സ്വകാര്യഭാഗത്തെ കറുപ്പുനിറം അസ്വസ്ഥരാക്കുന്നുണ്ടോ? ഇതാ നാല് എളുപ്പവഴികൾ
Mail This Article
കൂടുതൽ ആളുകളും നേരിടുന്ന പ്രശ്നമാണ് സ്വകാര്യ ഭാഗത്തെ കറുപ്പുനിറം. പലരും ഇക്കാര്യത്തിന് കൃത്യമായ പരിചരണം നൽകാറില്ല. എന്നാൽ മുഖത്തിനും കൈകൾക്കുമൊക്കെ നൽകുന്നത് പോലെ തന്നെ കൃത്യമായ പരിചരണം സ്വകാര്യ ഭാഗങ്ങൾക്കും അത്യാവശ്യമാണ്. നമ്മുടെ വ്യക്തി ശുചിത്വം പോലും ഇത്തരം കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് സ്വകാര്യഭാഗങ്ങള്‍ അല്‍പം ഇരുണ്ടതായിരിക്കും. എന്നാൽ ചിലരുടെ ജീവിതശൈലി കാരണം ആ കറുപ്പ് കൂടി വരും. ഇത് പുറത്തുപറയാനുള്ള മടി കാരണം പലരും ഇക്കാര്യം ആരോടും പറയാറില്ല. ഇനി ഇക്കാര്യങ്ങൾ ഓർത്ത് ടെൻഷൻ വേണ്ട. പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.
നാരങ്ങ നീരും പഞ്ചസാരയും
ചർമത്തിലെ പ്രശ്നങ്ങൾക്കു മികച്ച പരിഹാരമാണ് നാരങ്ങാനീര്. സ്വകാര്യഭാഗത്തെ കറുപ്പകറ്റാനായി നാരങ്ങ നീരും അല്‍പം പഞ്ചസാരയും റോസ് വാട്ടറില്‍ മിക്‌സ് ചെയ്യുക. ശേഷം കറുപ്പ് നിറം കൂടുതലുള്ള ഭാഗങ്ങളിൽ പുരട്ടി 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യണം. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് നിറം നൽകുന്നതിനും ദുർഗന്ധം അകറ്റുന്നതിനും സഹായിക്കും.
ബദാമും പാലും
ചർമത്തിന് നല്ലൊരു ക്ലെന്‍സര്‍ ആണ് പാല്‍. നിറം വർധിക്കാനും അഴുക്ക് അകറ്റാനുമൊക്കെ ഇത് സഹായിക്കും. രണ്ടോ മൂന്നോ ബദാം അരച്ചു പാലിൽ ചേർത്ത് ഉപയോഗിക്കാം. പെട്ടെന്ന് തന്നെ നിറത്തിനു വ്യത്യാസം വരും. ചര്‍മത്തിനു തിളക്കം വര്‍ധിക്കാനും ഈ കൂട്ട് സഹായിക്കും. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ചെയ്യാൻ ശ്രദ്ധിക്കണം.
കറ്റാര്‍ വാഴ
കറ്റാര്‍വാഴ ഇത്തരം പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പരിഹരിക്കാൻ സഹായിക്കുന്നതാണ്. എല്ലാ വിധത്തിലും ചര്‍മത്തിനും തണുപ്പും സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ് കറ്റാര്‍വാഴ. ഇതിന്റെ പള്‍പ്പ് എടുത്ത് ചര്‍മത്തില്‍ തേച്ച് പിടിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. കടയിൽ നിന്ന് വാങ്ങിയ കറ്റാർവാഴ ജെല്ലിന് പകരം വീട്ടിൽ തന്നെയുള്ള കറ്റാർവാഴ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് സ്വകാര്യഭാഗങ്ങളിലെ കറുപ്പ് അകറ്റാൻ സഹായിക്കും.
തൈര്
ചർമത്തിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ ഏറെ നല്ലതാണ് തൈര്. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയ തന്നെയാണ്. സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾക്കുള്ള പരിഹാരമാണിത്. രണ്ട് ടേബിൾ സ്പൂൺ ഓർഗാനിക് തൈര്, ഒരു ടീസ്പൂൺ തേൻ, ഒന്നര ടീസ്പൂൺ ഓട്സ് എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതം പുരട്ടി 10 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയാം.