ADVERTISEMENT

യുഎസിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു ഡോ. റാണി ബാങ്. ലോകത്തെവിടെയും വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ പോകാമായിരുന്ന റാണി,പക്ഷേ ഇന്ത്യയിലെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ ഗ്രാമീണ, ആദിവാസി മേഖലയാണ് ജോലി ചെയ്യാൻ തിരഞ്ഞെടുത്തത്. അതിന് ഡോക്ടർ റാണിക്ക് ഒരു പ്രത്യേക കാരണവും ഉണ്ടായിരുന്നു.

മഹാരാഷ്ട്രയുടെ ഹൃദയഭാഗത്ത് കൃത്യമായി പറഞ്ഞാൽ ഗഡ്ചിരോളി ജില്ലയിൽ, പൊട്ടിപ്പൊളിഞ്ഞ കുടിലുകൾക്ക് മുമ്പിൽ കുറേ പാവം മനുഷ്യർ. 70 ശതമാനത്തിൽ അധികവും വനത്താൽ ചുറ്റപ്പെട്ട പ്രദേശം. അവിടെ ആർത്തവകാലത്ത് സ്ത്രീകൾ വീടുകളിൽ നിന്നും മാറ്റി പാർപ്പിക്കപ്പെട്ടു. കാടിനോട് ചേർന്നുള്ള കുർമ ഘറിലേക്ക് (പീരിയഡ് ഹട്ട്) നാടുകടത്തപ്പെടുന്ന മാദിയ സമുദായത്തിലെ സ്ത്രീകൾ. അവരായിരുന്നു ഡോക്ടർ റാണിയെ ഇവിടേക്ക് എത്തിച്ചത്.

കുർമഘറിൽ പാമ്പുകടിയേറ്റു മരിച്ച 18 വയസ്സുകാരിയുടെ കഥയാണ് ഡോ. റാണി ബാങ്ങിനെ മാറ്റ ചിന്തിപ്പിച്ചത്. നവ വധുവായിരുന്ന ആ പെൺകുട്ടിക്ക് ആന്റിവെനം ലഭ്യമായിരുന്നെങ്കിലും, ആർത്തവ സമയത്ത് അവൾക്ക് അത് നൽകാൻ ആരും തയാറായില്ല എന്ന ക്രൂരവും അങ്ങേയറ്റം പ്രാകൃതവുമായ നിലപാട് റാണിയെ അമ്പരപ്പിച്ചു. അതിനൊരു മാറ്റം വരുത്താൻ അവർ തീരുമാനിച്ചു.

കുർമഘറിൽ ഒരു സമയം മൂന്ന് മുതൽ നാല് വരെ ആർത്തവമുള്ള സ്ത്രീകൾ താമസിക്കും. അവിടെ സ്ത്രീകൾ സ്വയം പാചകം ചെയ്യണമായിരുന്നു. ചിലപ്പോൾ അവരുടെ കുടുംബാംഗങ്ങൾ അവർക്ക് ഭക്ഷണം കൊണ്ടു കൊടുക്കുമെങ്കിലും അത് കുടിലിന് പുറത്ത് ഉപേക്ഷിച്ചു പോകുകയായിരുന്നു പതിവ്. ആർത്തവകാലത്ത് സ്ത്രീകളെ തൊടാൻ പോലും പാടില്ല എന്നായിരുന്നു ഗോത്രക്കാർ വിശ്വസിച്ചിരുന്നത്. കുടിലിനുള്ളിൽ ഏറെ കഷ്ടപ്പെട്ടാണ് സ്ത്രീകൾ ആ കാലമത്രയും കഴിച്ചുകൂട്ടിയിരുന്നത്. പല്ലിയും എലിയും പുഴുവും പാമ്പുമൊക്കെയായിരുന്നു കൂട്ട്. പാഡുകൾ തീർന്നു പോയാൽ അവർ കാടിനെ ആശ്രയിക്കും. വാഴയിലയും പ്രത്യേകതരം മരത്തിന്റെ ഇലകളും ഒക്കെ പകരമായി ഉപയോഗിച്ചു. അങ്ങേയറ്റം വേദനാജനകമായ സാഹചര്യമായിരുന്നു അത്.

എന്നാൽ ഡോ. റാണിയെ ശരിക്കും അദ്ഭുതപ്പെടുത്തിയത് ഇതേ സ്ത്രീകൾ തന്നെയാണ്. കൂർമാഘറിൽ ചെലവഴിച്ച ദിവസങ്ങൾ അവർക്ക് ഇഷ്ടമാണെന്ന് അവർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഡോക്ടർ റാണി പറയുന്നു. കാരണം അത് വിശ്രമിക്കാനുള്ള അവസരമാണ്. കാടുകളിൽ പോകാനും സുഹൃത്തുക്കളുമായി വർത്തമാനം പറയാനും കൂട്ടുകൂടാനുമൊക്കെയുള്ള ചുരുക്കം ചില അവസരങ്ങളിൽ ഒന്നാണ് അതെന്നാണ് സ്ത്രീകൾ പറയുന്നത്. ചില സ്ത്രീകൾ ഈ കാരണങ്ങൾ കൊണ്ട് കൂർമഘറിനെ ഇഷ്ടപ്പെട്ടിരുന്നുവെങ്കിൽ, മറ്റുള്ളവർ പാരമ്പര്യത്തെ ധിക്കരിച്ചാൽ ദൈവകോപം ഉണ്ടാകുമെന്ന ഭയം മൂലമാണ് ഈ ദുരാചാരം പാലിച്ചത്.

ഗ്രാമവാസികളുടെ ജീവിതത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു ആചാരത്തെ പിഴുതെറിയുന്നത് എത്രത്തോളം വ്യർഥമാകുമെന്ന് നന്നായി മനസ്സിലാക്കിയ ഡോ. റാണിയും ഭർത്താവ് ഡോ. അഭയ് ബാങ്ങും പകരം അത് നവീകരിക്കാൻ തീരുമാനിച്ചു. അങ്ങനെ സ്ത്രീകൾക്ക് ആർത്തവ സമയത്ത് കുറച്ചുകൂടി സൗകര്യത്തോടെയും സുരക്ഷിതത്വത്തോടെയും തങ്ങാനുള്ള ഒരു ഇടം ഈ ഡോക്ടർ ദമ്പതികൾ തയാറാക്കി നൽകി. ജീവി മുകുൾ മാധവ് ഫൗണ്ടേഷന്റെ ഇടപെടലോടെ, ആധുനിക സൗകര്യങ്ങളോടുകൂടിയ കുർമ ഘറിന്റെ പുതിയ പതിപ്പുകൾ നിർമിച്ചു. അതോടൊപ്പം ശിശു മരണങ്ങൾ നിയന്ത്രിക്കാനും സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം നൽകാനും ഇരുവരും ശ്രമങ്ങൾ ആരംഭിച്ചു.

ഏറ്റവും ദുർബലരായ ദശലക്ഷക്കണക്കിന് നവജാതശിശുക്കളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കാൻ സഹായിച്ച കമ്മ്യൂണിറ്റി അധിഷ്‌ഠിത ആരോഗ്യ സംരക്ഷണത്തിലെ നേതൃത്വത്തിന് രാജ്യം ഇരുവരെയും പത്മശ്രീ നൽകി ആദരിച്ചു. ഇന്ന് ഡോക്ടർ റാണിയുടെയും ഭർത്താവിന്റെയും നേതൃത്വത്തിൽ സൊസൈറ്റി ഫോർ എജ്യുക്കേഷൻ, ആക്ഷൻ ആൻഡ് റിസർച്ച് ഇൻ കമ്മ്യൂണിറ്റി ഹെൽത്ത് (സെർച്ച്) സ്ഥാപിക്കുകയും ഗ്രാമപ്രദേശങ്ങളിലെ ഉയർന്ന ശിശുമരണനിരക്കും പ്രത്യുത്പാദന ആരോഗ്യവും എങ്ങനെ കൈകാര്യം ചെയ്യാമെന്ന് സമൂഹത്തിനു മുൽപിൽ തുറന്നുകാണിക്കുകയാണ് ഇവർ.

ആദിവാസി സമൂഹങ്ങൾക്കൊപ്പമുള്ള പ്രവർത്തനമായതുകൊണ്ടുതന്നെ അവരുടെ സംസ്കാരത്തെയും പൈതൃകത്തെയും മാറ്റിമറിക്കാതെ ആ ജീവിതവുമായി ഇഴചേരുന്ന സാഹചര്യങ്ങളാണ് ഡോക്ടർ റാണി ഓരോ തവണയും ഒരുക്കുന്നത്. 1993–ൽ പ്രദേശത്ത് സ്ഥാപിതമായ ബാങ്‌സ് ക്ലിനിക്ക് ഒരു സാധാരണ ആദിവാസി ഭവനത്തിന്റെ മാതൃകയിലാണ് നിർമിച്ചത്.13 ഏക്കർ പ്ലോട്ടിൽ വ്യാപിച്ചു കിടക്കുന്ന ക്ലിനിക്കിൽ എപ്പോഴും തിരക്കാണ്. ഡീ-അഡിക്ഷൻ സെന്റർ, ആദിവാസി യുവാക്കളെ പരിശീലിപ്പിക്കുന്നതിനുള്ള ഫാമിങ് പാച്ച്, സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്ന പരിപാടി എന്നിവയും ഇവിടെയുണ്ട്. ഡോക്ടർ റാണിക്ക് വേണമെങ്കിൽ ഏതെങ്കിലും വലിയ ആശുപത്രിയിൽ സേവനമനുഷ്ഠിക്കാമായിരുന്നു. വിദേശത്തെ പഠനത്തിനുശേഷം അവിടെത്തന്നെ തുടരാമായിരുന്നു. പക്ഷേ, അവർ സ്വന്തം രാജ്യത്തേക്ക് മടങ്ങാനും ദരിദ്രരിൽ ഏറ്റവും ദരിദ്രരായവർക്കും ആദിവാസി സമൂഹത്തിനും വേണ്ടി പ്രവർത്തിക്കാനും തീരുമാനിച്ചു. ഇന്ന് ഈ സുമനസ്സുകളുടെ കരുത്തിൽ ആയിരക്കണക്കിന് പിഞ്ചുജീവനുകൾ പുതുജീവിതത്തിലേക്ക് പിച്ചവച്ച് നടക്കുന്നു. അനേകം സ്ത്രീകൾ ജീവിതത്തിൽ പുതിയ മാനങ്ങൾ കണ്ടെത്തുന്നു.

English Summary:

Dr. Rani Bang's Fight for Menstrual Dignity in Tribal India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com