കളിയാക്കിയവർ തിളങ്ങുന്ന മുഖത്തിന്റെ രഹസ്യമറിയാൻ ഇനി പിറകെ വരും
Mail This Article
സൗന്ദര്യത്തിന്റെ മറുപേരായ ചന്ദ്രനിൽ പോലുമുണ്ട് കുഴികൾ. മുഖക്കുരു മൂലവും മറ്റും ഇത്തരം കുഴികൾ നമ്മുടെ മുഖത്തും ഉണ്ടാകാറുണ്ട്. മുഖക്കുരുവും പാടുകളും ഒന്നുമില്ലാത്ത ചർമം ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. മുഖക്കുരു വന്ന് പോയിട്ട് കാലങ്ങളായെങ്കിലും അതിന്റെ പാടുകളും സുഷിരങ്ങളും മുഖത്തുണ്ടാകും. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട. കളിയാക്കിയവർ തന്നെ ഇങ്ങോട്ടു വന്ന് പാടുകൾ മാറ്റിയതിന്റെ രഹസ്യം നിങ്ങളോട് ചോദിച്ചറിയും. അതിനുള്ള ചില നുറുങ്ങു വഴികൾ നോക്കാം
നാരങ്ങാ നീര്
മുഖത്തെ കലകൾ ഇല്ലാതാക്കാനും മൃദുലമാക്കാനും മികച്ച പോംവഴിയാണ് നാരങ്ങാ നീര്. നാരങ്ങാ നീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്ക് കളയാനും സുഷിരത്തിന്റെ വലുപ്പം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു പഞ്ഞിയോ തുണിയോ ഉപയോഗിച്ച് നാരങ്ങാ നീര് മുഖത്തു പുരട്ടുക. ഒരു 5 മിനിറ്റ് നേരം ഇത് മുഖത്തു തന്നെ വയ്ക്കണം. ശേഷം നന്നായി കഴുകുക. നാരങ്ങയ്ക്ക് അസിഡിറ്റി ഉള്ളതുകൊണ്ട് അമിതമായി തേക്കരുത്. അത് വിപരീത ഫലം നൽകും. നാരങ്ങയ്ക്കൊപ്പം പഞ്ചസാരയും ഉപയോഗിക്കാം.
തേന്‍
ചർമത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത പ്രതിവിധിയാണ് തേൻ. നിരവധി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ എണ്ണമയമുള്ളതാക്കാതെ ഈര്‍പ്പമുള്ളതാക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ് തേന്‍. മുഖത്തെ പാടുകൾ മാറാൻ തേന്‍ നേരിട്ട് മുഖത്ത് പുരട്ടി ഒരു 10 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഇങ്ങനെ പതിവായി ഉപയോഗിച്ചാൽ സുഷിരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
കടലമാവ്
ചർമം മൃദുലമാക്കാനും അഴുക്കുകൾ കളയാനും ഏറ്റവും മികച്ച പോംവഴിയാണ് കടലമാവ്. കടലമാവ് ചർമത്തിൽ ഒരു മികച്ച എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുന്നു. ഇതിനൊപ്പം അൽപം കസ്തൂരി മഞ്ഞളും കൂടി ചേർത്താൽ മികച്ച ഫലം നൽകും. തുല്യ അളവില്‍ ഇവ രണ്ടുമെടുത്ത് വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് പോലെയാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ഒരു 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാനും ചര്‍മത്തിനു തിളക്കം നല്‍കാനും സഹായിക്കുന്നു.
തക്കാളി നീര്
പണ്ടുമുതലേ ചർമത്തിന്റെ സംരക്ഷണത്തിനും മികച്ച ഫലം നൽകാനും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയില്‍ ലൈക്കോപീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി പള്‍പ്പ് മുഖത്ത് പുരട്ടുന്നത് സുഷിരങ്ങള്‍ അടയാന്‍ സഹായിക്കും. ഇത് തേച്ച് 15 മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. മികച്ച ഫലത്തിനായി ദിവസവും ഇങ്ങനെ ചെയ്യാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ പറ്റും.