ADVERTISEMENT

നിങ്ങൾ ഒരാളെ കാണുമ്പോൾ അയാളുടെ കൈകൾ ശ്രദ്ധിക്കാറുണ്ടോ? അതുപോലെ അയാൾ നിങ്ങളുടെ കൈകളും ശ്രദ്ധിക്കുമെന്ന് ഓർമിച്ചോളൂ. ഒരാളുടെ കൈകൾ കണ്ടാൽ അയാളുടെ വൃത്തി മനസ്സിലാക്കാം എന്നു പറയാറില്ലേ? അത് ഏറെക്കുറേ ശരിയാണ്. കൈകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്. വ്യക്തിശുചിത്വത്തിന്റെ നിലവാരം അളക്കാൻ മുഖ്യ മാർഗങ്ങളിലൊന്നാണ് കൈകളുടെ സംരംക്ഷണം. ആകർഷണീയമായ മുഖം പോലെ തന്നെ മനോഹരമായ കൈകളും വ്യക്‌തിത്വത്തിനു മാറ്റുകൂട്ടും. എന്നാൽ കൈകൾ എപ്പോഴും പലവിധ ജോലികൾ കാരണം തിരക്കിലായിരിക്കും. അതുകൊണ്ടുതന്നെ കൈകളുടെ സംരക്ഷണത്തിനും സൗന്ദര്യ വർധനവിനും വേണ്ടി അധികസമയം കണ്ടെത്താൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ ചിലപൊടിക്കൈകൾ കൊണ്ട് നമ്മുടെ കൈകളെ ഭംഗിയും വൃത്തിയുമുള്ളതാക്കി സൂക്ഷിക്കാം,

കൈകൾ കഴുകാം, ശ്രദ്ധയോടെ

കൈകൾ വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് കൈകളുടെ സൗന്ദര്യത്തിനുള്ള പ്രധാന മാർഗം. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നല്ലവണ്ണം കൈകൾ കഴുകുക. കൈകൾ കഴുകുന്നതിനു മുൻപായി മോതിരവും മറ്റ് ആഭരണങ്ങളും ഊരിവയ്ക്കുന്നതു നന്നായിരിക്കും. നഖത്തിന്റെ ഇടയിലും വിരലുകൾക്കിടയിലും ചെളിയോ മറ്റ് അഴുക്കുകളോ ഇല്ലെന്ന് ഉറപ്പു വരുത്തുക. കൈകൾ എപ്പോഴും ഈർപ്പരഹിതമായിരിക്കാൻ ശ്രദ്ധിക്കണം. നനവുള്ള ചർമത്തിൽ എളുപ്പത്തിൽ വീണ്ടുകീറലും അണുബാധയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഓർമിക്കൂ. കൈകളെപ്പോഴും ഈർപ്പമുള്ളതായിരുന്നാൽ അവയുടെ സ്വാഭാവികമായ നൈർമല്യം നഷ്ടപ്പെടും. കടുത്ത ചൂടുള്ളതോ തണുത്തതോ ആയ വെള്ളത്തിൽ കൈകൾ വൃത്തിയാക്കിയാൽ അവയുടെ സ്വാഭാവികമായ എണ്ണമയം നഷ്ടമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും നോർമൽ വെള്ളം മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ക്രീം പുരട്ടാം സോഫ്റ്റ് ആക്കാം

കൈകൾ കഴുകി ടവ്വലോ ടിഷ്യുവോ കൊണ്ട് തുടച്ച് ഉണക്കിയ ശേഷം നല്ലൊരു ഹാൻഡ് ക്രീമോ കോൾഡ് ക്രീമോ മോയിസ്ചറൈസറോ ഉപയോഗിക്കണം. വെയിലത്ത് ഇറങ്ങുന്നവരാണെങ്കിൽ സൺസ്ക്രീൻ കൂടി പുരട്ടുക. പുറത്തിറങ്ങുന്നതിന് അര മണിക്കൂർ മുൻപെങ്കിലും സൺസ്ക്രീൻ ഉപയോഗിക്കാൻ ശ്രമിക്കണം. ക്രീമുകൾ പുരട്ടിയ ശേഷം പതിവായി മസാജ് ചെയ്യുന്നത് ചർമത്തെ കൂടുതൽ സോഫ്റ്റ് ആക്കും. രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപാണ് മസാജ് ചെയ്യുന്നതെങ്കിൽ കൂടുതൽ നല്ലത്. ചർമത്തിൽ പുരട്ടാനും മസാജ് ചെയ്യാനുമായി മികച്ച ഗുണനിലവാരമുള്ള ക്രീമുകളാണ് തിരഞ്ഞെടുക്കുന്നതെന്നു കൂടി ഉറപ്പു വരുത്തുക.

കയ്യുറ നല്ലത്, പക്ഷേ

അടുക്കള ജോലിയിൽ ഏർപ്പെടുന്ന വേളയിൽ കയ്യുറകൾ ധരിക്കുന്നത് നല്ലതാണ്. ഇത് ചെളിയും അഴുക്കും അടിഞ്ഞുകൂടാനുള്ള സാധ്യതയെ ഇല്ലാതാക്കും. എന്നാൽ ദീർഘനേരം കയ്യുറകൾ ധരിക്കുന്നതു മൂലം കൈകൾ അമിതമായി വിയർക്കും. കോട്ടൺ ലൈനിങ്ങുള്ള കയ്യുറകൾ ധരിക്കുന്നതാണ് ഏറ്റവും നല്ലത്. വെള്ളം ഉപയോഗിക്കാത്ത ജോലികളിലേർപ്പെടുമ്പോൾ കയ്യുറകൾ ഉപയോഗിക്കേണ്ടതില്ല. കയ്യിലെ ചർമ സുഷിരങ്ങൾ തുറന്നിരിക്കുന്നതാണ് ഉചിതം.

പരുക്കൻ കൈകൾക്കും പരിഹാരം

പരുക്കനായ കൈകൾ മാർദവമുള്ളതാക്കാനും എളുപ്പവഴികൾ ഏറെയുണ്ട്. ഇതിനായി ബോഡി ലോഷനോ ഓയിലോ പതിവായി പുരട്ടുക. ശുദ്ധമായ വെളിച്ചെണ്ണയോ ബദാം എണ്ണയോ ഒലിവ് എണ്ണയോ രാത്രിയിൽ കൈകളിൽ പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലത്. കൂടാതെ വെണ്ണ കൈകളിൽ തേച്ചു പിടിപ്പിക്കുന്നതും കൈകളെ മിനുസമുള്ളതാക്കും. ഇത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതിയാകും.

English Summary:

Unlock the Secrets to Beautiful, Soft Hands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com