ഭാഗ്യം വന്ന വഴി; ജോലിക്കിടെ തൊഴിലാളി കണ്ടെത്തിയത് 80 ലക്ഷം വിലയുള്ള വജ്രം
Mail This Article
ഭാഗ്യം എപ്പോൾ ഏതു രൂപത്തിൽ തേടിയെത്തുമെന്ന് പറയാനാകില്ല. നീണ്ട കാത്തിരിപ്പിനു ശേഷം ചിലപ്പോൾ ഒരു ഞൊടിയിടകൊണ്ട് ജീവിതമാകെ മാറ്റിമറിച്ചു കൊണ്ടായിരിക്കും ഭാഗ്യത്തിന്റെ കടന്നുവരവ്. അത്തരമൊരു അനുഭവമാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു തൊഴിലാളിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ് ഉണ്ടായത്. പതിവ് ജോലിക്കിടെ 80 ലക്ഷം വിലമതിക്കുന്ന വജ്രം അദ്ദേഹത്തിനു ലഭിക്കുകയായിരുന്നു.
ഗോത്ര വിഭാഗത്തിൽപ്പെട്ട രാജു ഗൗഡയാണ് ഈ ഭാഗ്യശാലി. വജ്ര ഖനനത്തിന് പേരുകേട്ട സ്ഥലമാണ് വടക്കൻ മധ്യപ്രദേശിലെ പിന്നോക്ക ജില്ലയായ പന്ന. ഇവിടുത്തെ ഭൂമിയിൽ 12 ലക്ഷം കാരറ്റിന്റെ വജ്ര നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തിയിരിക്കുന്നത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ എന്നെങ്കിലും വജ്രത്തിന്റെ രൂപത്തിൽ തന്നെ ഭാഗ്യം തേടിയെത്തുമെന്ന് രാജു എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാൽ ഈ ഭാഗ്യം കണ്ടെത്താൻ 10 വർഷമാണ് രാജു കഠിനാധ്വാനം ചെയ്തത്. ട്രാക്ടർ ഡ്രൈവറായ രാജു മൺസൂൺ കാലത്ത് വജ്രം കാണാനിടയുള്ള പാടങ്ങൾ പാട്ടത്തിനെടുത്ത് മണ്ണ് ഇളക്കി മറിച്ച് നിധി തേടിക്കൊണ്ടിരുന്നു. ഓരോ ദിവസവും നിരാശനായി മടങ്ങുമ്പോഴും പ്രതീക്ഷ കൈവിടാതെ വീണ്ടും അദ്ദേഹം ശ്രമം തുടർന്നു. ഒടുവിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജുവിനെ ഭാഗ്യം തുണച്ചത്.
കൃഷ്ണ കല്ല്യാൺപുർ മേഖലയിലെ പാടത്ത് കുഴിച്ചു നോക്കുന്നതിനിടെ ചില്ലു പോലെ തിളങ്ങുന്ന എന്തോ ഒന്ന് അദ്ദേഹത്തിന് ലഭിച്ചു. വജ്രമാണെന്നു കരുതി മുൻപ് പല വസ്തുക്കളും ഇതേപോലെ മണ്ണിൽ നിന്നും എടുത്തിട്ടുള്ളതിനാൽ അത് ആവർത്തിക്കപ്പെടുകയാണെന്നാണ് രാജു ആദ്യം കരുതിയത്. എന്നാൽ ഒന്നുകൂടി പരിശോധിച്ചപ്പോൾ ഇത്രയും കാലം താൻ കാത്തിരുന്ന നിധിയാണതെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. 19.22 കാരറ്റ് വജ്രമാണ് രാജുവിന് ലഭിച്ചത്.
80 ലക്ഷം രൂപയാണ് ഈ വജ്രത്തിന്റെ വിലമതിപ്പ്. വജ്രമാണെന്ന് വിദഗ്ധർ സ്ഥിരീകരിച്ചതോടെ സർക്കാർ ഉടമസ്ഥതയിലുള്ള ഡയമണ്ട് ഓഫീസിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന ലേലത്തിൽ രാജുവിന്റെ വജ്രവും ഉൾപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. നികുതികളും മറ്റ് അടവുകളും കഴിഞ്ഞശേഷമുള്ള തുക പൂർണമായും രാജുവിന് തന്നെ ലഭിക്കും. ഈ തുക കിട്ടിയ ശേഷം അത് എങ്ങനെയൊക്കെ ചിലവഴിക്കണം എന്നതിനെക്കുറിച്ചും രാജുവിന് വ്യക്തമായ ധാരണയുണ്ട്.
കടങ്ങൾ വീട്ടാനായി അഞ്ചുലക്ഷം രൂപ നീക്കി വയ്ക്കും. ഏഴു മക്കളാണ് രാജുവിനുള്ളത്. ഇവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും പണം കരുതി വയ്ക്കും. ബാക്കിവരുന്ന പണംകൊണ്ട് കൃഷി ഭൂമിയും ഒരു വീടും സ്വന്തമാക്കണമെന്നും ബിസിനസ് ആരംഭിക്കണമെന്നുമെല്ലാം അദ്ദേഹത്തിന് ആഗ്രഹമുണ്ട്. ഒരുതവണ ഭാഗ്യം തുണച്ചതോടെ അധികം സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് രാജുവും കുടുംബവും.