ADVERTISEMENT

വിമാനത്തിലിരുന്ന് ആകാശക്കാഴ്ചകൾ കണ്ട് യാത്ര ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും രസമുള്ള കാര്യങ്ങളിൽ ഒന്നായിരിക്കും നമ്മളെ സംബന്ധിച്ച് അല്ലേ. എന്നാൽ മുന്നിലുള്ള പൈലറ്റിന് അത് എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ഒരു വനിതാ പൈലറ്റിന്റെ ഒരു ദിവസത്തെ ദിനചര്യ എങ്ങനെയാണെന്നും അവരുടെ ജോലി എന്തൊക്കെയാണെന്നും കാണിച്ചു തരികയാണ് എമിറേറ്റ്‌സ് പൈലറ്റായ എമിലി തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ. എമിലിയുടെ പോസ്റ്റിനെ ‘ഗേൾ പവർ’ എന്നാണ് സോഷ്യൽ ലോകം ഇപ്പോൾ വിളിക്കുന്നത്. പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പെൺകുട്ടികൾ ഉണ്ടെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ്  ആ സ്വപ്നം കയ്യെത്തിപ്പിടിക്കുന്നത്. തന്റെ പോസ്റ്റിലൂടെ എമിലി എന്ന ഈ പൈലറ്റ് പറയുന്നതും ആ സ്വപ്നത്തെ കുറിച്ചും അതിലേക്കുള്ള അവരുടെ പ്രയാണത്തെക്കുറിച്ചുമാണ്. 

ഒരു യാത്രികൻ എന്ന നിലയിൽ കോക്ക്പിറ്റിന്റെ വാതിലിനു പിന്നിൽ എന്താണ് സംഭവിക്കുന്നത് എന്ന് വലിയ എത്തും പിടിയും ഇല്ലാത്തവരാണല്ലോ നമ്മൾ. പൈലറ്റ് വിമാനം ഓടിക്കുന്നു അവരുടെ കൈകളിൽ നമ്മുടെ ജീവനും സമയവും എല്ലാം നൽകി നമ്മൾ ഇപ്പുറത്ത് സുരക്ഷിതരായി ഇരിക്കുന്നു. അത്രയല്ലേ സാധാരണ ഒരു വിമാനയാത്രയെക്കുറിച്ച് നമുക്ക് പറയാനുള്ളൂ. എന്നാൽ ആ യാത്രയെ അങ്ങേയറ്റം സുരക്ഷിതമായി പൂർത്തിയാക്കാൻ ഒരു പൈലറ്റ് എന്തൊക്കെയാണ് ചെയ്യുന്നതെന്ന് വിവരിക്കുകയാണ് എമിലി . 

2019-ൽ ദുബായിലേക്ക് മാറിയ എമിലി, എ 380 ക്യാപ്റ്റനായി മാറി. മൂന്ന് കുട്ടികളുടെ അമ്മ മാത്രമല്ല, ഈ അഭിമാനകരമായ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ഓസ്‌ട്രേലിയൻ വനിത കൂടിയാണ്. പൈലറ്റ് ആയ എമിലിയുടെ ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നാണ് പോസ്റ്റില്‍ പറയുന്നത്. വീട്ടിൽനിന്ന് വിമാനത്താവളത്തിലേക്ക് യൂണിഫോം ധരിച്ച് തയാറായി ഇറങ്ങുന്നതോടുകൂടിയാണ് എമിലിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. മക്കളോട് യാത്ര പറഞ്ഞു അവർ നേരെ പോകുന്നത്  എമിറേറ്റ്സ് ഗ്രൂപ്പ് ആസ്ഥാനമായ തന്റെ ഓഫീസിലേക്കാണ്.

ഓഫീസിലെത്തിയാൽ ആദ്യത്തെ കർത്തവ്യം ഫ്ലൈറ്റ് പ്ലാൻ അവലോകനമാണെന്നും, കാലാവസ്ഥ, വ്യോമാതിർത്തി നിയമങ്ങള്‍ നിയന്ത്രണങ്ങള്‍, യാത്രയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എന്നിവയാണ് ഇതിൽ ചർച്ച ചെയ്യുന്നത് എന്നും എമിലി പറയുന്നു. തുടർന്ന് പൈലറ്റും സംഘവും വിമാനത്തിലേക്ക് കയറുന്നു.  എല്ലാ പരിശോധനകളും പൂർത്തിയായതായി ജീവനക്കാർ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, അടുത്ത പടി ടേക്ക്-ഓഫാണ്. 

40,000 അടി ഉയരത്തിൽ നിന്ന് "ലോകത്തിലെ ഏറ്റവും മികച്ച ഓഫീസ് കാഴ്ച" ആണ് തനിക്ക് ലഭിക്കുന്നതെന്ന സന്തോഷവും എമിലി പങ്കുവയ്ക്കുന്നുണ്ട്. ദുബായിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്ര 13 മണിക്കൂറും 40 മിനിറ്റുമാണ്. ആറ് മണിക്കൂറിനു ശേഷം, മറ്റൊരു പൈലറ്റിന് ദൗത്യം കൈമാറിയതിനുശേഷം എമിലി വിശ്രമിക്കും. യാത്രക്കാരെ പോലെ തന്നെ വിമാനത്തിനുള്ളിൽ ക്രൂവിന് റസ്റ്റ് ചെയ്യാനുള്ള ഏരിയ ഉണ്ടെന്നും അതിൽ താൻ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതും എമിലി പോസ്റ്റിൽ കാണിക്കുന്നുണ്ട്. വിശ്രമത്തിന് ശേഷം, ലാൻഡിങ് കൈകാര്യം ചെയ്യാൻ എമിലി കോക്ക്പിറ്റിലേക്ക് മടങ്ങുന്നതോടെ പോസ്റ്റ് അവസാനിക്കുകയാണ്. 

ഇത് കാണുമ്പോൾ വളരെ മനോഹരമായി തോന്നുമെങ്കിലും ഒരു യാത്രക്കാരനെന്ന നിലയിൽ, പലപ്പോഴും പൈലറ്റുമാരും ക്രൂ അംഗങ്ങളും എത്രത്തോളം തയാറെടുപ്പുകൾ നടത്തുന്നുണ്ട് എന്നത് നിങ്ങൾക്ക് ചിന്തിക്കാൻ കൂടി കഴിയുകയില്ലെന്ന് എമിലി പറയുന്നു. 12 വർഷത്തെ എക്‌സ് എമിറേറ്റ്‌സ് ക്രൂ എന്ന നിലയിൽ, കമ്പനിയിൽ വിരലിലെണ്ണാവുന്ന വനിതാ ക്യാപ്റ്റൻമാരെ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അതിൽ കുറച്ചുപേർക്കൊപ്പമെങ്കിലും വിമാനം പറത്താനുള്ള അവസരം ലഭിച്ചതിൽ എന്നും സന്തോഷവതിയാണെന്നും ഇനിയും ഒത്തിരി പെൺകുട്ടികൾ ഈ മേഖലയിലേക്കു കടന്നുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും എമിലി പറയുന്നുണ്ട്. വിമാനയാത്ര എത്രത്തോളം സുഖകരവും സുരക്ഷിതവും ആകുന്നുണ്ടോ അതിനെല്ലാം നമ്മൾ നന്ദി പറയേണ്ടത് ഇവരെപ്പോലെയുള്ള പൈലറ്റുമാർക്ക് ആണെന്നും അവരുടെ ജീവിതത്തിന്റെ ഒരു ഏട് സമൂഹത്തിന് കാണിച്ചുതന്നതിന് എമിലിയോട് നന്ദി പറയുന്നു എന്നുമാണ് പോസ്റ്റിനോട് ഭൂരിഭാഗം പേരും പ്രതികരിച്ചത്. 

English Summary:

A Day in the Life: Soaring to New Heights with Emirates A380 Captain Emily

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com