ADVERTISEMENT

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ, വിമൻ ഇൻ സിനിമ കലക്ടീവിന്റെ (ഡബ്ല്യുസിസി) ആവശ്യപ്രകാരം സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ 2017 ജൂലൈയിൽ സർക്കാർ നിയോഗിച്ച കമ്മിറ്റി 2019 ഡിസംബറിൽ റിപ്പോർട്ട് സമർപ്പിച്ചു. വിവിധ സമ്മർദ്ദങ്ങൾക്കു വഴങ്ങി പുറത്തുവിടാതെയിരുന്ന റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് സാംസ്കാരിക വകുപ്പ് തിങ്കളാഴ്ച അപേക്ഷകർക്കു കൈമാറിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതോടെ  സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്കാരിക കേരളത്തിന്റെ മൂല്യബോധത്തെത്തന്നെ ചോദ്യംചെയ്യുന്ന കാര്യങ്ങൾ ഈ മേഖലയിൽ നടക്കുന്നുവെന്നു റിപ്പോർട്ട് പറയുമ്പോൾ അതുണ്ടാക്കുന്ന മുഴക്കം വലുതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാലത്തിൽ ഭാഗ്യലക്ഷ്മി മനോരമ ഓൺലൈൻ ‘ഷീ ടോക്സിൽ’ പ്രതികരിക്കുന്നു

∙ സിനിമയിൽ മാത്രമല്ല സ്ത്രീ ചൂഷണം ചെയ്യപ്പെടുന്നത്
യഥാർഥത്തിൽ സിനിമയിലെ സ്ത്രീകളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കമ്മിറ്റിയാണിത്. പക്ഷേ, ആ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തേക്കു വന്നപ്പോൾ മാധ്യമങ്ങളിൽ എഴുതി വരുന്ന വാക്കുകൾ കേൾക്കുമ്പോഴാണ് ഭയവും ഒപ്പം സങ്കടവും തോന്നുന്നത്. കാരണം ഒരുപാട് നായികമാർ അവരുടെ സ്വപ്രയത്നം കൊണ്ട്  കഴിവു കൊണ്ട് മുൻപോട്ടു വന്നവരാണ്. പക്ഷേ ‘കിടന്നു കൊടുക്കാതെ’ മലയാള സിനിമയിൽ അവസരം കിട്ടില്ല എന്ന വാക്കൊക്കെ പ്രയോഗിക്കുമ്പോൾ അതു മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ഇത് ബാധിക്കുന്നത്. എനിക്ക് പറയാനുള്ളത് സ്ത്രീ എവിടെയുണ്ടോ അവിടെ ചൂഷണം ഉണ്ട്. അത് എല്ലാ തൊഴിലിടങ്ങളിലും സംഭവിക്കുന്ന ഒന്നാണ്. സിനിമയിൽ അത് കുറച്ചു കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നു എന്നുള്ളതാണ്. 

∙ നല്ല മനുഷ്യനെന്നു കരുതുന്നവരാകും നമ്പർ വൺ ഫ്രോഡ്
യഥാർഥത്തിൽ ഈ പറയുന്നതുപോലെ ഇവിടെയുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളെ ഇങ്ങനെ ദ്രോഹിക്കുന്നവരൊന്നുമല്ല. ഇവിടെ ചില ആളുകൾ ഉണ്ട്. ആ ആളുകൾ പല വിഭാഗങ്ങളിലും ഉണ്ട്. താഴേക്കിടയിലുള്ളവർ മുതൽ മുകളിലുള്ളവർ വരെ അതിന്റെ ഒരു ഭാഗമാണ്. പക്ഷേ ഞാൻ പലപ്പോഴും സിനിമയിലുള്ള സ്ത്രീകളോട് പറയുന്നത് നമ്മൾ എവിടെ ചെന്നാലും നമ്മളെ ചൂഷണം ചെയ്യാൻ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുണ്ടാവും നമുക്കു ചുറ്റും. നല്ലവരും ഉണ്ടാകാം. ചിലപ്പോൾ ഇവനും ഇങ്ങനെയാണോ എന്നു വിചാരിക്കുന്നവർ ചിലപ്പോൾ നല്ല മനുഷ്യനായിരിക്കും. അതേസമയം നല്ല മനുഷ്യനാണെന്ന് വിചാരിക്കുന്നവർ നമ്പർ വൺ ഫ്രോഡ് ആയിരിക്കും. നമ്മൾ എപ്പോഴും കെയർഫുൾ ആയിരിക്കുക എന്ന് ഞാനെപ്പോഴും പറയാറുണ്ട്.

∙ ‌സിനിമാ മേഖലയെ അടച്ചാക്ഷേപിക്കരുത്
 ആദ്യത്തെ സിനിമയിൽ ചെല്ലുമ്പോൾ ഒരു കാലഘട്ടത്തിൽ ചിലര്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർത്ത് നിന്നവരൊക്കെ ഉണ്ട്. പക്ഷേ, സ്വാഭാവികമായും അവർ ആ പടത്തിൽ നിന്ന് മാറ്റി നിർത്തപ്പെടും. കഴിവുള്ളവരാണെങ്കിൽ എന്നെങ്കിലും ഒരിക്കൽ അവർ തിരിച്ചു വരും. അന്നത്തെ കാലത്ത് പലരും കുടുംബ പ്രാരാബ്ധം മൂലം സിനിമയിലേക്ക് വന്നവരായിരുന്നു. കുടുംബത്തെ രക്ഷിക്കണം, സഹോദരങ്ങളുണ്ട് അവരെ നോക്കണം എന്നൊക്കെയുള്ള പല പല ബുദ്ധിമുട്ടുകൾ അവർക്കുണ്ടായിരുന്നു. പക്ഷേ, ഞാൻ ഹീറോയിൻ വോയിസ് ചെയ്തു തുടങ്ങിയ കാലത്ത് ശോഭന, രേവതി, കാർത്തിക, പാർവതി, ഉർവശി അതിനുശേഷം വന്ന സംയുക്ത ഇവരൊക്കെ നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അപ്പോൾ നല്ല കോൺഫിഡൻസോടു കൂടിയാണ് ഈ ഇൻഡസ്ട്രിയിലേക്കു വരുന്നത്. അവരെല്ലാം സാമ്പത്തികമായി  ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവരാണ് സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഇതിലേക്കു വന്നത്. അവരെയൊക്കെ ഈ ഒരു പ്രസ്താവനയോടു കൂടി അടച്ച് അപമാനിക്കുന്നതു പോലെ എനിക്കു തോന്നുന്നു.

∙ ഇങ്ങനെയാണ് സിനിമയെന്നു കരുതരുത്
സിനിമയിലുള്ള സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന രീതിയിലേക്കാണ് ഈ ടോപിക് പോയിക്കൊണ്ടിരിക്കുന്നത്. ഇതല്ല നമുക്ക് ആവശ്യം. ആരുടെയൊക്കെയോ ചില ദുഷ്പ്രവൃത്തികൾ കൊണ്ട് ചില പിഴവുകൾ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ചില കുട്ടികൾ വിചാരിക്കും ഇത് സിനിമയുടെ ഒരു രീതിയാണെന്ന്. ഇങ്ങനെയാണ് സിനിമ എന്നു വിചാരിച്ചായിരിക്കും. ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് നോക്കൂ നിങ്ങൾക്ക് കഴിവില്ലെങ്കിൽ നിങ്ങളിനി ആർക്കൊക്കെ വഴങ്ങിക്കൊടുത്താലും നിങ്ങൾ കേറി വരില്ല. 

dubbing-artist-bhagyalakshmi-article-image-three
ഭാഗ്യലക്ഷ്മി. ചിത്രം : ആർ. എസ്. ഗോപൻ ∙ മനോരമ

വേണ്ടെങ്കിൽ ഇറങ്ങിപ്പോകാനുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്. സിനിമ ചെയ്യുന്നത് ഒരു സംവിധായകനോ ഒരു നടനോ ഒരു നിർമാതാവോ അല്ലല്ലോ. നമ്മുടെ മുൻപിൽ എത്രയോ സംവിധായകരും നിർമാതാക്കളും ഉണ്ട്. എല്ലാവരും ഒന്നും ഇങ്ങനെ അല്ല. അങ്ങനെ ഒരു ധാരണയോടു കൂടിയാണ് സമൂഹം നോക്കിക്കാണുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ ഇതിൽകൂടി സമൂഹത്തിലേക്കു പടർത്തി വിട്ട വലിയ പോയിസൺ ഉണ്ട്. എത്ര നിർമാതാക്കളുടെ ഫാമിലിയിൽ അവരു വിചാരിക്കും ഇനി ഇങ്ങേരും ഇങ്ങനെയാണോ?എത്ര സംവിധായകരുടെ ഫാമിലി, എത്ര നടിമാരുടെ ഫാമിലിയില്‍ ഓ ഇവളൊക്കെ ഇങ്ങനെയാണല്ലേ സിനിമയിൽ കേറി വരുന്നത്. എത്ര പേരെയാണ് ഇപ്പോൾ അപമാനിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകളെ രക്ഷപ്പെടുത്താൻ അല്ലെങ്കിൽ സ്ത്രീകളെ സഹായിക്കാനെന്ന പേരിൽ ഉണ്ടാക്കിയ ഒരു കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നമുക്ക് റേറ്റിങ് വേണം വൈറൽ ആവണം അതൊക്കെ ശരിയാണ് പക്ഷേ അവിടെ ഒരുപാട് ബാധിക്കപ്പെടുന്നവരുണ്ട് എന്നു കൂടി ആലോചിക്കണം.

∙ ഇത് നായകന്മാർക്ക് ഇടപെടാവുന്ന കാലം
ഒരു നായികയെ വേണം എന്നുള്ളത് ഒരു നിർമാതാവ് അല്ലെങ്കിൽ ഒരു സംവിധായകനു മാത്രമായി തീരുമാനിക്കാൻ പറ്റില്ല. ഇന്ന് ഇന്ന ആർട്ടിസ്റ്റ് വേണം എന്നു നായകൻമാർ സജസ്റ്റ് ചെയ്യുന്നുണ്ട്. കൂടെ അഭിനയിക്കുന്ന അച്ഛൻ, അമ്മ ആരുവേണം എന്നു വേണ്ട എല്ലാത്തിലും അവരുടെ ഇടപെടലുകൾ ഉണ്ട്. ഒരു ലിസ്റ്റ് കൊടുത്തു കഴിഞ്ഞാൽ ആരെ വെട്ടണം അതൊക്കെ അവരു ചെയ്യുന്നുണ്ട്. അതവരുടെ കംഫർട്ട് ആണ്. ചില വലിയ ആർട്ടിസ്റ്റുകൾ പറയും എനിക്ക് ലളിത ചേച്ചി മതി. ചേച്ചി ആകുമ്പോൾ ഒരു സിങ്ക് വരും. അതൊരു സജഷൻ മാത്രമല്ല തീരുമാനവും ആണ്. അത് നല്ല പ്രവണതയാണോ എന്നു നമുക്ക് എങ്ങനെ പറയാൻ പറ്റും. സംവിധായകനെ സംബന്ധിച്ച് പണ്ട് പ്രേംനസീർ സർ ഉണ്ടായിരുന്നതു വരെയുള്ള സിനിമ അല്ല ഇന്ന്.

dubbing-artist-bhagyalakshmi-article-image-six
ഭാഗ്യലക്ഷ്മി. ചിത്രം : മനോരമ

നസീർ സർ ഉള്ള സമയത്ത് ഫാൻസ് ഇല്ലായിരുന്നല്ലോ. നസീർ സറിനും സത്യൻ സറിനും ഒന്നും ഫാൻസ് ഇല്ലായിരുന്നല്ലോ. സുകുമാരൻ, സോമേട്ടൻ ഇവരൊക്കെ അഭിനയിച്ചിരുന്നപ്പോൾ ഫാൻസ് ഉണ്ടോ? ഇല്ലല്ലോ. അപ്പോൾ അവരൊന്നും ഇങ്ങനെ ഇന്ന ഇന്ന ആളുകൾ വേണമെന്നു പറഞ്ഞില്ല. ഇത് പൂർണമായും ഒരു സംവിധായകന്റെ മാത്രം ക്രിയേഷനാണ് എന്ന് പ്രൊഡ്യൂസേഴ്സ് പോലും പറയാറില്ല. പ്രൊഡ്യൂസർ ആകെ പറയുന്നതെന്താ, അവരു ഭയങ്കര റെമ്യൂണറേഷൻ അല്ലേ. കുറച്ചു കൂടി ബെറ്റർ റെമ്യൂണറേഷനുള്ള ആൾക്കാരെ നോക്കിക്കൂടെ ഈ ക്യാരക്ടറിനു വേണ്ടി എന്നാകും പ്രൊഡ്യൂസർ പറയുന്നത്. എന്ന് ഈ ഫാൻസ് വന്നോ എന്ന് ഈ മാധ്യമങ്ങളെല്ലാം ഇവർക്ക് ഓരോ പേരിട്ടോ അന്നാണ് ഇതുണ്ടായത്. ഇത് സിനിമാക്കാരുടെ കുഴപ്പമല്ല. അപ്പോള്‍ എന്തു പറ്റി ഇവിടെ സംവിധായകനു സ്പേസില്ല. നിർമാതാവിനും സ്പേസില്ല. നടന്റെ മാത്രമായി സിനിമ.

പക്ഷേ, അതിനുപോലും ഇപ്പോള്‍ മാറ്റം വന്നില്ലേ. ഇപ്പോൾ ന്യൂ ജനറേഷൻ വന്നു. അവരെല്ലാവരും ഒരു കൂട്ടായിട്ടാണ് സിനിമ ചെയ്യുന്നത്. വിനീത് ശ്രീനിവാസൻ ഈയിടെ പറഞ്ഞല്ലോ ഇനി ഞാൻ എന്റെ സ്ഥിരം ഫ്രണ്ട്സിനെ എല്ലാം മാറ്റി സിനിമ ചെയ്യാൻ പോവുകയാണെന്ന്. അതുവരെ വിനീതിന് കംഫര്‍ട്ട് ആയിട്ടുള്ള ആളുകളെ വച്ചാണ് വിനീത് സിനിമ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇവർക്ക് ആർക്കും ആരോടും പണ്ടത്തെപ്പോലെ തിയേറ്റർ മാർക്കറ്റിങ് നോക്കേണ്ട കാര്യമില്ല. ഈ ന്യൂജനറേഷൻ സംവിധായകർക്ക് താരത്തിനു ഫാൻസ് ഫോളോവേഴ്സ് ഉണ്ടോ എന്നൊന്നും നോക്കേണ്ട. ഞങ്ങളുടെ പടം. ഞങ്ങൾ ഗ്രൂപ്പായിട്ട് ഒരു പടം ചെയ്യുന്നുവെന്ന രീതി. 

English Summary:

Bhagyalakshmi Speaks Out: Hema Committee Report Exposes Dark Side of Malayalam Film Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com