ഉത്തരാഖണ്ഡിനെ കണ്ടു പഠിക്കാം; ദേശീയ ഗെയിംസ് വേദികൾ കായിക അക്കാദമികളാകും

Mail This Article
ഉത്തരാഖണ്ഡിലെ ദേശീയ ഗെയിംസ് വേദികൾ ഇനി കായിക അക്കാദമികളാകും. ഗെയിംസിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഉത്തരാഖണ്ഡ് കായിക വകുപ്പ് തയാറാക്കിയ നയരേഖയിൽ വേദികളെ അക്കാദമികളാക്കി വികസിപ്പിക്കാനാണ് ആലോചന.
സംഘാടനത്തിൽ കല്ലുകടിയേറെയുണ്ടെങ്കിലും ദേശീയ ഗെയിംസിനായി തയാറാക്കിയ വേദികളെല്ലാം മികച്ച നിലവാരം പുലർത്തുന്നവയായിരുന്നു. പ്രധാന വേദിയായ ഡെറാഡൂണിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജിൽ മാത്രം 100 കോടി രൂപയിലേറെ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചത്.
8 ലെയ്ൻ സിന്തറ്റിക് ട്രാക്ക് ഉൾപ്പെട്ട അത്‌ലറ്റിക് സ്റ്റേഡിയം, 2 മൾട്ടി പർപസ് ഹാളുകൾ, ഒരു ഷൂട്ടിങ് റേഞ്ച് എന്നിവ ഇവിടെ നിർമിച്ചു. മിക്ക കായിക ഇനങ്ങൾക്കും വേദിയുള്ള ഇടമായി സ്പോർട്സ് കോളജ് മാറി. കോളജിന്റെ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറമേ രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയവും സമീപത്തുണ്ട്.
ഹൽദ്വാനിയിൽ ഇന്ദിരാഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തോടു ചേർന്നു പുതിയ നീന്തൽക്കുളവും കോംപ്ലക്സും ഒരുക്കി. ഹരിദ്വാർ, രുദ്രാപുർ തുടങ്ങിയ സ്ഥലങ്ങളിലും സ്പോർട്സ് ഹാളുകൾ സജ്ജമാക്കി.
ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ, ജർമനി, സ്പെയിൻ, ജപ്പാൻ, യുഎസ്എ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, യുകെ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്ത കായിക ഉപകരണങ്ങളാണു ഗെയിംസിൽ ഉപയോഗിച്ചത്. ഗെയിംസിനു ശേഷം കൃത്യമായ പരിപാലനമില്ലെങ്കിൽ ഇവ നശിക്കുമെന്നതിനാൽ കായിക ഉപകരണങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തണമെന്നും നയരേഖയിൽ നിർദേശമുണ്ട്. ഉത്തരാഖണ്ഡിലെ കായിക താരങ്ങൾക്കു ലോക നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഉറപ്പാക്കാനും അതുവഴി രാജ്യാന്തര വേദികളിൽ മെഡൽ നേടാൻ ശേഷിയുള്ള കായിക താരങ്ങളെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കേരളം ആതിഥ്യം വഹിച്ച 2015 ദേശീയ ഗെയിംസിനായി വാങ്ങിയ 32.6 കോടി രൂപയുടെ കായിക ഉപകരണങ്ങളിൽ പകുതിയിലേറെയും എവിടെയെന്ന് അറിയില്ലെന്നു റിപ്പോർട്ടുണ്ടായിരുന്നു. 60 കോടി രൂപ മുടക്കി നിർമിച്ച തിരുവനന്തപുരത്തെ ഗെയിംസ് വില്ലേജ് ഉൾപ്പെടെയുള്ളവ കാടുകയറി നശിക്കുന്നതിനെക്കുറിച്ചും ഈയിടെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.