മൂന്ന് ഐഫോൺ–16ന്റെ വില; അത്യാഡംബര വസ്ത്രത്തിൽ തിളങ്ങി കരീന കപൂർ
Mail This Article
കുടുംബത്തിനൊപ്പമുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് കരീന കപൂർ. ഏറ്റവും ഒടുവിൽ സെയ്ഫ് അലി ഖാനും കുട്ടികൾക്കും ഒപ്പമുള്ള പുതുവത്സരാഘോഷങ്ങളുടെ ചിത്രങ്ങളാണ് കരീന പങ്കുവച്ചത്. ഇത്തവണ ആരാധകരുടെ കണ്ണുടക്കിയത് കരീനയുടെ മനോഹരമായ വസ്ത്രത്തിലാണ്.
മെറ്റാലിക് ഔട്ട്ഫിറ്റിലാണ് കരീന സ്വിറ്റ്സർലാൻഡിൽ പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്തത്. എക്കാലവും ബോളിവുഡിന്റെ ഫാഷൻ ഐക്കണാണ് കരീന എന്നാണ് ആരാധകർ പറയാറുള്ളത്. ആരാധകരുടെ ഈ അഭിപ്രായം അന്വർഥമാക്കും വിധമായിരുന്നു കരീനയുടെ തിളങ്ങുന്ന മെറ്റാലിക് മിഡി ഡ്രസ്. റൗണ്ട് നെക്‌ലൈനിലുള്ള സ്ലീവ്‌ലെസ് ഡ്രെസാണ്. വസ്ത്രത്തിനിണങ്ങുന്ന രീതിയില്‍ ഡയമണ്ട് മാലയും കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. മനോഹരമായ ചുവപ്പ് പിൻപോയിന്റ് ഷൂവും അണിഞ്ഞിരിക്കുന്നു. കറുപ്പും ഗോൾഡനും കലർന്ന രീതിയിലുള്ള മനോഹരമായ ഹാൻഡ് ബാഗും സ്റ്റൈൽ ചെയ്തിരിക്കുന്നു.
ഷിമ്മർ ഐഷെയ്ഡാണ്. മസ്കാരയും ഉപയോഗിച്ചിരിക്കുന്നു. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. അമേരിക്കൻ ഫാഷൻ ബ്രാൻഡായ റാൽഫ് ലൗറന്റെ കളക്ഷനിൽ നിന്നുള്ളതാണ് കരീനയുടെ ഔട്ട്ഫിറ്റ്. മൂന്ന് ഐഫോൺ 16ന്റെ വിലവരും ഈ വസ്ത്രത്തിനെന്നാണ് റിപ്പോർട്ട്. ഏകദേശം നാലുലക്ഷം രൂപ. താരം പങ്കുവച്ച ചിത്രങ്ങൾക്കു താഴെ നിരവധി കമന്റുകളും എത്തി. ഈ വസ്ത്രങ്ങളും ആഭരണവും വളരെ മനോഹരമായിരിക്കുന്നു, കരീനയെ പോലെ മറ്റാരും ഇല്ല. എന്നിങ്ങനെയുള്ള കമന്റുകളും എത്തി.