ADVERTISEMENT

അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി. ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു അത്. പ്രശസ്തരായ മാതാപിതാക്കളുടെ മക്കൾ ആയതിനാൽ തന്നെ ചടങ്ങിൽ താരപ്പകിട്ടു നിറഞ്ഞു നിന്നു. എല്ലാ രീതിയിലും ആഘോഷിക്കപ്പെട്ട കല്യാണം. അനന്തിന്റെയും രാധികയുടെയും വിവാഹ ചിത്രങ്ങൾക്ക് കീഴിൽ എന്നാൽ മനുഷ്യരുടെ മര്യാദയിലായ്മയുടെ ആഘോഷമാണ്. അനന്തിന്റെ  ശരീരമാണ് നാട്ടുകാരുടെ പ്രശ്നം. അദ്ദേഹത്തെ വിവാഹം കഴിച്ച പെൺകുട്ടിയോട് ചിലർക്കു സഹതാപമാണ്, മറ്റു ചിലർക്കാവട്ടെ പുച്ഛവും പരിഹാസവും. അനന്തിന്റെ പണവും കുടുംബ മഹിമയും കണ്ടാണ് വിവാഹം കഴിച്ചതെന്ന വാചകത്തിൽ തുടങ്ങി ഈ കൊച്ചിന് വേറെ ആരേം കിട്ടിയില്ലേ എന്ന സഹതാപത്തിൽ വരെ അത് എത്തി നിൽക്കുന്നുണ്ട്. 

എന്താണ് പ്രണയത്തിന്റെ നിയമം എന്ന് മനുഷ്യർക്ക് വല്ല നിശ്ചയവുമുണ്ടോ?അല്ലെങ്കിൽത്തന്നെ അത് എല്ലാവർക്കും മനസ്സിലാകുന്ന എന്തെങ്കിലും അനുഭവമാണോ? അതിന്റെ ഒഴുക്കും തീരുമാനങ്ങളും നിശ്ചയമുള്ള എത്രപേരുണ്ട്? അനന്ത്-രാധിക എന്നീ രണ്ടു മനുഷ്യർ പരസ്പരം പ്രണയിക്കാൻ തീരുമാനിച്ചത് പതിനാലു വർഷങ്ങൾക്കും മുൻപാണ്. അതായത് അവർ ഒന്നിച്ചു പഠിക്കുന്ന സമയത്ത്. സ്വാഭാവികമായും പഠന കാലത്തെ അയഥാർഥ സ്വപ്നങ്ങളിൽ നിന്നും കാലം കഴിയുമ്പോൾ എല്ലാ പ്രണയികളും ഇറങ്ങി വരികയും ജീവിതത്തെ പച്ചയോടെ നോക്കിക്കാണാൻ ആരംഭിക്കുകയും ചെയ്യും. പ്രണയത്തിന്റെ ആദ്യ മാസങ്ങൾ കഴിയുമ്പോൾ തന്നെ മനസിലാക്കലിൽ എത്തിച്ചേരും മുൻപ് പിരിഞ്ഞു പോകുന്ന എത്രയോ സ്നേഹങ്ങൾ! അപക്വമായ കാലത്തിനൊടുവിൽ വർഷങ്ങൾക്കിപ്പുറവും രണ്ടു പേര് പ്രണയിക്കുന്നുണ്ടെങ്കിൽ, വിവാഹത്തിലേക്ക് ചെന്നെത്തിയെങ്കിൽ പരസ്പരം എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിയും അത്രയും അറിഞ്ഞവരായിരിക്കണം അവർ.

anant-radhika-love-sp5
Image Credit: @middaygujarati/ X
anant-radhika-love-sp5
Image Credit: @middaygujarati/ X

അനന്തും രാധികയും വർഷങ്ങൾക്കു മുൻപ് മുതലേ തങ്ങളെ കണ്ടെത്തിയിരുന്നു. എന്നാൽ അനന്തിന്റെ ശാരീരികമായ അവസ്ഥയെ കുറിച്ച് 'അമ്മ നിത അംബാനി ഒരിക്കൽ സംസാരിച്ചിരുന്നു, തങ്ങളുടെ മകൻ കടുത്ത ആസ്മ രോഗിയാണ്. അതിനായി നൽകപ്പെട്ട സ്റ്റിറോയിഡ് മകന്റെ ശരീരത്തിന്റെ അവസ്ഥ വരെ മാറ്റി കളഞ്ഞു. അതായത് അമിതമായ ഭക്ഷണം കഴിച്ചുണ്ടായ തടിയല്ല അനന്തിന്റെത്. ഇനി അഥവാ അങ്ങനെ ആണെങ്കിൽത്തന്നെ ആ ശരീരത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കളോ ഭാര്യയോ ഉത്കണ്ഠ കാണിക്കേണ്ടയിടത്ത് അത് കണ്ടുകൊണ്ടു മാത്രം നിൽക്കുന്ന സമൂഹത്തിനു ആധിയെന്തിനാണ്? ഒരു വ്യക്തിയുടെ ശരീരം എങ്ങനെയാണെങ്കിലും അത് അയാളെയും അയാളെ ചുറ്റി നിൽക്കുന്ന മനുഷ്യരെയും മാത്രം ബാധിക്കുന്ന കാര്യമായിരിക്കെ അതോർത്ത് ആ ചിത്രം കാണുന്നവർ അല്ലെങ്കിൽ വാർത്ത വായിക്കുന്നവർ ആകുലപ്പെടുന്നത് എന്തിനാവും? മറ്റുള്ളവരുടെ വീട്ടിലേയ്ക്ക് ഒരു കാര്യവുമില്ലാതെ ഒളിഞ്ഞു നോക്കുന്ന സമൂഹത്തിന്റെ ഒരു പതിപ്പാണ് ഈ വിവാഹത്തിന്റെ ചിത്രങ്ങൾക്ക് താഴെ കാണുന്നതും. 

രാധിക മെർച്ചന്റ് എന്ന പെൺകുട്ടി എൻകോർ ഹെൽത്ത് കെയർ എന്ന മരുന്ന് കമ്പനിയുടെ ഉടമയുടെ മകളും അതിന്റെ തന്നെ ഡയറക്ടർ ബോർഡ് അംഗവുമാണ്. അംബാനി കുടുംബത്തിന്റെ അത്ര വരുന്നില്ലെങ്കിലും കോടികൾ കൊണ്ട് അമ്മാനമാടുന്ന ഒരു കുടുംബം തന്നെയാണ് മെർച്ചന്റ് ഫാമിലിയും. മാത്രമല്ല രാധിക ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. തന്റെ ഉള്ളിലുള്ള കലയുടെ തുറന്ന അവബോധമായിരിക്കണം പ്രണയത്തെ കുറിച്ചുള്ള രാധികയുടെ ചിന്തകളെയും വിശാലമാക്കിയത്. പ്രണയം എന്നത് എത്രയോ മാസത്തെ ഇടപാടായി ചുരുങ്ങുകയും അപ്പുറത്തുള്ള പങ്കാളികളെ പരമാവധി മുതലാക്കി ഒഴിവാക്കുകയും ചെയ്യുന്ന മനുഷ്യർക്കിടയിൽ രാധിക തന്റെ പ്രണയിക്ക് സ്റ്റിറോയിഡ് ഉപയോഗിക്കേണ്ട അസുഖമുണ്ടായിട്ടും അദ്ദേഹത്തെ ഉപേക്ഷിക്കാതെ  കൂടെ കൂട്ടി. പണമല്ല മനുഷ്യന്റെ സമാധാനം നിശ്ചയിക്കുന്നത്, മറിച്ച് അത് സമാധാനം ആഗ്രഹിക്കുന്ന ജീവിതം നേടിയെടുക്കലുമാണ്. ആ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞാൽ നാം അനുഭവിക്കുന്ന ജീവിതത്തിനാണ് വിജയത്തിന്റെ മൂല്യമുണ്ടാവുക. അങ്ങനെ നോക്കുമ്പോൾ രാധികയും അനന്തും അവരുടെ പ്രണയമെന്ന സ്വപ്നം സഫലീകരിച്ചു കഴിഞ്ഞിരിക്കുന്നു. ലോകത്തുള്ള ചില അൽപബുദ്ധികൾ പറയുന്ന വാക്കുകൾ അവരെ ഒരുപക്ഷേ സ്പർശിച്ചു എന്ന് തന്നെ വരില്ല. കാരണം യാഥാർഥ്യം ഏറ്റവും കൃത്യമായി മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തവരെന്ന നിലയിൽ അവർ പരസ്പരം കൈ പിടിച്ച് ഇനിയുള്ള കാലം മുന്നോട്ടു പോകും. അതിനു അവർക്ക് മറ്റാരുടെയും സഹായം ആവശ്യമില്ല. 

പ്രണയം ഒരുമിപ്പിച്ചവർക്ക് മറ്റാരുടെയും സഹതാപവും ആവശ്യമില്ല. എന്ത് ബുദ്ധിമുട്ടുകളെയും പരസ്പരം കൈപിടിച്ച് അവർ ഒന്നിച്ചു നേരിടും എന്ന് എപ്പോഴോ അവർ ഒന്നിച്ചെടുത്ത തീരുമാനമായിരിക്കും! അനന്ത് അയാളുടെ തടി കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യും. അംബാനിയുടെ കുടുംബത്തിലെ ഇളമുറയിലെ  ഒരാൾക്ക് അനാവശ്യമായി തടി കുറയ്‌ക്കേണ്ടത് എങ്ങനെയെന്ന് നന്നായി അറിയാം. പക്ഷേ, അത് അനാവശ്യമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അത് കാണുന്നവരല്ല. അത് അയാൾ മാത്രമാണ്. അതുകൊണ്ടു തന്നെ അയാളുടെ ഭാര്യയ്ക്കും മറ്റൊരാളുടെയും സഹതാപം ആവശ്യമില്ല. ആരുടേയും പരിഗണന പോലും ആവശ്യമില്ലാത്ത വിധത്തിൽ സ്വന്തം സ്വപ്നവും ജീവിതവും പടുത്തു കെട്ടിയവരാണ് അവർ ഇരുവരും. അവർ അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കും. അവരുടെ ചിത്രങ്ങൾക്ക് താഴെ സഹതാപവും പുച്ഛവും അലക്കുന്നവരെ കാണുമ്പൊൾ പൊട്ടിയ വാതിലിൽകൂടി അകത്തു നടക്കുന്നത് എന്തെന്നറിയാൻ ഒളിഞ്ഞു നോക്കുന്ന മര്യാദ കെട്ട കുബുദ്ധികളെപ്പോലെയുണ്ട്. അതിനപ്പുറം ഒന്നും അവർ അർഹിക്കുന്നില്ല.

ambani-radhika-love-sp2
Image Credit: The Quint/X
ambani-radhika-love-sp2
Image Credit: The Quint/X
English Summary:

Societal Judgment and True Love: The Story of Anant Ambani and Radhika Merchant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com