‘ടോക്സിക് മനുഷ്യരെ ഉപേക്ഷിക്കൂ’, ആരാധകരെ ആശങ്കയിലാക്കി പരിണീതിയുടെ വിഡിയോ
Mail This Article
ജീവിതയാത്രയ്ക്കിടയ്ക്ക് പ്രിയപ്പെട്ട പലതിനെയും നമുക്ക് ചിലപ്പോൾ ബോധപൂർവം ഉപേക്ഷിക്കേണ്ടി വരും. പ്രിയപ്പെട്ട മനുഷ്യരോ വസ്തുക്കളോ എന്തുമാകാം അത്. അത്തരത്തിലൊരു കാര്യം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. താടിക്ക് കൈകൊടുത്ത് ചിന്തയിലിരുന്ന് ബോട്ട് യാത്ര ചെയ്യുന്ന വിഡിയോയാണ് പരിണീതി ചോപ്ര പങ്കുവച്ചത്.
‘‘പ്രാധാന്യമില്ലാത്ത കാര്യങ്ങൾ അങ്ങനെ കാണണം. ഒരു നിമിഷം പോലും പാഴാക്കരുത്. സമയം ഓടിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവർക്കു വേണ്ടി ജീവിക്കുന്നത് ഒഴിവാക്കണം. ജീവിതത്തിൽ ടോക്സിക്കായ മനുഷ്യരെ ഉപേക്ഷിക്കൂ. ജീവിതം അനന്തമാണ്.’’– എന്ന കുറിപ്പോടെയാണ് പരിണീതി ചോപ്ര വിഡിയോ പങ്കുവച്ചത്.
വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ നിരവധി കമന്റുകളുമെത്തി. ‘ആരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ്’ എന്നായിരുന്നു കമന്റുകളിൽ പലരുടെയും ചോദ്യം. എന്താണ് ഈ വിഡിയോയിലൂടെ ഉദ്ദേശിക്കുന്നതെന്നു ചോദിച്ചവരും നിരവധിയാണ്. അതേസമയം നിങ്ങൾക്ക് ഞങ്ങളുണ്ട്, ഈ കാലവും കടന്നു പോകും എന്നിങ്ങനെ പരിണീതിയെ ആശ്വസിപ്പിക്കുന്ന രീതിയിലുള്ള നിരവധി കമന്റുകളും എത്തി.
2023ലായിരുന്നു പരിണീതി ചോപ്രയും രാഘവ് ഛദ്ദയും തമ്മിലുള്ള വിവാഹം. നീണ്ടകാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.