ദേശീയ ഗെയിംസ് നീന്തലിൽ ഒരു ദിവസത്തിനിടെ 3 സ്വർണവുമായി പാതി മലയാളി; ധിനിധി എന്ന നിധി!

Mail This Article
ഹൽദ്വാനി ∙ വെള്ളത്തെ പേടിയായിരുന്ന പെൺകുട്ടി ഹൽദ്വാനിയിലെ നീന്തൽക്കുളത്തിൽ ഇന്നലെ സ്വർണ മീനിന്റെ ചേലിലായിരുന്നു. പാതി മലയാളിയായ പതിനാലുകാരി ധിനിധി ദേസിങ്കു ദേശീയ ഗെയിംസിലെ നീന്തൽക്കുളത്തിൽ നിന്നു കർണാടകയ്ക്കായി വാരിയെടുത്തത് 3 സ്വർണം; ഒരു ദേശീയ റെക്കോർഡ്.
ബെംഗളൂരുവിൽ ഡിആർഡിഒയിൽ ടെക്നിക്കൽ ഓഫിസറായ കോഴിക്കോട് പുതിയങ്ങാടി പള്ളിക്കണ്ടി വളപ്പിൽ വീട്ടിൽ വി. ജസിതയുടെയും ഗൂഗിളിൽ ഡിസൈൻ എൻജിനീയറായ തമിഴ്നാട് വെല്ലൂർ സ്വദേശി ദേസിങ്കുവിന്റെയും ഏക മകളാണ് ധിനിധി. ബെംഗളൂരു ഡിആർഡിഒ കേന്ദ്രീയ വിദ്യാലയത്തിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനി.
ചെറുപ്പത്തിൽ ധിനിധിക്കു വെള്ളത്തെയും ഉയരത്തെയും പേടിയായിരുന്നു. പേടി മാറ്റാനാണ് ഏഴാം വയസ്സിൽ അടുത്തുള്ള സ്വിമ്മിങ് പൂളിൽ നീന്തൽ പഠിക്കാൻ അയച്ചത്. എന്നാൽ പേടി മാറാതെ അവൾ കരയ്ക്കു നിന്നു. ഒടുവിൽ നീന്താനറിയാത്ത അമ്മ ജസിത മകൾക്കൊപ്പം പൂളിലിറങ്ങി. അങ്ങനെ അമ്മയും മകളും നീന്തൽ പഠിച്ചു.
നീന്തി നീന്തി ധിനിധി ഒളിംപിക്സിൽ വരെ നീന്തി. പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായിരുന്നു ധിനിധി. 3 ദേശീയ ഗെയിംസുകളിലായി ഇതുവരെ 12 മെഡലുകളാണ് ധിനിധിയുടെ നേട്ടം. അതിൽ 11 സ്വർണം. ഈ ദേശീയ ഗെയിംസിൽ ഇനി മത്സരിക്കാൻ 8 ഇനങ്ങൾക്കൂടി ബാക്കിയുണ്ട്.
ഗോവയിൽ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസിൽ 7 സ്വർണമാണു ധിനിധി നേടിയത്. അന്ന് 200 മീ. ഫ്രീസ്റ്റൈലിൽ ദേശീയ റെക്കോർഡും (2:04.24 മിനിറ്റ്) സ്വന്തമാക്കി. തന്റെ ആ റെക്കോർഡാണ് ഇന്നലെ ഹൽദ്വാനിയിൽ തിരുത്തിയത് (2:03.24 മിനിറ്റ്).