ADVERTISEMENT

‘പ്രായമോ? അതെന്താണ്? എന്തിനാണ് ജീവിതത്തെ ബാധിക്കാത്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. നിങ്ങളെ കൂടുതൽ മെച്ചപ്പെടുത്താൻ എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കൂ’– 68–ാം വയസ്സിലും ഇനി എന്തൊക്കെ പുതിയതായി ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണ് ഫാഷൻ മോഡലായ ജാക്കി ഷോനെസി. പലരും വിശ്രമജീവിതത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുന്ന 60–ാം വയസ്സിലാണ് ജാക്കി തന്റെ മോഡലിങ് കരിയർ തുടങ്ങുന്നത്. ഡീസൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ മോഡലായ ജാക്കി ന്യൂയോർക്ക് ഫാഷൻ വീക്കിലെ സ്ഥിരസാന്നിധ്യമാണിപ്പോൾ. 

 

തളർത്തി, പക്ഷേ തളർന്നില്ല 

jacky-o-shaughnessy-4

 

ഉയരമായിരുന്നു ജാക്കിയുടെ സ്കൂൾ കാലത്തെ ഏറ്റവും വലിയ പ്രശ്നം. ആറടി ഉയരമുള്ള ജാക്കിയെ ജിറാഫെന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. ശരീരത്തിനു യോജിക്കുന്ന വസ്ത്രം ലഭിക്കാത്തതിനാൽ പുരുഷന്മാരുടെ ബ്രാൻഡുകളാണ് ജാക്കി ഉപയോഗിച്ചിരുന്നത്. കോളജിൽ എത്തിയപ്പോഴും കളിയാക്കലുകൾ കുറഞ്ഞില്ല. ജീവിതത്തിലൊരിക്കലും മാന്യമായ വസ്ത്രധാരണം തനിക്കു സാധ്യമല്ലെന്ന് അവർ വിശ്വസിച്ചു. അമ്മയാണ് ഈ കാലത്തൊക്കെ ജാക്കിക്ക് പിന്തുണ നൽകിയത്. സ്വയം പുറകോട്ടു തള്ളുന്നവർക്ക് ഒരിക്കലും വളരാൻ കഴിയില്ലെന്ന അമ്മയുടെ വാക്കുകൾ മാറിച്ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചു. ‘സ്വയം സ്നേഹിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ വെല്ലുവിളി. രാവിലെ എഴുന്നേൽക്കുന്നതു മുതൽ എന്നെ സ്നേഹിക്കാനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഞാൻ ചെയ്തുതുടങ്ങി. ആളുകൾ എന്തു വിചാരിക്കും എന്നു ചിന്തിക്കാതെ പൊട്ടിച്ചിരിക്കാൻ ഞാൻ ശീലിച്ചു. ആളുകളുടെ മുഖത്തുനോക്കി ഭയമില്ലാതെ സംസാരിക്കാൻ ശീലിച്ചു. എന്റെ പുതിയ ശീലങ്ങൾ എന്റെ പുതിയ ഒരാളാക്കി മാറ്റുകയായിരുന്നു.’– ജാക്കി പറയുന്നു. 

jacky-o-shaughnessy-3

 

കണ്ടെത്തി, അമേരിക്കൻ അപ്പാരൽ 

 

2011ൽ ന്യൂയോർക്കിലെ ഒരു റസ്റ്ററന്റിൽ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ജാക്കി. അടുത്തെത്തിയ ഒരു സ്ത്രീ ‘നിങ്ങളുടെ ആറ്റിറ്റ്യൂഡ് വളരെ ആകർഷകമാണ്’ എന്നു പറഞ്ഞു തിരിച്ചുപോയി. കുറച്ചുസമയം കഴിഞ്ഞ് അവർ വീണ്ടും തിരിച്ചെത്തി ഫോട്ടോഷൂട്ട് ചെയ്യാൻ താൽപര്യമുണ്ടോ എന്നു ചോദിച്ചു. അമേരിക്കൻ അപ്പാരൽ എന്ന ബ്രാൻഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അവർ. അതായിരുന്നു ജാക്കിയുടെ തുടക്കം, 60–ാം വയസ്സിൽ. പുതിയ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട പ്രായമേറിയ മോഡലിനെ ചില ടിവി ചാനലുകൾ ‘പരിതാപകരം’ എന്നാണു വിശേഷിപ്പിച്ചത്. പക്ഷേ, ഒട്ടേറെ പെൺകുട്ടികൾക്കും യുവതികൾക്കും ജാക്കി പ്രചോദനമായി മാറി. ഒട്ടേറെ ബോഡി പോസിറ്റിവിറ്റി ക്യാംപെയ്നുകൾക്കു അവർ തുടക്കംകുറിച്ചു. ഡീസൽ, ഷനെൽ തുടങ്ങിയ ലോക പ്രശസ്ത ബ്രാൻഡുകളുടെ മോഡലാണ് ജാക്കിയിപ്പോൾ. 

 

ജാക്കി മാത്രമല്ല, ഇവരും 

 

അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്ക്കിന്റെ മാതാവ് മായെ മസ്ക്, ലോർന ബ്രിട്ടൻ, ലൈൻ സ്ളേറ്റർ, വെറോണിക്ക വെബ് തുടങ്ങിയ 50നു മുകളിൽ പ്രായമുള്ള ഒട്ടേറെ മോഡലുകൾ രാജ്യന്തര ഫാഷൻ റാംപുകളിലെ സ്ഥിരസാന്നിധ്യമാണ്. സ്വപ്നങ്ങൾ നേടുന്നതിൽ പ്രായം ഒരു തടസ്സമേയല്ലെന്ന് ഇവർ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com