മുഖത്ത് വന്നിരുന്ന ഈച്ചയെ കൊന്നു; ചൈനക്കാരനു നഷ്ടമായത് ഒരു കണ്ണ്
Mail This Article
ജീവിതത്തിൽ പലപ്പോഴും അപകടം തേടിയെത്തുന്നത് അപ്രതീക്ഷിത വഴികളിലൂടെയായിരിക്കും. അത്തരത്തിൽ ചൈനക്കാരനായ വു എന്നയാൾ കേവലം ഒരു ഈച്ച മൂലം സ്വന്തം കണ്ണുതന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്. സാധാരണ കൊതുകുകളോ ഈച്ചകളോ ശരീരത്തിൽ വന്നിരിക്കുമ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ മുഖത്ത് വന്നിരുന്ന ഒരു ഈച്ചയെ അടിച്ചു കൊന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതമാകെ തലകീഴായി മറിച്ചത്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെൻഷെൻ എന്ന സ്ഥലത്തുനിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുഖത്തിനു ചുറ്റും ഏറെ നേരം പറന്ന് ശല്യം ചെയ്ത ഈച്ചയെ തുരത്താൻ വു എത്രയൊക്കെ ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഒടുവിൽ ഈച്ച അദ്ദേഹത്തിന്റെ മുഖത്ത് വന്ന് ഇരുന്നു. അത്രയും നേരം ശല്യപ്പെടുത്തിയതിന്റെ സകല ദേഷ്യവും തീർത്ത് അദ്ദേഹം അതിനെ അടിച്ചു കൊല്ലുകയും ചെയ്തു. ഒരു മണിക്കൂറിനു ശേഷമാണ് കാര്യങ്ങൾ കുഴപ്പത്തിലായത്. അദ്ദേഹത്തിന്റെ ഇടം കണ്ണിന് അസഹനീയമായ വേദന അനുഭവപ്പെട്ടു തുടങ്ങി. കണ്ണ് ചുവപ്പുനിറമായി മാറുകയും ചെയ്തിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ കണ്ണിനു ചുറ്റും നീര് വ്യാപിച്ചതോടെ അദ്ദേഹം വൈദ്യസഹായം തേടി. ചെങ്കണ്ണിന് സമാനമായ രോഗലക്ഷണങ്ങളായതിനാൽ അതിനുള്ള മരുന്നുകളാണ് ഡോക്ടർമാർ ആദ്യം നൽകിയത്. എന്നാൽ കൃത്യമായി മരുന്നുകൾ കഴിച്ചെങ്കിലും ഫലമുണ്ടായില്ല. കാഴ്ച നഷ്ടപ്പെടുന്നു എന്ന് തോന്നിത്തുടങ്ങിയതോടെ അദ്ദേഹം വീണ്ടും ഡോക്ടർമാരെ സമീപിച്ചു. ഇത്തവണ നടത്തിയ വിശദമായ പരിശോധനയിൽ വുവിന്റെ ഇടതു കണ്ണിൽ സാരമായ അണുബാധ ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.
കണ്ണിനുള്ളിലും ചുറ്റുമുള്ള ഭാഗങ്ങളിലും സാരമായ വ്രണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മരുന്നിനു ശമിപ്പിക്കാനാവാത്തത്ര ഗുരുതരമാണ് അവസ്ഥയെന്നും ഡോക്ടർമാർ വിധിയെഴുതി. ഇതുമാത്രമല്ല സമയം വൈകുംതോറും അണുബാധ തലച്ചോറിലേയ്ക്കും വ്യാപിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഒടുവിൽ വുവിന്റെ ജീവൻ രക്ഷിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഇടതു നേത്രഗോളം അപ്പാടെ നീക്കം ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഈച്ചയെ അടിച്ചു കൊല്ലുന്നതിനിടെ അതിന്റെ സ്രവം കണ്ണിൽ വന്നു പതിച്ചതാകാം അണുബാധയ്ക്ക് കാരണമെന്നാണ് നിഗമനം.
വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഡ്രെയ്ൻ ഈച്ചയാണ് വുവിന്റെ മുഖത്തു വന്നിരുന്നത്. ബാത്റൂമുകൾ, ബാത്ത്ടബ്, സിങ്ക്, തുടങ്ങി ഇരുണ്ടതും ഈർപ്പമുള്ളതുമായ സ്ഥലങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടുവരുന്നത്. കാഴ്ചയിൽ നിസ്സാരക്കാരാണെങ്കിലും ഇത്തരം ഈച്ചകൾ ശരീരത്തിൽ എവിടെയെങ്കിലും വന്നിരുന്നാൽ ഉടൻതന്നെ ആ ഭാഗം കഴുകി വൃത്തിയാക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അവയെ ശരീരത്തിൽ വച്ച് അടിച്ചു കൊല്ലുന്നത് അപ്രതീക്ഷ ഫലങ്ങൾ ഉണ്ടാക്കിയേക്കാമെന്നതിന് വുവിന്റെ അനുഭവം ഉദാഹരണമായി ഇവർ എടുത്തുകാട്ടുന്നു.
സംഭവം സമൂഹമാധ്യമങ്ങളിലൂടെ വാർത്തയായതോടെ അമ്പരപ്പോടെയാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. തികച്ചും ഭയാനകമായ സംഭവമാണിതെന്നും ഇത്തരം ഈച്ചകളെ പതിവായി വീടിനുള്ളിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും ഒരാൾ കുറിക്കുന്നു. ശുചിത്വത്തിന്റെ പ്രാധാന്യം എത്രത്തോളമാണെന്നതിൻ്റെ ഉദാഹരണമാണ് ഈ സംഭവമെന്നാണ് മറ്റൊരു പ്രതികരണം.