമ്പലം സ്വദേശിനി അനാമിക അജേഷ് എന്നിവരും ഹെപ്റ്റാത്‌ലനിൽ ചേർത്തല കെആർ പുരം സ്വദേശി അഭിനവ് ശ്രീരാരുമാണ് മെഡൽ നേടിയത്. ആലപ്പുഴ കലവൂരിലെ സ്പോർട്സ് കൗൺസിൽ റീജനൽ കോച്ചിങ് സെന്ററിൽ ഒരുമിച്ച് പരിശീലിക്കുന്നവരാണിവർ.
കെ.ആർ.സാംജിയാണ് പരിശീലകൻ. കഴിഞ്ഞ ദിവസം അണ്ടർ 20 പെൺകുട്ടികളുടെ ലോങ്ജംപിൽ വെള്ളി നേടിയ ലക്ഷദ്വീപിന്റെ മുബസിന മുഹമ്മദ് ഇന്നലെ രണ്ടാമത്തെ വെള്ളി നേടി. ഹെപ്റ്റാത്‍ലനിലാണ് രണ്ടാം മെഡൽ.