നിങ്ങളുടെ മുടിക്ക് ഉള്ളില്ലെന്ന് ഇനി ആരും പറയില്ല; ഈ സ്റ്റൈലുകള്‍ പരീക്ഷിച്ചു നോക്കൂ!
Mail This Article
ഇടതൂർന്ന മുടി ആരാണ് ഇഷ്ടപ്പെടാത്തത്? എന്നാൽ പലപ്പോഴും നിത്യജീവിതത്തിലെ തിരക്കുകാരണം മുടിക്ക് വേണ്ടവിധത്തിലുള്ള പരിചരണം നൽകാൻ പലപ്പോഴും സാധിക്കാറില്ല. എന്നാൽ കുറച്ചുമുടിയാണെങ്കിലും അത് വളരെ മനോഹരമാക്കാൻ പലവഴികളുണ്ട്. മുടി നല്ല ഉള്ളുണ്ടെന്നു തോന്നിക്കാൻ ചില വിദ്യകളുണ്ട്. അതിൽ ലളിതമായ ചിലകാര്യങ്ങൾ പരിചയപ്പെടാം.
മുടിയുടെ നീളം കുറച്ച് ലെയറുകളാക്കാം
മുടിക്ക് നീളമുണ്ടെങ്കിലും ഉള്ള് കുറവാണെങ്കിൽ അത് നിങ്ങളുടെ ലുക്കിനു ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ മുടി ഉള്ളുള്ളതാണെന്നു തോന്നിക്കുന്നതിനായി മിക്ക ഹെയർസ്റ്റൈലിസ്റ്റുകളും നിർദേശിക്കുന്ന പ്രധാനകാര്യം മുടി വെട്ടുക എന്നതാണ്. തോളറ്റം വരെ വെട്ടാം. അത് ലെയറുകളാണെങ്കിൽ കൂടുതൽ മനോഹരമായിരിക്കും. ഏത് ആകൃതിയിലുള്ള മുഖമായാലും ലെയറായി മുടി വെട്ടുന്നത് എല്ലാവർക്കും ഒരുപോലെ ഇണങ്ങുന്നതാണെന്നാണ് ഹെയർസ്റ്റൈലിസ്റ്റുകൾ പറയുന്നത്.
മുടി കളർ ചെയ്ത് സ്റ്റൈലാക്കാം
മുൻകാലങ്ങളെ അപേക്ഷിച്ച് മുടി കളർ ചെയ്യുന്നവരാണ് ഇന്ന് ഏറെയും. മുടിക്ക് ഉള്ള് തോന്നുന്നതിനും കൂടുതൽ സ്റ്റൈലാകുന്നതിനും കളറിങ് നല്ലതാണ്. എന്നാൽ ഉള്ളു തോന്നിക്കുന്നതിനായി കളർ ചെയ്യുമ്പോൾ ഒരിക്കലും മുടിയുടെ നിറം മുഴുവനായി മാറ്റരുത്. മുടിയുടെ പുറംഭാഗം മാത്രമായോ യഥാർഥ മുടിക്കൊപ്പം ഇടകലർത്തിയോ കളർ ചെയ്യുന്നത് മുടി കൂടുതൽ ഉള്ള് തോന്നാൻ സഹായിക്കും.
മുടി കഴുകാം പക്ഷേ, എന്നും വേണ്ട
സ്ഥിരമായി തലകഴുകി കുളിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാൽ എല്ലാദിവസവും മുടി കഴുകുന്നത് മുടിക്കു ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൃത്യമായ ഇടവേളകളിൽ മാത്രം തലകഴുകണം. മുടിയുടെ അഗ്രഭാഗത്ത് അധികം ഉരച്ചു കഴുകരുത്. കാരണം തന്നെ അറ്റം പിളർന്ന് മുടി പെട്ടെന്നു തന്നെ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.ഷാംപൂ ചെയ്യുമ്പോള്‍ നിർബന്ധമായും കണ്ടീഷനറും ഉപയോഗിക്കണം.
മുടി അൽപം ഉയർത്താം
തലയോടിനോടു ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പം ഉയര്‍ത്തുന്നത് കൂടുതൽ ഉള്ള് തോന്നാൻ സഹായിക്കും. മുടിയുടെ ഉള്ളിൽ കൂടി ഹെയർപിന്നുകൾ കുത്തണം. ഇത് കൂടുതൽ ഉള്ളുതോന്നാൻ സഹായിക്കും.
ഹെയർ ക്രീമുകൾ അധികം വേണ്ട
ക്രീമുകൾ കൂടുതൽ ഉപയോഗിക്കുന്നത് മുടി തലയോട്ടിയോടു പതിഞ്ഞിരിക്കുന്നതിനു കാരണമാകും. ഇത് ഉള്ള് തീരെ ഇല്ലാത്തതു പോലെ തോന്നിക്കും.
മുടി ഉയർത്തിക്കെട്ടാം
തലമുടി നെറ്റിയില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന വിധത്തില്‍ കെട്ടാം. ഇത് കുറച്ച് അലസമായും ഒതുക്കുക്കമില്ലാതെയും കിടന്നാലും പ്രശ്നമില്ല. ഇങ്ങനെ കെട്ടുന്നതു വഴി മുടിക്ക് ഉള്ളുണ്ടെന്നു തോന്നുകയും ചെയ്യും.
ഡ്രൈ ഷാംപൂ
പെട്ടെന്നു ഒരുങ്ങേണ്ടി വരുന്നവര്‍ക്കാണ് ഇതു സഹായകമാകുക. തലമുടിയിലെ അഴുക്ക് കളയുമെന്നു മാത്രമല്ല മുടി കൂടുതല്‍ പൊങ്ങിനില്‍ക്കാന്‍ സഹായിക്കും. ഇതുമൂലം സ്വാഭാവികമായും മുടിക്കു ഉള്ള് തോന്നും
ഉള്ളില്‍ നിന്ന് ഉണക്കാം
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.
പകുത്ത് കെട്ടാം
തലമുടി നേര്‍പകുതിയില്‍ വകഞ്ഞ് രണ്ടു വശത്തേക്കും ഇടുന്നത് ഉള്ള് കുറവ് തോന്നാൻ കാരണമാകും. പകരം വശങ്ങളില്‍ നിന്നു സിഗ്സാഗ് രീതിയിലോ മറ്റോ വകഞ്ഞെടുക്കാം. ഇങ്ങനെ കെട്ടുമ്പോൾ ധാരാളം മുടി ഉണ്ടെന്നു തോന്നും.