ബജറ്റിൽ വനിതകൾക്കായി മൂന്നുലക്ഷം കോടി; തൊഴിൽ പങ്കാളിത്തം വർധിപ്പിക്കാൻ വിമൻസ് ഹോസ്റ്റലുകൾ
Mail This Article
രാജ്യത്തെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്രദമായ വിവിധ പദ്ധതികൾക്കായും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായും മൂന്നുലക്ഷം കോടി രൂപ നീക്കിവച്ച് മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിലുള്ള സ്ത്രീ പങ്കാളിത്തത്തിൽ 24 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ പ്രൊഫഷനൽ രംഗത്തെ വളർച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വർക്കിങ് വിമൻസ് ഹോസ്റ്റലുകളും ക്രെഷെളും ആരംഭിക്കും. അതാത് വ്യവസായങ്ങളുമായി സഹകരിച്ച് ആയിരിക്കും ഇവ ആരംഭിക്കുന്നത്. ഇതിനുപുറമേ സ്ത്രീകൾക്കായി നൈപുണ്യ പരിശീലന പരിപാടികളും സ്ത്രീ സ്വാശ്രയ സംരംഭങ്ങൾക്ക് വിപണി പ്രവേശനത്തിനു വേണ്ട പ്രോത്സാഹനവും വിഭാവനം ചെയ്തിട്ടുണ്ട്.
എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ മേഖലയിലും ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസനം എന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല സീതാരാമൻ ബജറ്റ് സമ്മേളനത്തിൽ അറിയിച്ചു. പ്രധാനമായും കർഷകർ, യുവാക്കൾ, സ്ത്രീകൾ, നിർധനർ എന്നിവർക്കായി പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെയാണ് സാമൂഹിക നീതി ഉറപ്പാക്കുന്നത്. കരകൗശല വിദഗ്ധർ, കൈത്തൊഴിലാളികൾ, സ്വാശ്രയ സംഘങ്ങൾ, പട്ടികജാതി-പട്ടികവർഗത്തിൽ ഉൾപ്പെട്ടവർ, സ്ത്രീ സംരംഭകർ, തെരുവ് കച്ചവടക്കാർ എന്നിവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നതിനായുള്ള പദ്ധതികളെക്കുറിച്ചും നിർമ്മലാ സീതാരാമൻ പ്രതിപാദിച്ചു.
പി എം വിശ്വകർമ്മ, പി എം എസ് വി എ നിധി, എൻ ആർ എൽ എം, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. യോഗ്യരായ എല്ലാവരേയും വിദ്യാഭ്യാസം ആരോഗ്യം എന്നിവ അടക്കമുള്ളവയ്ക്കായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളുടെ ഭാഗമാക്കുകയും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ശാക്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ക്ഷേമത്തിനായും ശാക്തീകരണത്തിനുമായുള്ള ബജറ്റ് നീക്കിയിരിപ്പിൽ 218.8 ശതമാനത്തിന്റെ വർത്തനവ് ഉണ്ടായിട്ടുണ്ട്. ഇത് സ്ത്രീകൾ നയിക്കുന്ന വികസനം എന്നതിൽ നിന്ന് സ്ത്രീകളുടെ വികസനം എന്ന കാഴ്ചപ്പാടിലേക്ക് മാറാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു എന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.